ഇരിങ്ങാലക്കുട : കേരള മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ജലപരിശോധനയ്ക്കുള്ള ലൈസൻസ് സെന്റ് ജോസഫ്സ് കോളേജിലെ ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിനു ലഭിച്ചു. കുടിവെള്ളം പരിശോധിക്കുവാൻ മാത്രമല്ല, അതിലടങ്ങിയ ഹാനികരമായ ബാക്ടീരിയകളെ കണ്ടെത്താൻ കൂടിയും ഇവിടത്തെ പരിശോധനയ്ക്കു കഴിയും.
പല വിധ പരിശോധനകളടങ്ങിയ 21 പാരാമീറ്ററുകളടങ്ങിയതാണ് ഈ ലൈസൻസ്. ഇരിങ്ങാലക്കുടയിൽ മറ്റൊരു സ്ഥാപനത്തിനും അതില്ല എന്നത് കലാലയത്തിന്‍റെ ശ്രദ്ധേയമായ നേട്ടമാണ്.
പൊലൂഷൻ കൺട്രോൾ ബോർഡിന്‍റെ അംഗീകാരത്തോടെ ജല പരിശോധന നടത്തുന്ന ഇരിങ്ങാലക്കുടയിലെ ഏക സ്ഥാപനമാണ് ഇവിടെ. പൊതുജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9:30 ക്കും 11 മണിക്ക് ഇടയിൽ പരിശോധനയ്ക്കായി ഇവിടെ വെള്ളം കൊണ്ടുവരാം. അന്നു രാവിലെ എടുത്ത വെള്ളമായിരിക്കണം വൃത്തിയുള്ള കുപ്പിയിൽ 500 മില്ലി വെള്ളമാണ് കൊണ്ടുവരേണ്ടത്. പരിശോധന ഫലം അടുത്ത ദിവസം തന്നെ ലഭിക്കും. ഈ പരിശോധന ഫലം ഔദ്യോഗിക രേഖയായി ഉപയോഗിക്കുകയും ചെയ്യാം എന്നുള്ളതാണ് പ്രത്യേകത
കുടിവെള്ളത്തിന്‍റെ പരിശോധന തികച്ചും ശാസ്ത്രീയമായി നടപ്പിലാക്കുന്നതോടൊപ്പം ഇതു ശുദ്ധീകരിക്കാനുള്ള നടപടികൾ നിർദ്ദേശിക്കുവാനും ഇവിടെ നടക്കുന്ന പരിശോധന കൊണ്ട് കഴിയും. കൂടാതെ ഹോട്ടലുകൾ, മറ്റു പൊതുഭക്ഷണ നിർമ്മാണ, വിതരണ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കും ഇവിടെ ശുദ്ധജലത്തിനുള്ള നിയമാനുസൃത സർട്ടിഫിക്കേഷൻ ലഭിക്കും.
അതുമൂലം സെപ്റ്റിക് ടാങ്കിൽ നിന്നും ലീക്കേജുകൾ, മറ്റു മലിനീകരണ സ്രോതസുകൾ തുടങ്ങിയവ വളരെ പെട്ടെന്നു തന്നെ കണ്ടെത്തി നടപടികൾ സ്വീകരിക്കാനാവുമെന്നതാണ് ഈ പരിശോധനയുടെ സവിശേഷത. ഇ കോളി, ടൈഫോയ്ഡ്, കോളറ തുടങ്ങിയ ജൈവികമായ രോഗാണുസാദ്ധ്യതകൾ കൂടാതെ, ഭൗതികവും രാസപരവുമായ പഠനം വഴി രോഗവാഹകരായ ബാക്ടീരിയകളുടെ സാന്നിദ്ധ്യവും അളവും കണ്ടെത്താനും തടയുവാനും ഈ ടെസ്റ്റ് റിസൽട്ടു കൊണ്ടു സാധിക്കും.
ജലത്തിന്‍റെ ശുദ്ധതയ്ക്കൊപ്പം, മലിനമാകാനുള്ള സാദ്ധ്യതകൾ കൂടിയും ഈ പരിശോധനയുടെ ഭാഗമായി നടത്താനാവും. ഇത്തരം സംവിധാനം ലഭിക്കുന്ന ഇരിങ്ങാലക്കുടയിലെ ഏക കലാലയവും സെന്റ് ജോസഫ്‌സാണ്. കലാലയത്തിന്‍റെ വൈസ് പ്രിൻസിപ്പലും റിസർച്ച് ഡീനുമായ ഡോ സി ഫ്ലവററ്റിന്റെ നേതൃത്വത്തിലാണ് അംഗീകാരത്തിനു വേണ്ട നടപടികൾ പൂർത്തിയാക്കിയത്.
ബയോ ടെക്നോളജി മാത്രമല്ല, മൈക്രോ ബയോളജിയിൽ കൂടിയും അത്യാധുനിക സജ്ജീകരണങ്ങളടങ്ങിയ ലബോറട്ടറി ഇവിടെ ഉള്ളതിനാൽ സമൂഹത്തിനുപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ബയോടെക്നോളജി വിഭാഗം അദ്ധ്യക്ഷൻ ഡോ നൈജിൽ ജോർജ് പറഞ്ഞു.
സർക്കാർ അംഗീകാരം ലഭിച്ചതോടെ പൊതുജനങ്ങൾക്കായുള്ള ഈ സേവനം എത്രയും വേഗം വിപുലപ്പെടുത്തുമെന്ന് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അറിയിച്ചു. എയ്ഡഡ് വിഭാഗത്തിൽ ബയോടെക്നോളജി കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഏക കലാലയവും സെന്റ് ജോസഫ്സാണ്. കഴിഞ്ഞ പ്രളയകാലത്തും ഇവിടെ പ്രാഥമിക തലത്തിൽ ജലപരിശോധനകളും ശുചീകരണത്തിനുള്ള നിർദ്ദേശങ്ങളും ഇവർ നൽകിയിട്ടുണ്ട്. കാമ്പസിനകത്ത് സ്ഥിതിചെയ്യുന്ന ജലശുദ്ധീകരണ പ്ലാന്റിനും ഇവർ നേതൃത്വം നൽകുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com