ഇരിങ്ങാലക്കുട : സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം – ബാക്ക് ടു നെസ്റ്റ് – ശനിയാഴ്ച്ച പത്മഭൂഷൺ ഫാദർ ഗബ്രിയേൽ സെമിനാർ ഹാളിൽ നടന്നു. ലോകത്തിന്റെ അനന്തവിഹായസ്സിലേയ്ക്ക് കഴിഞ്ഞകാലങ്ങളിൽ ചേക്കേറിയിരുന്നവർ ഇന്ന് രാവിലെ സെന്റ് ജോസഫ്സിന്റെ മുത്തശ്ശിത്തണലിലേക്ക് തിരിച്ചു പറന്നെത്തി. വെട്ടിപ്പിടിച്ച ആകാശങ്ങൾ പകുത്തുനൽകിയും സ്നേഹം പങ്കുവച്ചും മാറിയ കാമ്പസിന്റെ കൗതുകങ്ങളിലേയ്ക്ക് ഈ പൂർവ്വവിദ്യാർത്ഥികൾ അലിഞ്ഞുചേർന്നു.
കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിക്ക് കോളേജിൻ്റെ പ്രിൻസിപ്പലായ ഡോ. സിസ്റ്റർ ബ്ലെസി, സെൽഫിനാൻസിങ് കോഡിനേറ്ററും പാവനാത്മ പ്രൊവിൻസ് വികാർ സുപ്പീരിയറുമായ ഡോക്ടർ സിസ്റ്റർ റോസ് ബാസ്റ്റിൻ, അലുമ്നി അസോസിയേഷൻ പ്രസിഡണ്ട് ടെസി വർഗീസ്, പൂർവ്വ വിദ്യാർത്ഥികളായ മിസ് .മേരീ പോൾ, കുമാരി അലീന ജോഷി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഭദ്രദീപം തെളിയിച്ച പ്രിൻസിപ്പലടക്കമുള്ള അഞ്ചു പേരും കോളേജിലെ പൂർവ്വവിദ്യാർത്ഥികളാണെന്നതായിരുന്നു ചടങ്ങിൻ്റെ പ്രത്യേകത.
കോളേജിൻ്റെ പ്രഥമ ബിരുദബാച്ചിലെ വിദ്യാർത്ഥിയായ മിസ് മേരീ പോളും 2023 ൽ പഠിച്ചിറങ്ങിയ അലീന ജോഷിയും ഒരുമിച്ചു ചേർന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ചടങ്ങിന് കൂടുതൽ മിഴിവേകി. കോളേജിൻ്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ല് കൂടിയായിരുന്നു ആ സന്ദർഭം. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസി അദ്ധ്യക്ഷത വഹിച്ചു.
ഡോക്ടർ സിസ്റ്റർ റോസ് ബാസ്റ്റിൻ, മുൻ എം.പിയും സെൻ്റ് ജോസഫ്സ് കോളേജിലെ മലയാള വിഭാഗം അധ്യക്ഷയുമായിരുന്ന മിസ്. സാവിത്രി ലക്ഷ്മൺ, പൂർവ്വ വിദ്യാർത്ഥിയും ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായിരുന്ന ഡോക്ടർ മേരീ പോൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജിൻ്റെ അഭിവൃദ്ധിക്കായി പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നടത്തുന്ന ശ്രമങ്ങളെ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസി അഭിനന്ദിച്ചു. വിവിധ ഇന്റർനാഷണൽ ചാപ്റ്ററുകളിലെ അംഗങ്ങൾ കലാലയത്തിന്റെ അറുപതാം പിറന്നാൾ പരിപാടികൾക്ക് രൂപരേഖ നൽകാനായി ഒത്തുചേർന്നു.
പൂർവ്വ അദ്ധ്യാപകരും വിദ്യാർത്ഥികളും ഓർമ്മകൾ പങ്കു വെച്ചു. ചടങ്ങിൽ അലുമ്നി അസോസിയേഷൻ പ്രസിഡണ്ട് മിസ് ടെസി വർഗീസ് സ്വാഗതവും ദേശീയ സംസ്ഥാന തലത്തിൽ ഏറ്റവും നല്ല അധ്യാപികക്കുള്ള അവാർഡ് നേടിയ വ്യക്തിയും അലുമ്‌നി അസോസിയേഷൻ വൈസ് പ്രസിഡണ്ടുമായ മിസ് .ഷക്കീല സി.ബി. നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com