1976 ലാണെന്നാണോർമ. ഞാൻ തുമ്പൂർ റൂറൽ ഹൈസ്ക്കൂളിൽ ജോലി ചെയ്യുന്ന കാലം. ഇന്നസൻ്റിൻ്റെ മൂത്ത പെങ്ങളുടെ ഭർത്താവ് തണ്ടിയേക്കൽ വർഗ്ഗീസ് മാസ്റ്റർ അന്ന് അവിടെ കായികാധ്യാപകനാണ്. എക്സ് മിലിട്ടറി. ചൈന, പാക്കിസ്ഥാൻ യുദ്ധമുന്നണിയിലൊക്കെ ഉണ്ടായിരുന്ന ആളാണ്. പരമരസികൻ. അന്ന് ഇന്നച്ചൻ സിനിമകളിൽ തല കാണിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. പലതും പക്ഷെ പുറത്തുവന്നിരുന്നില്ല. അവയുടെ ഫോട്ടോകൾ വർഗ്ഗീസ് മാഷ് സ്റ്റാഫ് റൂമിൽ ഞങ്ങളെ കാണിക്കുമായിരുന്നു. അതിലൊന്ന് 1974ൽ പുറത്തിറങ്ങിയ രാമു കാര്യാട്ടിൻ്റെ നെല്ലിൽ നിന്നുള്ളതായിരുന്നു. ഇന്നച്ചൻ്റെ വലിയൊരദ്യുദയകാംക്ഷിയായിരുന്നു അദ്ദേഹം.
അന്നൊക്കെ പള്ളിപ്പെരുന്നാളുകൾക്ക് സഹാധ്യാപകർ ക്ഷണിക്കുന്ന പതിവുണ്ട്. വർഗീസ് മാഷും ഗണിതശാസ്ത്ര അധ്യാപകനായ ഡേവീസ് മാസ്റ്ററും സാമൂഹ്യ ശാസ്ത്ര അധ്യാപകനായിരുന്ന റാഫേൽ മാസ്റ്ററുമായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ. മൂവരും ഹൈസ്ക്കൂൾ കാലത്ത് എൻ്റെ അധ്യാപകരായിരുന്നു. (1976 ൽ ജോലിയിൽ പ്രവേശിക്കുമ്പോൾ എന്നെ പഠിപ്പിച്ച അധ്യാപകരായിരുന്നു അവിടെ ഏറെയും)
ഹൈന്ദവ അധ്യാപകർക്ക് ഈ ക്ഷണം സ്വീകരിക്കാൻ വലിയ സന്തോഷമാണ്. നോൺ വെജ് വിഭവങ്ങൾ കൊതി തീരുവോളം കഴിക്കാം എന്നതുകൊണ്ടാണത്. ഞങ്ങളുടെയൊക്കെ വീടുകളിൽ അന്നൊക്കെ ഏറ്റവും വലിയ നോൺ വെജ് വിഭവം മീനായിരുന്നു. വിഷു പോലുള്ള ചില ആഘോഷാവസരങ്ങളിൽ മാത്രമേ പോർക്കോ ആടോ കോഴിയോ ഉണ്ടാകൂ. ഒരു വിധമെല്ലാ ക്രിസ്ത്യൻ വീടുകളിലും എല്ലാ ആഴ്ചയും പോത്തിറച്ചി നിർബന്ധമാണ്. അയൽ വീടുകളിൽ നിന്ന് ഞായറാഴ്ചകളിൽ ഇറച്ചിവെന്ത മണമടിക്കുമ്പോൾ വായിൽ കപ്പലോടുക പതിവാണ്. അതിനാൽ അക്കാലത്ത് പെരുന്നാൾ ക്ഷണമൊന്നും വേണ്ടെന്നു വെയ്ക്കാറില്ല. എന്തു റിസ്ക്കെടുത്തും എത്ര ദൂരെയാണെങ്കിലും ചെന്നെത്തുക തന്നെ ചെയ്യും.
