തിരനോട്ടം ഒരുക്കുന്ന ‘അരങ്ങ്’ ആഗസ്റ്റ് 10ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട : തിരനോട്ടം ഒരുക്കുന്ന ‘അരങ്ങ് 2025’ ആഗസ്റ്റ് 10 ഞായറാഴ്ച ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുന്നു. കോട്ടയ്ക്കൽ പി എസ് വി നാട്യസംഘത്തിന്റെ കീചകവധം (സമ്പൂർണ്ണം) കഥകളിയുടെ സമ്പൂർണ്ണാവതരണം ഉണ്ടായിരിക്കും. നടപ്പിലുള്ള അവതരണരീതികളിൽനിന്നും വ്യത്യസ്തമായി, ഇരയമ്മൻതമ്പി രചിച്ച ‘കീചകവധം’ ആട്ടക്കഥ സമ്പൂർണ്ണമായി അവതരിപ്പിക്കുന്നുവെന്ന അത്യപൂർവ്വമായ പ്രത്യേകതകൂടിയുണ്ട്.

ഒരുകൂട്ടം പ്രവാസികളുടെ ഒത്തൊരുമയിൽ കേരളീയ രംഗകലകളുടെ പ്രചരണവും, ഉന്നമനവും ലക്ഷ്യമിട്ട് ദുബായിലും കേരളത്തിലുമായി കഴിഞ്ഞ പതിനെട്ടുവർഷമായി പ്രവർത്തിച്ചുവരുന്ന കലാസംഘടനയാണ് ‘തിരനോട്ടം’.

ഉള്ളടക്കത്തിന്റെ ഗൗരവത്തിലും, സമീപനത്തിലും, വൈവിദ്ധ്യപൂർണ്ണമായ അവതരണങ്ങളെക്കൊണ്ട് കലാരംഗത്ത് പുതിയ ഭാവുകത്വമുണർത്തിയ ‘തിരനോട്ടം’ ഒരുക്കുന്ന ‘അരങ്ങു’കൾ ആസ്വാദക-നിരൂപക പ്രശംസ ഒരേപോലെ പിടിച്ചുപറ്റിയിട്ടുണ്ട്. കലാവതരണങ്ങളിൽ മാത്രമല്ല, കലാകാരന്മാരെ ആദരിക്കുന്നതിലും, പ്രോത്സാഹിപ്പിക്കുന്നതിലും, സഹായങ്ങൾ നല്കുന്നതിലും തിരനോട്ടം ശ്രദ്ധപുലർത്തിവരുന്നു എന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന് വാർത്ത സമ്മേളനത്തിൽ സംഘടകർ അറിയിച്ചു.

ആഗസ്റ്റ് 10ന് രാവിലെ 9.30ന് ആരംഭിക്കുന്ന ‘അരങ്ങി’ൽ ‘ഗുരുദക്ഷിണ’ യെത്തുടർന്ന് കോട്ടക്കൽ പി എസ് വി നാട്യസംഘം അവതരിപ്പിക്കുന്ന ‘കീചകവധം’ കഥകളിയുടെ സമ്പൂർണ്ണാവതരണം ഉണ്ടായിരിക്കും.

കോട്ടക്കൽ പി എസ് വി നാട്യസംഘത്തിലെ നാല്പതോളം കലാകാരന്മാർ ചൊല്ലിയാടിയുറപ്പിച്ച് അവതരിപ്പിക്കുന്ന, എട്ടുമണിക്കൂറിലധികം നീണ്ടുനില്ക്കുന്ന ഈ ബൃഹത് അവതരണത്തിൽ നായകകഥാപാത്രമായ കീചകവേഷത്തിന് ഡോക്ടർ സദനം കൃഷ്ണൻകുട്ടി പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നുണ്ട്.

ജീവിതത്തിലുടനീളം സർഗ്ഗാത്മകതനിറഞ്ഞ കലാസപര്യ പിൻതുടർന്ന മുതിർന്ന ആചാര്യന്മാർക്കുള്ള “ദക്ഷിണ” ഇത്തവണ കഥകളി നാട്യാചാര്യൻ കലാമണ്ഡലം കെ ജി വാസുദേവൻ, അണിയറശില്പി കോട്ടയ്ക്കൽ കുഞ്ഞിരാമൻ എന്നീ മഹാപ്രതിഭകൾക്ക് നല്കി ആദരിക്കുന്നു. കോട്ടയ്ക്കൽ കുഞ്ഞിരാമന് നല്കുന്ന ദക്ഷിണ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി യുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ്.

വാർത്ത സമ്മേളനത്തിൽ കഥകളി ക്ലബ്ബ് പ്രതിനിധികളായി പ്രസിഡണ്ട് രമേശൻ നമ്പീശൻ, സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ, ട്രഷറർ ടി എൻ കൃഷ്ണദാസ് തിരനോട്ടം പ്രതിനിധികളായി പി എസ് രാമസ്വാമി, ശശികുമാർ തോട്ടുപുറം, തിരനോട്ടം കോ-ഓർഡിനേറ്റർ അനിയൻ മംഗലശ്ശേരി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page