തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ 2024-25 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ അവതരിപ്പിച്ചു. 115,86,82,307 രൂപ വരവും 113,94,17,900 രൂപ ചെലവും 1,92,64,407 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
നിരാശ്രയരും ആലംബഹീനർക്കും തലചായ്ക്കാൻ ഒരിടം നൽകുന്ന ലൈഫ് ഭവന നിർമ്മാണ പദ്ധതിക്ക് സർവ്വവിധ പിന്തുണയും ബജറ്റ് നൽകുന്നു. രണ്ടായിരത്തിലധികം ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിന് വിഹിതം നൽകുന്നതിനായി 20 കോടി രൂപ ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തിന്റെ സർവ്വതല ഉന്നമനത്തിനായി 30 കോടി രൂപ ബജറ്റിൽ വകയിരുത്തി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണത്തിന് വിഹിതം നൽകുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
2025 അവസാനത്തോടെ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഭവനം ആവശ്യമുള്ള എല്ലാവർക്കും ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ ഭവനം ഉറപ്പുവരുത്തുന്നതിനും ജില്ലാ പഞ്ചായത്ത് ലൈഫ് പദ്ധതികൾക്കായി തുക വകയിരുത്തിയിട്ടുണ്ട്.
തൃശ്ശൂർ പൂരത്തിന് ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കാൻസർ വിമുക്ത തൃശ്ശൂർ എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കി വരുന്ന ക്യാൻ – തൃശ്ശൂർ പദ്ധതിക്കായി 50 ലക്ഷം രൂപ ഉൾപ്പെടെ ആരോഗ്യ മേഖലയ്ക്ക് 2 കോടി രൂപ നീക്കിവെച്ചു. ജില്ലാ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ വിജ്ഞാൻ സാഗറിൻ്റെ പ്രവർത്തനങ്ങളും വിപുലീകരിക്കും.
റോഡുകളുടെ നിർമ്മാണത്തിന് നാലു കോടി രൂപയും പരിപാലനത്തിന് 20 കോടി രൂപയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 1.75 കോടി രൂപയും ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കായി സുശാന്തം പദ്ധതി പ്രാവർത്തികമാക്കും. വയോജനങ്ങൾക്ക് ഹോം സ്റ്റേ സൗകര്യം ഒരുക്കും. വയോജന ക്ഷേമ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്തുകളെ സഹായിക്കുന്നതിന് ഉതകുന്ന ഗ്രാമാന്തരങ്ങളിൽ വയോജന ക്ലബ്ബുകൾ രൂപീകരിക്കുന്നതിനും ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നതിനും ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയായി മാറ്റുന്നതിന് ബജറ്റിൽ 50 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളും വനം വകുപ്പുമായി കൈകോർത്ത് വന്യ മിത്ര പദ്ധതി നടപ്പാക്കും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് 1.50 കോടി രൂപ വകയിരുത്തി. ഭരണചെലവ് പരാമാവധി ലഘൂകരിച്ച് കൂടുതൽ തുക വികസന പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കുന്ന രീതിയിലാണ് ബജറ്റ് ആസൂത്രണം ചെയ്തത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് ഷിബു സ്വാഗതം പറഞ്ഞു. ബജറ്റ് ചർച്ചയിൽ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.