ഗാർഹിക പീഡനങ്ങൾക്കെതിരെ സ്ത്രീകൾക്ക് ശബ്ദമുയർത്താം; ‘SPEAK UP’ പദ്ധതിക്ക് തൃശ്ശൂർ റൂറൽ ജില്ലയിൽ തുടക്കമായി

ഇരിങ്ങാലക്കുട : ഗാർഹിക പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിവരുന്ന ‘SPEAK UP’ പദ്ധതിയുടെ തൃശ്ശൂർ റൂറൽ ജില്ലാതല ഉദ്ഘാടനവും ഏകദിന സെമിനാറും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.

ഇരിങ്ങാലക്കുട എം.എൽ.എ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജി എം.കെ. സ്വാഗതവും വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിബിഷ കെ.പി. ആശംസയും പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സൗമ്യ ഇ.യു. നന്ദി പറഞ്ഞു.

കുടുംബങ്ങളിലും ഗാർഹിക സാഹചര്യങ്ങളിലും സ്ത്രീകൾ നേരിടുന്ന ശാരീരികം, മാനസികം, വൈകാരികം, ലൈംഗികം, സാമ്പത്തികം തുടങ്ങിയ വിവിധ തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്താൻ സ്ത്രീകളെ പ്രാപ്തരാക്കുക, ഇത്തരം അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപരമായ മാർഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ലഭ്യമായ സംരക്ഷണവും സഹായസേവനങ്ങളും പരിചയപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസുകളിൽ തൃശ്ശൂർ വനിതാ ശിശുവികസന ഓഫീസർ മീര പി., മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയിലെ അഡ്വ. പ്രിയങ്ക രാജു എന്നിവർ ക്ലാസുകൾ നയിച്ചു. ഗാർഹിക പീഡനങ്ങൾ തിരിച്ചറിയുന്നതിനും ഇരകൾക്ക് ആവശ്യമായ നിയമപരിരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമുള്ള മാർഗങ്ങൾ ക്ലാസുകളിൽ വിശദീകരിച്ചു.

തൃശ്ശൂർ റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വിമൻ സേഫ്റ്റി ഓഫീസർമാർ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, അയൽക്കൂട്ടം, കുടുംബശ്രീ ഭാരവാഹികളും അംഗങ്ങളും, പോലീസ് ഉദ്യോഗസ്ഥർ, ക്രൈസ്റ്റ് കോളേജിലെ അധ്യാപകർ, പി.ജി. വിദ്യാർത്ഥികൾ എന്നിവർ സെമിനാറിലും പരിശീലന പരിപാടിയിലും പങ്കെടുത്തു.

You cannot copy content of this page