തെക്കേനട റോഡിൽ ബൈക്കിലെത്തി 6 പവൻ മാല മോഷ്ടിച്ച കേസ്സിൽ ഒന്നാം പ്രതി പാലാ സ്വദേശി അഭിലാഷ് അറസ്റ്റിൽ, മോഷണ മുതൽ കണ്ടെടുത്തു – കേസ്സിലെ രണ്ടാം പ്രതി അങ്കമാലി സ്വദേശി കിഷോർ മുൻപ് പിടിയിലായിരുന്നു

ഇരിങ്ങാലക്കുട : ബൈക്കികലത്തി മാല പൊട്ടിച്ച കേസ്സിലെ ഒന്നാം പ്രതി പാലാ സ്വദേശി അഭിലാഷിനെയാണ് (52) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട എസ്.ഐ. എം.അജാസുദ്ദീർ അറസ്റ്റു ചെയ്തത്. ഈ കേസ്സിലെ രണ്ടാം പ്രതി അങ്കമാലി മറ്റൂർ സ്വദേശി വാഴേലിപറമ്പിൽ വീട്ടിൽ കിഷോർ (40 വയസ്സ്) മുൻപ് പിടിയിലായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി ഇരുപതാം തിയ്യതി രാവിലെ പതിനൊന്നുമണി യോടെയായിരുന്നു കേസ്സിനാസ്പദമായ സംഭവം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് തെക്കുവശം താമസിക്കുന്ന മാരാത്ത് കലവാണി വീട്ടിൽ ഗീതയുടെ (57 ) 6 പവൻ സ്വർണ്ണ മാലയാണ് ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. വീട്ടിൽ നിന്ന് ഉണ്ണായിവാരിയർ സ്മാരക നിലയം റോഡിലൂടെ അമ്പലത്തിലേക്ക് അയൽവാസിയായ സ്ത്രീയോടൊപ്പം നടന്നു പോകുമ്പോഴാണ് സംഭവം.

ഈ സമയം അതുവഴി ബൈക്കിൽ വന്ന കിഷോറും അഭിലാഷും സ്ത്രീകളെ കണ്ടതോടെ കുറച്ചു ദൂരം മുന്നോട്ടു പോയി തിരിച്ചെത്തി മാല പൊട്ടിച്ചെടുത്തു കടക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘത്തിന് അന്നു രാത്രി തന്നെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു.

ജനുവരി പത്തൊൻപതാം തിയ്യതി അങ്കമാലിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവർ മാല പൊട്ടിക്കാൻ ഇറങ്ങിയത്. ഇരിലക്കുട ഗുരുവായൂർ ഭാഗത്ത് കറങ്ങിയ ശേഷം ഇരുപതാം തിയ്യതി രാവിലെ ഇരിങ്ങാലക്കുടയിൽ ചുറ്റിക്കറങ്ങുന്നതിനിടെയാണ് മാല മോഷണം നടത്തിയത്



സംഭവശേഷം രാത്രി അങ്കമാലിയിൽ തിരിച്ചെത്തിയ കിഷോറും അഭിലാഷും പോലീസ് തങ്ങളെ തേടി എത്തുമോ എന്നറിയാൻ ഏറെ നേരം ടൗണിൽ തന്നെ കഴിച്ചു കൂട്ടി. അർദ്ധരാത്രിയോടെയാണ് കിഷോറിൻ്റെ വീട്ടിലെത്തിയത്. പിറ്റേന്ന് തന്ത്രപൂർവ്വം സ്വർണ്ണ മാല വിൽപ്പന നടത്തി കിട്ടിയ പണം ഇരുവരും പങ്കിട്ടെടുത്ത് പിരിയുകയായിരുന്നു.

ഇതിനിടെ രണ്ടു ദിവസത്തിനുള്ളിൽ ബൈക്ക് മോഷ്ടിച്ച കേസ്സിൽ കിഷോർ അകമാലി പോലീസിൻ്റെ പിടിയിലായി. കിഷോറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും അഭിലാഷിനെ പഴിചാരുകയായിരുന്നു. കിഷോർ പിടിയിലായതറിഞ്ഞതോടെ നാടുവിട്ട അഭിലാഷിനെ തേടി ഒളിവിൽ പോയ സ്ഥലങ്ങളിൽ പോലീസ് സംഘം അന്വേഷിച്ചെത്തിയിരുന്നു.പോലീസ് പിടിക്കുമെന്നു ഭയന്ന ഇയാൾ പഴനി, മധുര, ട്രിച്ചി ഇവടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. നിരവധി ക്രിമിനൽ, മോഷണ കേസ്സുകളിൽ പ്രതികളാണ് കിഷോറും അഭിലാഷും.

