ടി.എൻ പുരസ്‌കാരത്തിന് നിർദേശിക്കപ്പെട്ട കേളത്തു അരവിന്ദാക്ഷമാരാരെക്കുറിച്ച് കെ.വി മുരളി മോഹൻ തയ്യാറാക്കിയ ലേഖനം

ടി എൻ നമ്പൂതിരി സ്മാരക പുരസ്‌കാരത്തിന് നിർദേശിക്കപ്പെട്ട കേളത്തു അരവിന്ദാക്ഷമാരാരെക്കുറിച്ച് കെ.വി മുരളി മോഹൻ തയ്യാറാക്കിയ ലേഖനം

അർഹതക്കു ഒരംഗീകാരം

ടി എൻ നമ്പൂതിരി സ്മാരക പുരസ്‌കാരം കേളത്ത്‌ അരവിന്ദാക്ഷ മാരാർക്കു നല്കാൻ തീരുമാനിച്ച വാർത്ത വായിച്ചു സന്തോഷം തോന്നി. മധ്യ കേരളത്തിലെ പൂര-ഉത്സവ-വേലകളിൽ ഒരു ആറു പതിറ്റാണ്ടെങ്കിലും നിറ സാന്നിധ്യമായി നിലകൊണ്ട( കൊള്ളുന്ന) ഉരുട്ടു ചെണ്ട കലാകാരൻ (പഞ്ചവാദ്യ തിമിലയും അദ്ദേഹത്തിന് വഴങ്ങും) അരവിന്ദാക്ഷമാരാർ ഒരു തികഞ്ഞ നിഷ്കാമ കർമയോഗി എന്ന് വിശേഷിപ്പിക്കപ്പെടുവാൻ ഏറ്റവും ഉചിതൻ തന്നെ. പ്രശസ്തിക്കോ അംഗീകാരത്തിനോ നിൽക്കാതെ തന്ടെ കർമത്തിൽ വ്യാപൃതനാകുന്നവരാണല്ലോ കർമ്മയോഗികൾ.എട്ടു വയസ്സുള്ളപ്പോൾ ( ജനനം 1942 -ഒല്ലൂർ- അച്ഛൻ: മേള കലാകാരൻ മാക്കോത്ത്‌ ശങ്കരൻകുട്ടി മാരാർ ) കന്നിപ്പറക്കു ചെണ്ട കൊട്ടി ആരംഭിച്ച കലാ ജീവിതം മേള പ്രതിഭകളുടെ മൂന്നു തലമുറകൾക്കു പിന്തുണ നൽകിക്കൊണ്ട് ( പെരുമനം നാരായണമാരാർ, മാക്കോത്തു നാണുമാരാർ തുടങ്ങിയ ആദ്യ തലമുറ, പെരുവനം അപ്പു മാരാർ, ചക്കം കുളം അപ്പു മാരാർ തുടങ്ങിയ രണ്ടാം തലമുറ, പിന്നെ ഇപ്പോഴത്തെ തലമുറ) പടർന്നു പന്തലിച്ചു നിൽക്കുന്നു. പ്രായാധിക്യം മൂലം ഒരു വർഷത്തോളമായി അദ്ദേഹം സജീവ മേള രംഗത്ത് നിന്നും വിട്ടു നിൽക്കുന്നു.

മേളത്തിലെ അമരക്കാരൻ

വള്ളം കളിയിൽ കുതിച്ചുപായുന്ന പള്ളിയോടങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ. അവയുടെ നിലവും ഗതിയും നിയന്ത്രിക്കുന്നത് പുറകിൽ ആരവങ്ങളിൽ നിന്നും മാറി നിന്ന് പ്രവർത്തിക്കുന്ന അമരക്കാരനായിരിക്കും. ഏതു സംഘത്തിനും ഈ അമരക്കാർ സമ്മതനായിരിക്കും. മേളങ്ങളുടെ കാര്യത്തിൽ ഇത്തരത്തിലുള്ള സർവ്വസമ്മതനായിട്ടുള്ള ഒരു അമരക്കാരനായി കേളത്തിനെ വിശേഷിപ്പിക്കുന്നതിൽ അതിശയോക്തി ഇല്ല. ആര് നയിക്കുന്ന മേളത്തിലും ഉത്തരവാദിത്വമുള്ള അമരക്കാരനായി കേളത്തിനെ കാണാം, തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിലും, പാറമേക്കാവു വിഭാഗത്തിലും അദ്ദേഹം മുൻ നിരക്കാരനായിരുന്നു.