അങ്ങനെയാണ് അക്കൊല്ലം ഡേവീസ് മാസ്റ്ററുടെ അരിപ്പാലം പള്ളിയിലെ പെരുന്നാളിനു പോകുന്നത്. എൻ്റെയൊപ്പം ബോട്ടണി അധ്യാപകൻ ഗോപാലൻ മാഷും ഗണിതാധ്യാപകൻ ബാലകൃഷ്ണൻ മാഷും ഉണ്ടായിരുന്നു എന്നാണോർമ. ഞങ്ങൾ ഏതാണ്ടൊരേ കാലത്തായിരുന്നു ജോലിയിൽ പ്രവേശിച്ചത്.
സന്ധ്യയ്ക്ക് സൈക്കിളിലായിരുന്നു ഞങ്ങളുടെ യാത്ര. അരിപ്പാലത്തേയക്ക് പന്ത്രണ്ടുകിലോമീറ്ററുണ്ട്. വൈകാതെ തിരിച്ചു പോരേണ്ടതിനാൽ പെരുന്നാൾ വിഭവങ്ങളൊക്കെ താമസിയാതെ തന്നെ തീൻമേശമേൽ നിറഞ്ഞു. ഡേവീസ് മാസ്റ്ററുടെ വീട്ടിൽ ഞങ്ങളെ കൂടാതെ വർഗ്ഗീസ് മാസ്റ്റർ മാത്രമേ ഉണ്ടായിരുന്നുള്ളു. മാഷപ്പോൾ ഒരു പ്രഖ്യാപനം നടത്തി. തിരക്കിട്ട് പോവാണ്ടിരുന്നാൽ നിങ്ങൾക്കൊരു സിനിമാനടനെക്കാണാം. ആരാണെന്ന ഒരു ക്ലൂ പോലും മാഷ് തന്നില്ല.
അന്നുവരെയും ഒരു സിനിമാനടനെ നേരിൽ കണ്ടിട്ടില്ലാതിരുന്ന ഞങ്ങൾക്കാ വിശിഷ്ടാതിഥിയെ കാണാൻ തിടുക്കമായി. അല്പം കഴിഞ്ഞപ്പോൾ പുറത്ത് ഒരു സ്ക്കൂട്ടറിൻ്റെ ശബ്ദം കേട്ടു . വർഗ്ഗീസ് മാഷ് എഴുന്നേറ്റു പോയി വിശിഷ്ടാതിഥിയെ കൂട്ടിക്കൊണ്ടുവന്നു. ആളെ മനസ്സിലാക്കാൻ ഒട്ടും പ്രയാസമുണ്ടായില്ല. അദ്ദേഹത്തിൻ്റെ അത്രയധികം ഫോട്ടോഗ്രാഫുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. മാഷുടെ പ്രിയപ്പെട്ട അളിയൻ ഇന്നച്ചനായിരുന്നു അത്. അഭിനയിച്ച സിനിമകളൊന്നും കണ്ടില്ലെങ്കിലും ഒരു സിനിമാനടനെ ജീവനോടെ കണ്ട ചാരിതാർഥ്യം ഞങ്ങൾക്കുണ്ടായിരുന്നു.
പരസ്പരം പരിചയപ്പെട്ടതിനു ശേഷം ഇന്നച്ചൻ സിനിമാ വിശേഷങ്ങളിലേക്കിറങ്ങി. കോടാമ്പക്കത്തെ ചാൻസ് ചോദിച്ചുള്ള അലച്ചിലുകൾ, അഭിനയിച്ച സീനുകൾ മുറിച്ചുമാറ്റി തിയേറ്ററിലെത്തുന്നത് , ഇന്നച്ചനെപ്പോലുള്ളവരുടെ ദൈന്യം ഇവയൊക്കെ സഹജമായ നർമത്തിൽ പൊതിഞ്ഞ് അദ്ദേഹം തട്ടിവിട്ടു കൊണ്ടിരുന്നു. ലഹരി തലയ്ക്കടിച്ചപ്പോൾ വാചാലത മാനംമുട്ടുക തന്നെ ചെയ്തു. പഠിപ്പിച്ച അധ്യാപകരുടെ മുന്നിൽ നല്ല പിള്ള ചമയേണ്ടതിനാൽ ഞങ്ങൾ മണത്തു പോലും നോക്കിയില്ല.എന്നാൽ ആടും കോഴിയും പോർക്കും ഫിഷ് ഫ്രൈയുമെല്ലാം മത്സരിച്ച് അകത്താക്കുക തന്നെ ചെയ്തു.
