ഇരിങ്ങാലക്കുട : ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഇരിങ്ങാലക്കുടയിൽ നൂറുമേനി വിജയം കൈവരിച്ച വിദ്യാലയങ്ങളെയും എ പ്ലസ് നേട്ടം കൊയ്ത വിദ്യാർത്ഥി പ്രതിഭകളെയും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിയുടെ നിയോജകമണ്ഡലം തല പുരസ്ക്കാരം ‘ആദരം 2024’ ഒരുക്കി നാടൊരുമിച്ച് ആദരിച്ചു. ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനംചെയ്തു. ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായിരുന്നു.
ചടങ്ങിൽ 1170 വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ നിയോജകമണ്ഡലംതല പുരസ്കാര സമർപ്പണം മന്ത്രി ഡോ. ബിന്ദു നിർവ്വഹിച്ചു. വിദ്യാർത്ഥിപ്രതിഭകളും ചരിത്രംകുറിച്ച വിദ്യാലയങ്ങളും
പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നതിന് മുനിസിപ്പൽ ടൗൺഹാളിൽ തിങ്ങിനിറഞ്ഞ വേദി സാക്ഷിയായി.
പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ ഡോ. ടി എൻ രാമചന്ദ്രൻ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയ യോന ബൈജു എന്നിവർക്ക് പ്രത്യേകം ആദരം അർപ്പിച്ചു.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പ്രതിഭാപുരസ്കാരം സമർപ്പിച്ചത്. നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും പ്ലസ് ടുവിന് മൂന്നു സ്ട്രീമുകളിലും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച വിദ്യാലയത്തെയും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയം കൈവരിച്ചതിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയത്തെയും ഇതോടൊപ്പം പ്രത്യേക പുരസ്ക്കാരം നൽകി ആദരിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ, തദ്ദേശസ്വയംഭരണ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സംബന്ധിച്ചു.
പൊതുവിദ്യാഭ്യാസ വളർച്ചയിൽ ഇരിങ്ങാലക്കുട കൈവരിക്കുന്ന കുതിപ്പിനെ അടയാളപ്പെടുത്തുന്ന ‘ആദരം’ പരിപാടി മൂന്നാംവർഷവും വൻവിജയമായത് അഭിമാനകരമാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്തെ സമൂല മാറ്റങ്ങൾ ബിരുദതലത്തിൽ ആരംഭിക്കുന്ന വിദ്യാഭ്യാസവർഷത്തിലേക്ക് ഇത്രയധികം ജേതാക്കളെ ഒരുമിച്ചാദരിച്ച് സ്വാഗതം ചെയ്ത് ഇരിങ്ങാലക്കുട മുന്നേ നടക്കുകയാണെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com