പ്രമാണിയാവാത്ത പ്രമാണി

പ്രവൃത്തി പരിചയം കൊണ്ടും, കലാ പാടവം കൊണ്ടും അദ്ദേഹം എന്നേ ഒരു മേളപ്രമാണി ആയിത്തീർന്നിരിക്കുന്നു. എന്നാൽ പ്രാമാണിത്തം എന്ന പെരുമയിൽ നിന്നും അദ്ദേഹം സ്വയം മാറി നിൽക്കയാണ് പതിവ്. അതുകൊണ്ടു തന്നെ ഏതു മേളത്തിന്ടെയും ഒരു പൊതു ഘടകമായി കേളത്തിനെ കാണാം. അതുപോലെ മേളം പഠിപ്പിച്ചു ശിഷ്യ സമ്പത്തിലൂടെ പ്രശസ്തി നേടുക എന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല തന്നെ. ” ഞാൻ പഠിപ്പിക്കാൻ പോകാറില്ല. നമ്മുടെ കുട്ടികൾ സംശയം ചോദിച്ചാൽ പറഞ്ഞു കൊടുക്കും, അത്ര തന്നെ” സ്വതസിദ്ധമായ ലളിത ഭാഷയിൽ അദ്ദേഹം പറയുന്നു.

പ്രമാണി ആരായാലും…..

ഒരു പഴയ കഥയാണ്(1982 ) ഇരിങ്ങാലക്കുട ഉത്സവം നടക്കുന്നു. സാധാരണയായി മേളത്തിന് കച്ചീട്ട് വയ്ക്കുന്ന കലാകാരൻ എല്ലാ ദിവസവും പ്രമാണം വഹിക്കുക എന്നതായിരുന്നു കീഴ് വഴക്കം. ആ വര്ഷം ആദ്യമായി അക്കാലത്തെ പ്രതിഭകളെഎല്ലാം പങ്കെടുപ്പിച്ചുകൊണ്ട് മേളം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം മാറ്റിവച്ചു ഉത്സവത്തിന് സഹകരിക്കാൻ എല്ലാവരും തീരുമാനിച്ചു. ഓരോ കലാകാരനും ഒരു നേരത്തെ പ്രമാണം പെരുവനം-ചക്കംകുളം -കുമരപുരം അപ്പു ത്രയങ്ങൾ, ഈച്ചരമാർ, തൃപ്പേക്കുളം എന്നിങ്ങളെ പോകുന്നു ആ നിര. അമരക്കാരായ മഠത്തിൽ ഗോപാല മാരാർ,അനിയൻ മാരാർ, യുവ നിരയിലെ പെരുവനം കുട്ടൻ, സതീശൻ, കേളത്തു അരവിന്ദാക്ഷൻ എന്നിവർക്കും ഓരോ നേരത്തെ പ്രമാണം നൽകിയിരുന്നു. അരവിന്ദാക്ഷ മാരാരുടെ പ്രമാണത്തിലുള്ള മേളം തുടങ്ങാറായി എന്നാൽ പതികാലം കാലം ഇടുന്നതിനു മുൻപ് അവിടെയുണ്ടായിരുന്ന മുതിർന്ന ഒരു കലാകാരനെ കൂപ്പുകൈയോടെ അദ്ദേഹം കയറ്റി നിറുത്തി. ” പ്രമാണി ആരായാലെന്താ മേളം നന്നായാൽ പോരെ.” അദ്ദേഹം ചോദിച്ചു.

ടി എൻ പുരസ്കാരം അർഹതക്കുള്ള മറ്റൊരു അംഗീകാരം തന്നെ. കേരളം സംഗീത നാടക അക്കാഡമി അവാർഡ് ( 2011 തൃപ്രയാർ ക്ഷേത്രത്തിന്റെ സുവർണ മുദ്ര( 2019 എന്നിവയും അദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്. കൂടുതൽ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിക്കുമാറാകട്ടെ; ഇപ്പോൾ വേറിട്ട പ്രതിഭകളെ അംഗീകരിക്കുന്ന പദ്മ പുരസ്‌കാരം അടക്കം

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O