ഇരിങ്ങാലക്കുട : ശ്രീ. കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളിലായി നടന്നുവന്നിരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടം സമാപിച്ചു.
സുഭദ്രാധനഞ്ജയം നാടകത്തിന്റെ കർത്താവായ കുലശേഖരവർമ്മന്റെ കൂടിയാട്ടത്തിനുളള സംഭാവനയാണ് നിർവ്വഹണവും, പുരുഷാർത്ഥക്കൂത്തും എന്ന് പറയപ്പെടുന്നു. ഈ രണ്ട് സങ്കേതങ്ങളും യഥാവിധി ഉൾപ്പെടുത്തിയാണ് പന്ത്രണ്ട് ദിവസങ്ങളിലായി കൂടിയാട്ടം അരങ്ങേറിയത്. ഇതിനുമുമ്പ് 2012ലാണ് ഇവിടെ ഇതേ കൂടിയാട്ടം സമ്പൂർണ്ണമായി അരങ്ങേറിയിട്ടുളളത്.
രാക്ഷസനിൽ നിന്ന് രക്ഷിച്ച കന്യകയുടെ ഗാത്രികയിൽ തന്റെ പത്തു പേരുകൾ എഴുതിവച്ചതുകണ്ട് അർജ്ജുനൻ സുഭദ്രയ്ക്കും തന്നോട് അനുരാഗമുണ്ടെന്ന് മനസ്സിലാക്കുന്നു. ശ്രീകൃഷ്ണന്റെ അനുവാദത്തോടും സഹായംകൊണ്ടും തനിയ്ക്ക് സുഭദ്രയെ വിവാഹം ചെയ്യാൻ സാധിയ്ക്കുമെന്ന് ഉറപ്പിച്ച് അർജ്ജുനൻ സന്യാസിവേഷം സ്വീകരിച്ച് കൗണ്ഡിന്യനോടുകൂടി ദ്വാരകയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നു. തുടർന്ന് നമ്പ്യാർ മുടിയക്കിത്ത കൊട്ടി ചാക്യാർ ത്രേതാഗ്നിസമർപ്പണം ചെയ്യുന്നതോടെ കൂടിയാട്ടം സമാപിയ്ക്കുന്നു.
ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ മഠം ഗുരു കുട്ടൻ ചാക്യാർ കൗണ്ഡിന്യനായും, ഡോ.രജനീഷ് ചാക്യാർ അർജ്ജുനനായും രംഗത്ത് വന്നു.
പി.കെ.ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, ഇന്ദിര നങ്ങ്യാർ, രാധ നങ്ങ്യാർ, ദേവി നങ്ങ്യാർ, അജയൻ മാരാർ യഥാക്രമം മിഴാവിലും, താളം, ഇടയ്ക്കയിലും , കലാമണ്ഡലം സതീശൻ ചുട്ടിയിലും പങ്കുകൊണ്ടു.
കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ഭരണസമിതി അംഗം അഡ്വ കെ ജി അജയകുമാർ എന്നിവർ കലാകാരൻമാരെ ആദരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive