പൂജ ചെയ്തു ദോഷം മാറ്റാമെന്നു പറഞ്ഞു സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ

മാള : മാള മങ്കിടിയിൽ ഒറ്റക്കു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി ദേഷങ്ങളുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ആറേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കൊടകര മരത്തംപള്ളിപ്പാടത്ത് താമസിക്കുന്ന കക്കാട്ടിൽ വീട്ടിൽ ഉണ്ണിയെ (57 വയസ്സ്) ആണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.കെ. ഷൈജു, ഇൻസ്പെക്ടർ സജിൻ ശശി എന്നിവർ അറസ്റ്റു ചെയ്തത്.


ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ഒരു കൈ നോട്ടക്കാരൻ മങ്കിടിയിൽ താമസിക്കുന്ന ചിറവട്ടായി ഓമനയുടെ വീട്ടിലെത്തിയത്. ദോഷങ്ങളുണ്ടെന്നു ലക്ഷണങ്ങൾ പറഞ്ഞ ഇയാൾ പിന്നീട് തന്ത്രത്തിൽ ഓമനയുടെ വിഷമങ്ങൾ ചോദിച്ചറിഞ്ഞു. ഒരു പിടി മഞ്ഞൾ പൊടിയും പറമ്പിൽ നിന്നു മണ്ണും എടുത്തു വരാൻ പറഞ്ഞ ഇയാൾ അതിലേക്ക് കുറച്ചു വെള്ളവും ഒഴിച്ച് കൈകൾ കൂപ്പി എന്തോ മന്ത്രങ്ങളും ചൊല്ലി.


ഇവിടെ ദോഷങ്ങൾ ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പൂജ ചെയ്തു ദോഷം മാറ്റാമെന്നും അതിന് ദേഹത്ത് ആഭരണങ്ങൾ പാടില്ലെന്നു പറഞ്ഞ് സ്വർണ്ണമാലയും വളകകൾ, മോതിരങ്ങൾ ഊരിവയ്പിച്ചു.. ആഭരണങ്ങൾ ചോറ്റാനിക്കരയിൽ പൂജിക്കണമെന്നു പറഞ്ഞ് പൊതിഞ്ഞെടുത്ത കൈനോട്ടക്കാരൻ വൈകിട്ട് തിരിച്ചെത്താമെന്നു പറഞ്ഞ് കടന്നു കളയുകയായിരുന്നു.


സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി പരിസരവാസികളോട് ചോദിച്ചറിഞ്ഞു. സമീപത്തെപറമ്പിലൂടെ ഒരാൾ റോഡിലെത്തിയതായും അതു വഴി വന്ന സ്കൂട്ടർ കെകാണിച്ചു നിറുത്തി കയറിപ്പോവുകയും ഇടയ്ക്ക് സ്കൂട്ടറിൽ നിന്ന് ഇറങ്ങി ബസുകൾ മാറി മാറിക്കയറി പോയതായും കണ്ടെത്തി. തുടർന്ന് പ്രതിയുടേതെന്നു സംശയിക്കുന്ന ചിത്രങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളൻ വലയിലായത്.


ഇയാളെ കണ്ടു പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥർ നൽകിയ സൂചന കാര്യങ്ങൾ എളുപ്പമാക്കി. ഇരിങ്ങാലക്കുട ഡിവൈ എസ്.പി. ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ മാള ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ.മാരായ സി.കെ.സുരേഷ്, പി.ജയകൃഷ്ണൻ , എ.എസ്.ഐ. നജീബ് ബാവ, ഷൈൻ,സീനിയർ സി.പി.ഒ മാരായ സൂരജ്.വി.ദേവ്, മിഥുൻ കൃഷ്ണ,ഇ.എസ്.ജീവൻ , കെ.എസ്. ഉമേഷ്, സോണി സേവ്യർ , സ്പഷ്യൽ ബ്രാഞ്ച് എസ്.ഐ. ഹബീബ്, സീനിയർ സി.പി. ഒ എം.മനോജ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.


കൈനോട്ടക്കാരന്റെ മുൻപിൽ കൈ നോക്കാനെന്ന വ്യാജേനയെത്തിയാണ് പോലീസ് പ്രതിയെ കുടുക്കിയത്. പോലീസാണെന്നറിയാതെ ദക്ഷിണ വാങ്ങി ലക്ഷണങ്ങൾ പറഞ്ഞ് ഇയാൾ വാചാലനായി. കൈ നോക്കുന്നതിനിടെ പോലീസുകാർ തന്ത്രത്തിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു..


കൈനോട്ടവും മുഖലക്ഷണവും തത്തയെ കൊണ്ട് ചീട്ട് എടുപ്പിച്ച് ലക്ഷണം പറയുന്നതാണ് ഇയാളുടെ തൊഴിൽ . ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്ന് വർഷങ്ങൾക്കു മുൻപ് കേരളത്തിലെത്തി കൈ നോട്ടവും പക്ഷി ശാസ്ത്രവുമായി കൊടകരയിൽ താമസമാക്കിയതാണ് ഇയാളുടെ കുടുംബം. തട്ടിയെടുത്ത സ്വർണ്ണാഭരണങ്ങൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണാഭരണങ്ങൾ എല്ലാം തന്നെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവയെല്ലാം തന്റേതെന്നു ഓമന തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page