‘മിനി ദിശ – കരിയർ എക്സ്പോ 2025’ ഒക്ടോബർ 3,4 തീയതികളിൽ എസ്.എൻ.എച്ച്.എസ്.എസ് ൽ

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ്റ് കൗൺസിലിംഗ് സെൽ (CG&AC) ഹയർ സെക്കൻഡറി കുട്ടികളുടെ ഉന്നത പഠനത്തിനും അവരുടെ അഭിരുചിക്കും താല്പര്യത്തിനും ഇണങ്ങിയ തൊഴിൽ കണ്ടെത്തുന്നതിനും വേണ്ടി, സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ദിശയുടെ പ്രാരംഭഘട്ടം മിനി ദിശ എന്ന പേരിൽ എല്ലാ വിദ്യാഭ്യാസ ജില്ലയിലും നടത്തിവരുന്നുണ്ട്. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയുടെ മിനി ദിശ 2025 ഒക്ടോബർ 3,4 തീയതികളിൽ എസ് എൻ എച്ച്.എസ്.എസ് ൽ വച്ച് സംഘടിപ്പിക്കുന്നു.

മെഡിക്കൽ, ആർക്കിടെക്‌ചർ, ഡിസൈനിങ്, എൻജിനീയറിങ്, പോളിടെക്നിക്, ഐടിഐ, ഹ്രസ്വകാല കോഴ്സുകൾ, പാരാമെഡിക്കൽ ഡിഗ്രി ഡിപ്ലോമ,സയൻസ് -ഗവേഷണ സ്ഥാപനങ്ങൾ, കൊമേഴ്‌സ് – മാനേജ്‌മെന്റ് കോഴ്സുകൾ, ചാർട്ടേഡ് കോഴ്സുകൾ, ഹുമാനിറ്റീസ്, യൂണിഫോം ജോലികൾ, മത്സര പരീക്ഷകൾ, പ്ലസ്‌ടുവിന് ശേഷമുള്ള പ്രവേശന പരീക്ഷകൾ, വിദേശ പഠനം, കല- കായികം, ഭിന്നശേഷി പഠന തൊഴിൽ സാധ്യതകൾ തുടങ്ങി കരിയർ മേഖലയിലെ വിവിധ കോഴ്സുകൾ, സ്ഥാപനങ്ങൾ, തൊഴിൽ സാധ്യതകൾ എന്നിവയെ പ്രതിനിധീകരിക്കുന്ന സ്റ്റാളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവ പ്രദർശന സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെ അഭിരുചിയും കഴിവും കണ്ടെത്താനുള്ള KDAT അഭിരുചി പരീക്ഷയും കരിയർ വിദഗ്ദ്ധർ നയിക്കുന്ന കരിയർ ലോകത്തെ പുതിയ പ്രവണതകൾ, വിദേശ പഠനം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നൈപുണികൾ, സംരംഭകത്വം എന്നീ നാല് സെമിനാറുകൾ, പുതിയ കാലത്തെ വിദ്യാഭ്യാസ പ്രവണതകളെ കുറിച്ചും ആഗോള വ്യാപകമായി അനുദിനം മാറിക്കൊണ്ടിരിക്കുന്ന കരിയർ ടെൻഡുകളെ കുറിച്ചും കുട്ടികളുടെ പേപ്പർ പ്രസൻ്റേഷൻ തുടങ്ങിയവ മിനി ദിശയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ പതിനായിരത്തിലധികം വരുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കരിയർ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മിനി ദിശയുടെ ഔപചാരികമായ ഉദ്ഘാടനം 2025 ഒക്ടോബർ 3 ന് കാലത്ത് 10 മണിക്ക് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതി വകുപ്പും മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

ജനപ്രതിനിധികൾ, സാംസ്ക്കാരിക പ്രവർത്തകർ, വിദ്യാഭ്യാസ ഓഫീസർമാർ, കരിയർ വിദഗ്ദ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ വിദ്യാഭ്യാസ പ്രക്രിയയിൽ ഇടപെടുന്ന ബഹുമുഖ വ്യക്തിത്വങ്ങൾ മിനി ദിശയിൽ പങ്കെടുക്കുമെന്ന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ്റ് കൗൺസിലിംഗ് സെൽ കൺവീനർ സരിത ടി.എസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ്റ് കൗൺസിലിംഗ് സെൽ ജില്ലാ കോഡിനേറ്റർ പ്രകാശ് ബാബു പിസി, കരിയർ സ്റ്റേറ്റ് ഫാക്കൽറ്റി ബൈജു ആന്റണി , കരിയർ ഗൈഡ് മനോജ് വി, എസ് എൻ എച്ച്.എസ്.എസ് പ്രിൻസിപ്പൽസിൻലാ സിജി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page