സംസാരത്തിനിടെ ഞാനെൻ്റെ ഗ്രാമധ്വനി കാലത്തെക്കുറിച്ച് പറയാനിടയായി. എ.സി. റപ്പായി മാഷുടെ പത്രാധിപത്യത്തിൽ ആളൂർ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മാസികയാണത്.1970- 75കാലത്ത് മാഷുടെ സഹായിയായി പ്രവർത്തിക്കാൻ എനിക്കവസരമുണ്ടായിരുന്നു . 71 ആയപ്പോഴേക്കും എഡിറ്റിംഗ് ജോലികൾ മാഷ് എന്നെ ഏല്പിച്ചു. ഞാനന്ന് വിദ്യാർഥിയായിരുന്നു.
സത്യൻ അന്തിക്കാടുമായി സൗഹൃദമുണ്ടാകുന്നതും മൂപ്പരുടെ രചനകൾ ഗ്രാമധ്വനിയിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങുന്നതും അക്കാലത്താണ്. മാസിക അച്ചടിച്ചിരുന്നത് ആളൂർ ബി എൽ എം പ്രസ്സിലായിരുന്നു. ആളൂരിന് തൊട്ടടുത്ത വല്ലക്കുന്നിൽ ഇന്നച്ചൻ അന്ന് തീപ്പെട്ടിക്കമ്പനി നടത്തിയിരുന്നു എന്നാണോർമ. വർഗ്ഗീസ് മാഷുടെ വീട് അവിടെയായിരുന്നു.
ഇന്നച്ചൻ അക്കാലത്ത് ബി എൽ എം പ്രസ്സിൻ്റെ ഓഫീസിലെത്തി ചില രചനകൾ ഏല്പിക്കുക പതിവായിരുന്നത്രെ. ഒന്നും പക്ഷേ അച്ചടിച്ചു വന്നില്ല. “അപ്പൊ നീയായിരുന്നു ആ ദുഷ്ടൻ അല്ലേ?” ഞാൻ ഞെട്ടിപ്പോയി. ഇന്നച്ചൻ്റെ ഒരു മാറ്ററും ഞാൻ കണ്ടതായി ഓർക്കുന്നു പോലുമില്ല. ഇനി പേരുമാറി തന്നതാണോ എന്നും അറിയില്ല. തിരസ്ക്കരിക്കപ്പെട്ടവയുടെ കൂട്ടത്തിൽ അവ ഉണ്ടായിരുന്നോ എന്നും ഓർക്കാനാവാതെ ഞാൻ കുഴങ്ങി.
