ഇരിങ്ങാലക്കുട : കൂടിയാട്ടത്തിന്‍റെ കുലപതി പത്മഭൂഷൺ അമ്മന്നൂർ മാധവ ചാക്യാരുടെ പതിനഞ്ചാമത് ചരമ വാർഷികം ജൂലൈ ഒന്നിന് ആചരിക്കുന്നു. അമ്മന്നൂർ ഗുരുകുലത്തിൽ നടന്ന് വരുന്ന ഗുരുസ്മരണ മഹോത്സവത്തിൽ ശനിയാഴ്ച 5 മണിക്ക് ആരംഭിക്കുന്ന അനുസ്മരണ യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
ഗുരു അമ്മന്നൂർ അനുസ്മരണം കേരള സംഗീത നാടക അക്കാദമി നിർവാഹകസമിതി അംഗം രേണു രാമനാഥ് നിർവഹിക്കും. ഗുരു അമ്മന്നൂർ സ്മാരക പ്രഭാഷണം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് എച്ച്.ഓ.ഡി ഡോ. ശ്രീജിത്ത് രമണൻ നടത്തും. വിഷയം പോസ്റ്റ് ഡ്രമാറ്റിക് തിയേറ്റർ.
തുടർന്ന് മായാസീതാങ്കം കൂടിയാട്ടം അരങ്ങേറും ലക്ഷ്മണനായി സൂരജ് നമ്പ്യാരും സീതയായി കപില വേണുവും രാവണനായി ഗുരുകുലം കൃഷ്ണ ദേവും അരങ്ങത്തെത്തും
അമ്മന്നൂര്‍ മാധവചാക്യാര്‍ 1917 -2008
കൂടിയാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു മഹാനായ കലാകാരനായിരുന്നു അമ്മന്നൂര്‍ മാധവചാക്യാര്‍. സംസ്കൃത നാടകരൂപമായ കൂടിയാട്ടത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കിയ അമ്മന്നൂര്‍ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്.
കൂടിയാട്ടത്തിലൂടെ അമ്മന്നൂര്‍ പ്രശസ്തനായി എന്നതിനേക്കാള്‍ അമ്മന്നൂരിനൊപ്പം കൂടിയാട്ടവും വളര്‍ന്നു എന്ന് പറയുന്നതാണ് എളുപ്പം. കൂടിയാട്ടത്തെ ക്ഷീണാവസ്ഥയില്‍ നിന്നും വിശ്വവേദിയിലേക്ക് കൈ പിടിച്ചാനയിക്കുകയായിരുന്നു അമ്മന്നൂര്‍.
വിശ്വപ്രസിദ്ധ നാടക സംവിധായകന്‍ പീറ്റര്‍ ബ്രൂക് അമ്മന്നൂര്‍ മാധവ ചാക്യാരെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്- “”ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ നടന്‍..”
ഇരിങ്ങാലക്കുടയിലെ അമ്മന്നൂർ ചാക്യാർമഠത്തിൽ വെള്ളാരപ്പള്ളി മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി ഇല്ലത്തമ്മയുടെയും മകനായി 1917 മെയ്മാസത്തില്‍ ജനിച്ച മാധവ ചാക്യാര്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ കഴിവു തെളിയിച്ചു. അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍, അമ്മന്നൂര്‍ വലിയമാധവചാക്യാര്‍, കിടങ്ങൂര്‍ രാമചാക്യാര്‍ തുടങ്ങിയ പ്രഗത്ഭരുടെ കീഴിലാണ് അദ്ദേഹം കൂത്തും കൂടിയാട്ടവും പരിശീലിച്ചത്. കുഞ്ഞുണ്ണിത്തമ്പുരാനു കീഴില്‍ നാട്യശാസ്ത്രവും കൊച്ചിക്കാവു തമ്പുരാട്ടിയുടെയും മാന്തിട്ട നമ്പൂതിരിയുടെയും കീഴില്‍ സംസ്കൃതവും അഭ്യസിച്ചു.
അഭിനയ സിദ്ധികൊണ്ടും അരങ്ങിലെ പ്രകടനം കൊണ്ടും ചാക്യാര്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബാലിവധത്തിലെ ബാലി, ജടായു വധത്തിലെ ജടായു, തോരണയുദ്ധത്തിലെ ഹനുമാന്‍, ശൂര്‍പ്പണഖാങ്കത്തിലെ ശൂര്‍പ്പണഖ തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രശസ്ത വേഷങ്ങളായിരുന്നു.
പാരീസിലെ യുനെസ്കൊ കേന്ദ്രത്തിലടക്കം നിരവധി വിദേശവേദികളില്‍ കൂടിയാട്ടമവതരിപ്പിച്ച അമ്മന്നൂരിന് പത്മഭൂഷണ്‍, കാളിദാസ് സമ്മാന്‍, സംഗീത നാടക അക്കാദമി ഫെലോഷിപ്പ് തുടങ്ങി ഒട്ടേറെ ബഹുമതികളും കണ്ണൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് ഓണററി ഡി.ലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്. 2008 ജൂലായ് ഒന്നിന് അമ്മന്നൂര്‍ മാധവ ചാക്യാര്‍ അന്തരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com