വരവീണ സ്കൂൾ ഓഫ് മ്യൂസിക് പത്താം വാർഷികം മെയ് 16,17 തീയതികളിൽ

ഇരിങ്ങാലക്കുട : വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിച്ചുവരുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഇരിങ്ങാലക്കുടയുടെ പത്താം വാർഷികം മെയ് 16,17 തീയതികളിൽ വിവിധ പരിപാടികളോടെ ക്രൈസ്റ്റ് കോളേജ് ഐ.കെ.എസ് സെല്ലിന്റെ സഹകരണത്തോടെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ആഘോഷിക്കും.


വിവിധ സംഗീത പഠന മാതൃക കാഴ്ചവച്ചുകൊണ്ടും കർണാടക സംഗീതത്തിലെ പ്രഗൽഭരായ വ്യക്തികളുടെ സംഗീത കച്ചേരികളും ശില്പശാലകളും ചേമ്പർ കോൺസെർട് സംഘടിപ്പിച്ച് കൊണ്ടും ഓൺലൈൻ രംഗത്തും നിരവധി ക്ലാസുകളും വ്യത്യസ്തമായ അധ്യാപന രീതികൾ അവലംബിച്ച് ഇരുന്നൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനമായി വരവീണ ഇന്ന് മാറിയിരിക്കുകയാണ്.

ഇന്ത്യയുടെ പുരാതനവും സമ്പന്നവുമായ അറിവുകളെയും പാരമ്പര്യങ്ങളെയും ആധുനിക വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും സമന്വയിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം എഐസിടിഇ (AICTE) വഴി രൂപീകരിച്ച ഒരു പ്രത്യേക സെല്ലാണ് ഇന്ത്യൻ നോളജ് സിസ്റ്റംസ് (IKS) സെൽ. ക്രൈസ്റ്റ് കോളേജിൽ, ഐ.കെ.എസ് സെല്ലിന്റെ നേതൃത്വത്തിൽ ഔപചാരിക വിദ്യാഭ്യാസത്തിനുള്ളിൽ തദ്ദേശീയമായ അറിവിനെ പുനരുജ്ജീവിപ്പിക്കുക എന്ന കാഴ്ചപ്പാടുമായി അക്കാദമിക് ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയും അതിനു പറ്റിയ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് വരവീണയുമായി സഹകരിച്ച് ഈ പരിപാടി നടത്തുന്നത്.

വരവീണയുടെ പത്താം വാർഷികത്തിൽ 125 കുട്ടികളോളം സംഗീത വാദ്യ രംഗത്ത് അരങ്ങേറുകയാണ്. കൂടാതെ പ്രഗൽഭരായ സംഗീതജ്ഞരുടെ കച്ചേരികളും രണ്ട് ദിവസത്തെ വാർഷികാഘോഷ പരിപാടിയിൽ ഉൾക്കൊളിച്ചിട്ടുണ്ട്.

മെയ് 16 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡോ. കെ എൻ ചേർത്തല രംഗനാഥ ശർമയുടെ സംഗീത കച്ചേരി ഉണ്ടാകും. വയലിൻ ആലംകോട് ഗോകുൽ, പ്രശസ്ത മൃദംഗ വിദ്വാൻ മണ്ണാർഗുടി ഈശ്വരൻ, ഘടം വെള്ളാട്ടഞ്ഞൂർ ശ്രീജിത്ത് എന്നിവർ അകമ്പടിയേകും.

മെയ് 17 ഞായറാഴ്ച രാവിലെ മുതൽ സംഗീത വിദ്യാർത്ഥികളുടെ അരങ്ങേറ്റവും പരിപാടികളും ഉണ്ടാകും. വൈകിട്ട് ആറു മണിക്ക് സഹാന എസ് വി (മൈസൂർ) നയിക്കുന്ന വീണക്കച്ചേരി. മൃദംഗം പാലക്കാട് കെഎസ് മഹേഷ് കുമാർ, ഘടം വാഴപ്പള്ളി കൃഷ്ണകുമാർ. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി വരുന്നതായി വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ശ്രീവിദ്യ വർമ്മ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page