ഇന്ന് മലപ്പുറം എന്ന് പറയാൻ പാടില്ലെന്ന് പറയുന്നവർ നാളെ മലപ്പുറത്തേക്ക് കടക്കാൻ പാടില്ലെന്ന് പറയുന്ന അവസ്ഥയുണ്ടാകുമെന്ന് വത്സൻ തില്ലങ്കേരി

ഇരിങ്ങാലക്കുട : ഇന്ന് മലപ്പുറം എന്ന് പറയാൻ പാടില്ലെന്ന് പറയുന്നവർ നാളെ മലപ്പുറത്തേക്ക് കടക്കാൻ പാടില്ലെന്ന് പറയുന്ന അവസ്ഥയുണ്ടാകുമെന്നും ഇസ്ലാമിക പ്രീണനത്തിന് മലപ്പുറം ജില്ല രൂപീകരിച്ചു നൽകിയ ഇടതുപക്ഷത്തിന് ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാകണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ഖണ്ഡ് വിജയദശമി ഉത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടാണ് ദേശീയവാദികളുടെ ഒട്ടേറെ എതിർപ്പുകൾ പരിഗണിക്കാതെ മലപ്പുറം ജില്ല രൂപീകരിച്ചത്. മുസ്ലിം പ്രീണന നയത്തിന്റെ ഭാഗമായിരുന്നു അന്ന് ജില്ലാ രൂപീകരണത്തിലേക്ക് ഇടതുപക്ഷം പോയത്. എന്നാൽ ഇന്ന് ഇടതുപക്ഷ മുഖ്യമന്ത്രിക്ക് മലപ്പുറം എന്ന പേര് പറയാനുള്ള അവകാശം പോലും ഇല്ലെന്നാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ പറയുന്നത്. കപട മതേതരത്വം പറഞ്ഞു നടക്കുന്ന ഇടതുപക്ഷം ഇനിയെങ്കിലും സത്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് ജാതീയമായ അയിത്തം നിലനിന്നിരുന്നുവെങ്കിൽ ഇന്ന് രാഷ്ട്രീയ അയിത്തമാണ് നിലനിൽക്കുന്നത്. ആർ എസ് എസിനെ തൊട്ടുകൂട എന്ന് പറയുന്നവർ അയിത്തത്തിന്റെ മനോഭാവത്തിൽ നിന്ന് പുറത്തു കടന്നിട്ടില്ലെന്നും ആർ എസ് എസിനെ തൊട്ടാൽ തൊടുന്നവർ ആർ എസ് എസ് ആകുമെന്ന ഭയമാണ് അകന്നു നിൽക്കാൻ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

വേദ ഗണിതത്തിൽ അന്താരാഷ്ട്ര പുരസ്കാര ജേതാവായ ടി. എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഖണ്ഡ് സംഘചാലക് പി കെ പ്രതാപവർമ രാജ പങ്കെടുത്തു. ഖണ്ഡ് കാര്യവാഹ് പി. വി സനീഷ് സ്വാഗതവും ഖണ്ഡ് ബൗദ്ധിക് പ്രമുഖ് പി.ഇ രാഹുൽ നന്ദിയും പറഞ്ഞു. ഗാന്ധിഗ്രാമിൽ നിന്ന് ആരംഭിച്ച പഥസഞ്ചലനം ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് വഴി അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page