ആർ.എൽ.വി രാമകൃഷ്ണൻ പ്രിയ അനുജൻ; വംശവർണ്ണ വെറിയ്ക്ക് കാലം മറുപടി നൽകും: മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : സർഗ്ഗധനനായ കലാപ്രതിഭ ആർ എൽ വി രാമകൃഷ്ണനെതിരെ ഉയർന്ന നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണ് ആർ എൽ വി രാമകൃഷ്ണൻ. ജാതീയവിവേചനത്തിന്റെയും വംശ-വർണ്ണവെറിയുടെയും ജീർണ്ണാവശിഷ്ടങ്ങളാണ് നിന്ദാവാക്കുകൾ പറഞ്ഞ വനിത ഉള്ളിൽ പേറുന്നതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

മോഹിനിയാട്ടമെന്ന കലാരൂപത്തെ കാലഹരണപ്പെട്ട ഫ്യൂഡൽ മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽ നിന്ന് വിമോചിപ്പിച്ച കലാകാരനാണ് രാമകൃഷ്ണൻ. ഫ്യൂഡൽ പ്രഭുക്കൾക്ക് ഉപഭോഗവസ്തുവായി സ്ത്രീശരീരത്തെ കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാരമുദ്രകളിൽ നിന്ന് മഹത്തായ കലയെ മുക്തമാക്കി, കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹം – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ആർ എൽ വിയിൽ നിന്ന് മോഹിനിയാട്ടത്തിൽ ഉന്നതപഠനം ആരംഭിച്ച് ഡിപ്ലോമയും പി ജി ഡിപ്ലോമയും കഴിഞ്ഞ് എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം എ മോഹിനിയാട്ടം ഒന്നാം റാങ്കിൽ പാസാവുകയും കലാമണ്ഡലത്തിൽ നിന്ന് എംഫിൽ, പി.എച്ച്.ഡി ബിരുദങ്ങൾ നേടുകയും പെർഫോമിംഗ് ആർട്സിൽ നെറ്റ് കരസ്ഥമാക്കുകയും ചെയ്ത കലാകാരനെയാണ് അധിക്ഷേപിച്ചിരിക്കുന്നത്. തന്റെ പ്രിയ അനുജനാണ് ആർ.എൽ.വി രാമകൃഷ്ണനെന്നും മോഹിനിയാട്ടത്തിന്റെ വഴികളിൽ അദ്ദേഹം എഴുതിച്ചേർത്തത് പുതുചരിത്രമാണെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ഒരു കലാരൂപവും ജാതി, മത, ലിംഗ, ദേശ പരിഗണനകളുടെ പരിമിതവൃത്തങ്ങളുടെ സങ്കുചിത ഇടങ്ങളിൽ ഒതുക്കപ്പെടരുത്. കലയെ സ്നേഹിക്കുകയും ഉപാസിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും അതിൽ അവകാശമുണ്ട്. പഴകി ജീർണ്ണിച്ച ഫ്യൂഡൽ മേലാള മനോഭാവത്തിന്റെയും ജാതിബോധത്തിന്റെയും വർണ്ണവിവേചനത്തിൻ്റെയും അഴുകിയ അവശിഷ്ടങ്ങൾ ഉള്ളിൽ പേറുന്നവർക്ക് കാലം മറുപടി കൊടുക്കുക തന്നെ ചെയ്യും – മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി.

മോഹിനിയാട്ടത്തിൽ മറ്റാരേക്കാളും തലപ്പൊക്കം ആർ.എൽ.വി രാമകൃഷ്ണനാണ് അവകാശപ്പെടാൻ കഴിയുകയെന്നും അദ്ദേഹത്തെ ഞങ്ങൾ ചേർത്തു പിടിക്കുമെന്നും കലാകാരനൊപ്പമുള്ള മന്ത്രി വി ശിവൻകുട്ടിയും താനുമടക്കമുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page