ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട നിലവിലെ എംഎൽഎയും മന്ത്രിയുമായ ഡോ. ആർ ബിന്ദു തന്നെ മത്സരിക്കും.
തൃശ്ശൂർ ജില്ലയിൽ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളെ സ്ഥാനാർത്ഥികൾ
കുന്നംകുളം – എ.സി. മൊയ്തീൻ, ചേലക്കര – യു.ആർ. പ്രദീപ്, മണലൂർ – പ്രൊഫ: സി. രവീന്ദ്രനാഥ്, ഗുരുവായൂർ – എൻ.കെ. അക്ബർ, പുതുക്കാട് – കെ.കെ. രാമചന്ദ്രൻ, ഇരിങ്ങാലക്കുട – ഡോ. ആർ. ബിന്ദു, വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി.
സി പി ഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിറകെ ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ആർ ബിന്ദു റോഡ് ഷോ നടത്തി. പൂതംകുളം മൈതാനിയിൽ നിന്ന് ആരംഭിച്ച് കുട്ടംകുളം പരിസരത്ത് സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
എൽഡിഎഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട്, പി മണി, ടി കെ സുധീഷ്, വി എ മനോജ് കുമാർ, എൻ കെ ഉദയപ്രകാശ്, ടി കെ വർഗീസ്, അഡ്വ കെആർ വിജയ എന്നിവർ നേതൃത്വം നൽകി.. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിലെ ആദ്യ പ്രചരണ പരിപാടിയായി ഇത് മാറി.
ഡോ. ആർ ബിന്ദു : ഇരിങ്ങാലക്കുട മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭാംഗം. രണ്ടാം പിണറായി സർക്കാരിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി. നാലുവർഷ ബിരുദ പരിപാടിയുൾപ്പെടെ ചരിത്രപ്രധാനമായ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ നടപടികൾക്കും, രാജ്യത്തെ ആദ്യ വയോജന കമ്മീഷൻ രൂപീകരിച്ചതടക്കമുള്ള സാമൂഹ്യനീതി മേഖലയിലെ പരിഷ്കരണങ്ങൾക്കും നേതൃത്വം നൽകിയ ജനപ്രതിനിധി.
എൻ രാധാകൃഷ്ണന്റെയും കെ കെ ശാന്തകുമാരിയുടെയും മകളായി 1967 മെയ് 31നു കൊടുങ്ങല്ലൂരിൽ ജനിച്ചു. കേരള വർമ്മ കോളേജ് ഇംഗ്ലീഷ് വകുപ്പ് മേധാവിയും വൈസ് പ്രിൻസിപ്പാളുമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന കവി, എഴുത്തുകാരി.
വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനരംഗത്തു വന്നു. പതിനെട്ടു വയസ്സിൽ വിദ്യാർത്ഥിപ്രതിനിധിയായും, പിന്നീട് അധ്യാപികയായിരിക്കെയും കാലിക്കറ്റ് സർവ്വകലാശാലാ സിണ്ടിക്കേറ്റിൽ അംഗം. കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റിലും അക്കാദമിക് കൗൺസിലിലും അംഗമായിരുന്നു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലും ജവഹർലാൽനെഹ്റു സർവ്വകലാശാലയിലും കാലിക്കറ്റ് സർവ്വകലാശാലാ ക്യാമ്പസിലും പഠന-ഗവേഷണങ്ങൾ. ഇംഗ്ലീഷ് സാഹിത്യത്തിൽ മൂന്നാം റാങ്കോടെ എംഎയും, തുടർന്ന് എംഫിലും (Marxist Literary Criticism and Semiotics: An Inquiry into Meaning and Ideology) പിഎച്ച്ഡിയും ((Destabilizing Patriarchal Discursive Practices: Subversion and Revision in Angela Carter’s Fiction).
രണ്ടുതവണ തൃശൂർ കോർപ്പറേഷൻ കൗൺസിലർ, തൃശൂർ കോർപ്പറേഷനിലെ ആദ്യ വനിതാ മേയർ. ആദ്യ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ അഡ്വൈസറി ബോർഡ് അംഗം. കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി അംഗമായിരുന്നു. ദേശീയ സാക്ഷരതാമിഷൻ സംസ്ഥാന റിസോഴ്സ് സെന്റർ അംഗമായും പ്രവർത്തിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര നിർവാഹകസമിതി അംഗവും എകെപിസിടിഎ മുൻ സംസ്ഥാന പ്രവർത്തകസമിതി അംഗവുമാണ്. സിപിഐഎം കേരള സംസ്ഥാന കമ്മിറ്റി അംഗം.
വായനയും സിനിമയും നാടകവും ഇഷ്ടവിനോദങ്ങൾ. പത്തുവർഷം ഭരതനാട്യവും, കലാനിലയം രാഘവന്റെ ശിഷ്യയായി പതിമൂന്നുവർഷം കഥകളിയും പരിശീലിച്ചു. ടാൻസാനിയയും സ്വിറ്റ്സർലാൻഡും ഇംഗ്ലണ്ടും സന്ദർശിച്ചിട്ടുണ്ട്. മുൻ രാജ്യസഭാംഗവും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവനാണ് ജീവിതപങ്കാളി. മകൻ ഹരികൃഷ്ണൻ അഭിഭാഷകനാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

