ആചാര്യസ്മൃതിയുണർത്തി ‘ഗോപിനാഥം 2026’

ഇരിങ്ങാലക്കുട : പ്രശസ്ത കഥകളി കലാകാരൻ കലാനിലയം ഗോപിനാഥന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശിഷ്യരും ഇരിങ്ങാലക്കുട കഥകളി ക്ലബ്ബും ചേർന്ന് നടത്തുന്ന അനുസ്‌മരണ പരിപാടിയായ ‘ഗോപിനാഥം’ മുനിസിപ്പൽ ടൗൺഹാളിൽ നടന്നു. യശശ്ശരീരനായ ഗോപിനാഥന്റെ ഗുരുപത്നി സരസ്വതിയമ്മയുടെ നിര്യാണത്തിൽ പ്രണാമമർപ്പിച്ചുകൊണ്ട്, ചടങ്ങിന് മുന്നോടിയായി അനിയൻ മംഗലശ്ശേരി പരേതയെ അനുസ്മരിച്ച് സംസാരിച്ചു.



വൈകിട്ട് 4-ന് നടന്ന അനുസ്മരണ സമ്മേളനം തോമസ് ഉണ്ണിയാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സെക്രട്ടറി സതീഷ് വിമലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി. ജാക്സൺ വിശിഷ്ടസാന്നിധ്യമായി.



തുടര്‍ന്ന് എം. മുരളീധരൻ മാസ്റ്റർ, ടി.വി. ചാർളി, സി. വിനോദ് കൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിൽ കലാനിലയം ഗോപിനാഥന്റെ സ്മരണാർഥം കുടുംബം ഏർപ്പെടുത്തിയ ‘ഗോപിനാഥം പുരസ്കാരം’ യുവകഥകളി നടൻ കലാമണ്ഡലം ആശിർവാദ് രാധാകൃഷ്ണന് ഡോ. സദനം കൃഷ്ണൻകുട്ടി സമ്മാനിച്ചു.



ഗോപിനാഥം അനുസ്മരണ സമിതി ഏർപ്പെടുത്തിയ ‘ഗോപിനാഥം സ്മൃതി പുരസ്കാരം’ കലാനിലയം സൂരജ് സുബ്രഹ്മണ്യന് കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ സമ്മാനിച്ചു. കലാനിലയം ഗോപിനാഥന്റെ പത്നി കലാമണ്ഡലം പ്രഷീജ യോഗത്തിൽ സന്നിഹിതരായി സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പുതുമുഖ സിനിമാനായിക വൈഗ സജീവിനെ ചടങ്ങിൽ ആദരിച്ചു. ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശൻ നമ്പീശൻ സ്വാഗതവും ആശംസിച്ച് പ്രദീപ് രാജ പാറക്കടവ് നന്ദിയും പ്രകാശിപ്പിച്ചു.

You cannot copy content of this page