തൻ്റെ താലിമാല മോഷ്ടാക്കൾ കൊണ്ടുപോയതോടെ വളരെ വിഷമത്തിലായിരുന്നു ഗീത. എന്നും തൻ്റെ മാല കിട്ടുമോ എന്നു പോലീസുകാരോട് വിളിച്ചു ചോദിക്കാറുള്ള ഇവർ ഹൃദയാഘാതത്തെ തുർന്ന് മരണപ്പെടുകയും ചെയ്തു. ഈ ദുഃഖവാർത്തയറിഞ്ഞ് പോലീസുകാരും മനോവിഷമത്തിലായിരുന്നു. എങ്ങിനെയും നഷ്ടപ്പെട്ട സ്വർണ്ണമെങ്കിലും പ്രതികളിൽ നിന്ന് കണ്ടെത്തി കൊടുക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അന്വേഷണ സംഘം.



ഇതിനിടെ എറണാകുളത്തെത്തിയ അഭിലാഷിനെ കഴിഞ്ഞയാഴ്ച തൃപ്പൂണിത്തുറയിൽ നിന്ന് ഒരു മൊബൈൽ ഫോൺ മോഷ്ടിച്ച കേസ്സിൽ ഹിൽപാലസ് പോലീസ് അറസ്റ്റു ചെയ്തു. ഈ കേസ്സിൽ ജയിലിലായിരുന്ന ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ ഇരിങ്ങാലക്കുടയിലെ മാല മോഷണക്കേസ്സിലും കുറ്റസമ്മതം നടത്തുകയായിരുന്നു.

മോഷണം പോയ സ്വർണ്ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ആദ്യം വിസമ്മതിച്ച ഇയാൾ അന്വേഷണ സംഘത്തിൻ്റെ ഏറെ നേരത്തെ വിശദമായ ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ തുറന്നു പറഞ്ഞത്. രണ്ടാം പ്രതി കിഷോറിൻ്റെ നേതൃത്വത്തിലായിരുന്നു സ്വർണ്ണം മഞ്ഞപ്രയിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയത്. വീടു പണിക്കെന്ന ആവശ്യം പറഞ്ഞാണ് മോഷണമുതൽ വിൽപ്പന നടത്തിയത്. കാലടി സ്റ്റേഷനിൽ പത്തും അങ്കമാലിയിൽ ആറും കേസ്സ് അടക്കം ഇരിങ്ങാലക്കുട, തടിയിട്ടപറമ്പ്, പെരുമ്പാവൂർ സ്റ്റേഷനുകളിലായി ഇരുപതോളം കേസ്സുകളിൽ കിഷോർ പ്രതിയാണ്.മതിലകം,അന്തിക്കാട്, കായംകുളം,കൂത്തുപറമ്പ്, എളവംതിട്ട, മണ്ണഞ്ചേരി, അങ്കമാലി, മുളംതുരുത്തി, കാലടി, ഒറ്റപ്പാലം, ആലപ്പുഴ നോർത്ത്, മരാരിക്കുളം, അരൂർ, കതിരൂർ, തലശ്ശേരി, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളിൽ നിരവധി കേസ്സുകളിലും അഭിലാഷ് പ്രതിയാണ്.



ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻ കുട്ടിയുടെ നേതൃത്വത്തിൽ, എസ്.ഐ. എം.അജാസുദ്ദീൻ, കെ.ആർ.സുധാകരൻ, സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ, എം.ആർ.രഞ്ജിത്ത്, രാഹുൽ അമ്പാടൻ, കെ.എസ്.ഉമേഷ്, എം.സി.ജിനേഷ്, ഷിജിൻ നാഥ്, ജിഷ ജോയി എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട മുൻ ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ. എം.എസ്. ഷാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ്സിൻ്റെ ആദ്യ ഘട്ട അന്വേഷണം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page