താമരവളയം റഗുലേറ്റർ നിർമ്മാണത്തിന് 90 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട : ഏറെ കാലത്തെ കർഷകരുടെ ആവശ്യം പരിഗണിച്ച് ഇരിങ്ങാലക്കുട നഗരസഭയിൽ സ്ഥിതി ചെയ്യുന്ന താമരവളയത്ത് താൽക്കാലിക ബണ്ടിന് പകരം റഗുലേറ്റർ നിർമ്മാണത്തിന് 90 ലക്ഷം രൂപ ജലവിഭവ വകുപ്പ് അനുവദിച്ചതിയി തോമസ് ഉണ്ണിയാടൻ എം എൽ എ അറിയിച്ചു.

കോൾപാടത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് താമരവളയം. ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളം എത്തുന്ന കുറുമാലി പുഴയിലെ മാഞ്ഞാംകുഴി റഗുലേറ്റർ കം ബ്രിഡ്ജ് കോൾ പാടങ്ങളിലേക്കുള്ള ജലസേചനത്തിന്റെ ഒരു പ്രധാന നിയന്ത്രണ കേന്ദ്രമായി ആയി നിലക്കൊള്ളുന്നു. മാഞ്ഞാംകുഴി റഗുലേറ്റർ കം ബ്രിഡ്‌ജിൽ നിന്നും വെള്ളം താഴേക്ക് ഇറങ്ങുന്ന കരുവന്നൂർ പുഴയുടെ കൈവഴിയായ 30 മീറ്റർ വീതിയുള്ള താമരവളയം തോടിൽ സ്ഥിതി ചെയ്യുന്ന താമരവളയം തടയണ അടച്ചാൽ മാത്രമേ കോൾ നിലങ്ങളിലേക്ക് ആവശ്യമായ ജലം ഏനാമാക്കൽ, ഇടിയൻ ചിറ റെഗുലേറ്റർ വരെയുള്ള മുല്ലശ്ശേരി കനാലിൽ എത്തിക്കുവാൻ സാധിക്കുകയുള്ളൂ.

അല്ലാത്തപക്ഷം ചിമ്മിനി ഡാമിൽ നിന്നെത്തുന്ന ജലം താമരവളയത്തിനു താഴെയുള്ള കോൾ നിലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാക്കുകയും അവിടെ നിന്ന് കടലിലേക്ക് ഒഴുകി പോവുകയും ചെയ്യുന്നു. ഇല്ലിക്കൽ റെഗുലേറ്ററിൽ നിന്നും എട്ടുമന വഴിയുള്ള ജലവിതരണത്തിനു വെള്ളം ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു.


താമരവളയം സ്ലൂയിസിൽ എല്ലാവർഷവും മണ്ണിട്ട് താൽക്കാലിക ബണ്ട് നിർമ്മിക്കുകയാണ് പതിവ്. ഇത് വൻ ചെലവ് വരുന്നതാണ്. മാത്രമല്ല ഇടക്ക് ബണ്ട് പൊട്ടിക്കേണ്ട അവസ്ഥ വന്നാൽ വെള്ളം മുഴുവൻ നഷ്ടപ്പെടുകയും ചെയ്യും. നിലവിൽ താമര വലയം സ്ലൂയിസ് താൽക്കാലിക ബണ്ട് നിർമ്മിക്കാൻ സാധിക്കാത്തവിധം ശോചനീയവസ്ഥയിലാണ്. കർഷകരുടെ ആവശ്യം പരിഗണിച്ചാണ് താത്കാലിക ബണ്ടിന് പകരം എഫ് ആർ പി ഉപയോഗിച്ചുള്ള സ്ഥിര ഷട്ടർ സംവിധാനം ഒരുക്കുന്നതെന്നും സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.

താമരവളയം ബണ്ട് തോമസ് ഉണ്ണിയാടൻ എം എൽ എ സന്ദർശിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമരാജൻ, സ്ഥിരം സമിതി അധ്യക്ഷരായ ടി.എ. പോൾ, റോണി പോൾ മാവേലി, കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, പി.വി. വിനിൽ, ഇറിഗേഷൻ തൃശൂർ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.എസ്. അശ്വതി, ഏനമാക്കൽ സെക്ഷൻ അസി. എൻജിനീയർ സി.ബി. ബൈജു, പി.കെ.ഭാസി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page