മാപ്രാണം- നന്തിക്കര റോഡ് നാടിന് സമർപ്പിച്ചു

മാപ്രാണം : ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാതല പാതയായ മാപ്രാണം- നന്തിക്കര റോഡ് നാടിന് സമർപ്പിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

നാടിന്റെ മുഖച്ഛായ മാറുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മാപ്രാണം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ശിലാഫലക അനാച്ഛാദനം മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രി ഡോ. ബിന്ദു അധ്യക്ഷ പ്രസംഗത്തിൽ വിശദമാക്കി. കെ കെ രാമചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി.

ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് 16.63 കോടി രൂപ ചെലവഴിച്ച് നബാർഡ് ട്രാഞ്ചേ 28ൽ ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണം പൂർത്തീകരിച്ചത്. മാപ്രാണം മുതൽ നന്തിക്കര വരെയുള്ള 5.50 മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് ഏഴു മീറ്റർ മുതൽ ഒമ്പത് മീറ്റർ വരെ വീതി കൂട്ടുകയും ആവശ്യമായ സ്ഥലങ്ങളിൽ ഉയർത്തിയുമാണ് അത്യാധുനിക രീതിയിൽ ബി എം ആൻഡ് ബി സി നിലവാരത്തിൽ പുനർനിർമ്മിച്ചിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, തൃശൂർ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി രാകേഷ്, ഇരിങ്ങാലക്കുട നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി പി റാബിയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page