‘ഞാൻ പറഞ്ഞത് മാഷ് കാര്യക്കണ്ടട്ടോ. സിനിമേലെ കളി കണ്ട എനിക്ക് ഇതൊക്കെ നിസ്സാരം. സമയമായിട്ടില്ല. അത്ര തന്നെ. എല്ലാറ്റിനും വേണം ഭാഗ്യം” ഇന്നച്ചനുമായുള്ളആദ്യസമാഗമം എന്നെ അക്ഷരാർഥത്തിൽ ഉലച്ചു എന്നു തന്നെ പറയാം. അപ്പോൾ വർഗീസ് മാഷ് ഇടപെട്ടു ‘ഇവൻ ഇതിനേക്കാൾ വലിയ വെടി പൊട്ടിക്കും . നീയതൊന്നും കാര്യാക്കണ്ട. കാര്യങ്ങൾ ഉണ്ടാക്കിപ്പറയാൻ ഇവൻ കേമനാ. എൻ്റെ അളിയനെ എനിക്കറിഞ്ഞൂടെ “
അങ്ങനെ അരിപ്പാലം പെരുന്നാൾ കഴിഞ്ഞു. കല്ലേറ്റുങ്കര പെരുന്നാളിന് വർഗീസ് മാഷുടെ ക്ഷണമനുസരിച്ച് പോയപ്പോൾ ഇന്നച്ചൻ അവിടെ ആതിഥേയൻ്റ റോളിലായിരുന്നു. അങ്ങനെ ഞങ്ങളുടെ സൗഹൃദം ഗാഢമായിത്തീർന്നു.1978ൽ സർക്കാർ സർവീസിൽ പ്രവേശിക്കുന്നതുവരെ ഇങ്ങനെയുള്ള പെരുന്നാൾ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടു്. അതിനു ശേഷം വർഗീസ് മാസ്റ്ററുടെ മക്കളുടെ വിവാഹം, മാഷുടെ ഭാര്യയുടെ വിയോഗം, മാഷുടെ സപ്തതി തുടങ്ങിയ അവസരങ്ങളിലൊക്കെ ഇന്നച്ചനുമായി അടുത്തിടപഴകാൻ സാധിച്ചിട്ടുണ്ട്.
1995 ൽ എൻ്റെ സുഹൃത്തു തോമാസ് പറേക്കാരൻ നിർമിച്ച തിരുമനസ്സ് എന്ന ചലച്ചിത്രത്തിൻ്റെ ഷൂട്ടിംഗ് കാലത്താണ് പിന്നീട് ഇന്നച്ചനെ കാണുന്നത്. ആലുവ പാലസ്സായിരുന്നു പ്രധാന ലൊക്കേഷൻ.ഇന്നച്ചൻ അതിൽ മുഖ്യമായ ഒരു റോൾ കൈകാര്യം ചെയ്തിരുന്നു. (ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് പി കെ ഭരതൻ മാഷും സംവിധായകൻ അശ്വതി ഗോപിനാഥും അടുത്ത സുഹൃത്തുക്കൾ തന്നെ)
1998-2007 കാലത്ത് ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കണ്ടറിയിൽ പ്ലസ്ടു അധ്യാപകനും പ്രിൻസിപ്പലുമായിരുന്ന കാലത്ത് നിരവധി പ്രോഗ്രാമുകൾക്ക് ഇന്നച്ചൻ അവിടെ വന്നിരുന്നു. ഇരിങ്ങാലക്കുടയിലെ മിക്കവാറും എല്ലാ സ്കൂളിലും പഠിക്കാൻ കഴിഞ്ഞ ഇന്നച്ചന് പക്ഷേ ഗേൾസിൽ പഠിക്കാൻ ഭാഗ്യമുണ്ടായില്ല എന്നു് ഒരു യോഗത്തിനിടയ്ക്ക് സങ്കടത്തോടെ പറഞ്ഞത് ഓർമയുണ്ട്.
ഇന്നസൻ്റ് കഥകളുടെ തിരക്കഥാകൃത്തായ ഭരതൻ മാഷുമൊന്നിച്ച് ഒന്നു രണ്ടു വട്ടം ‘പാർപ്പിട ‘ത്തിൽ പോയതും .
എട്ടാം ക്ലാസ്സ് തോൽവി ഒരു മഹാ ബിരുദമാണെന്ന് മാലോകരോട് വിളിച്ചു പറഞ്ഞ , സഹജമായ നർമബോധം കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച ഇരിങ്ങാലക്കുടക്കാരൻ്റെ നിത്യഹരിതമായ ഓർമകൾക്കു മുമ്പിൽ പ്രണാമത്തോടെ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com