കല്ലേറ്റുംകര : കല്ലേറ്റുംകര : പാറേക്കാട്ടുകരയിൽ അവശനിലയിൽ കിടന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പിൽ ജിൻ്റോ (28 ) കുവ്വക്കാട്ടിൽ സിദ്ധാർത്ഥൻ (63 ) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ. ജി. സുരേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ട്ർ കെ.എം.ബിനീഷ് അറസ്റ്റു ചെയ്തത്.
തിരുവോണ നാളിലാണ് കേസ്സിനാസ്പദമായ സംഭവം. വൈകിട്ട് ആറരയോടെ കള്ളുഷാപ്പിന് എതിർ വശത്ത് അവശനിലയിൽ കിടക്കുകയായിരുന്ന പഞ്ഞപ്പിള്ളി സ്വദേശി മാളിയേക്കൽ ജോബിയെ (45 വയസ്സ്) ബന്ധുക്കളെത്തി ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. പിറ്റേന്ന് പുലർച്ചെ മരിച്ചു. മരണപ്പെട്ട ജോബിയും പാറക്കാട്ടുകര സ്വദേശി സിദ്ധാർത്ഥനും തമ്മിൽ ഷാപ്പിൽ വച്ച് ഉച്ചയോടെ വഴക്കുണ്ടായി. തമ്മിൽ തല്ലുകയും പിടിവലി കൂടുകയും ചെയ്തിരുന്നു. ഇരുവരും പരസ്പരം മൽപ്പിടത്തം നടത്തി നിലത്ത് വീണു കിടക്കുമ്പോഴാണ് അതുവഴി സ്കൂട്ടറിൽ പോവുകയായിരുന്ന ജിൻ്റോ സംഭവം കാണുന്നത്. സ്കൂട്ടറിൽ നിന്ന് ഇറങ്ങി വന്ന ജിൻ്റോ ഇരുവരെയും പിടിച്ചു മാറ്റി. വീണ്ടും സ്കൂട്ടറിൽ കയറിപ്പോകാൻ ശ്രമിക്കുന്നതിനിടെ ജോബി അസഭ്യം പറഞ്ഞ് ജിൻ്റോയുടെ ഷർട്ടിൽ കയറിപ്പിടിച്ചു. ഇതോടെ ഇവർ തമ്മിൽ ഉന്തും തള്ളുമായി സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീഴാൻ പോയ ജിൻ്റോ പ്രകോപിതനായി കൈ തട്ടി മാറ്റി ജോബിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. സിദ്ധാർത്ഥൻ്റെയും ജിൻ്റോയുടെയും മർദ്ദനത്തിലുമാണ് ജോബിക്ക് പരുക്കേറ്റിട്ടുള്ളത്. വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റു. വാരിയെല്ലു പൊട്ടുകയും ആന്തരീക അവയവങ്ങൾ ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് മരണകാരണമായി പോലീസ് പറയുന്നത്.
സംഭവമറിഞ്ഞ് റൂറൽ എസ്പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് മഫ്തിയിൽ പോലീസ് വിശദമായ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടും പോലീസ് അന്വേഷണം സാധൂകരിക്കുന്നതാണ്. തിരുവോണ ദിവസമായതിനാൽ ഉച്ചക്ക് ഷാപ്പ് കുറച്ചു നേരം അടച്ചിട്ടിരുന്നു.
ഈ സമയത്താണ് സിദ്ധാർത്ഥനുമായി ജോബി അടികൂടി കിടന്നതും അതുവഴി വന്ന ജിൻ്റോയുമായി പ്രശ്നമുണ്ടാക്കുന്നതും. പോലീസിൻ്റെ രഹസ്യമായ അന്വേഷണത്തിലാണ് മരണത്തിന് കാരണമായ പരിക്കുകൾക്കിടയാക്കിയ സംഭവങ്ങൾ പുറത്തറിഞ്ഞത്. ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ സംഭവങ്ങൾക്കു ശേഷം സന്ധ്യയോടെയാണ് ബന്ധുക്കളെത്തി ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച തൃശൂർ മെഡിക്കൽ കോളജിൽ വച്ച് മരണം സംഭവിക്കുകയും ചെയ്തു. സംഭവങ്ങളുടെ വ്യക്തതവരുത്തി ബുധനാഴ്ച വൈകിട്ടാണ് പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തിയത്. ജിൻ്റോ കൊടകര, ആളൂർ, സ്റ്റേഷനുകളിൽ അടിപിടി കേസ്സിലും, ഇടുക്കിയിൽ കള്ളനോട്ട് കേസ്സിലും മുൻപ് ഉൾപ്പെട്ടിട്ടുണ്ട്.
.
ആളൂർ എസ്.ഐ. കെ.എസ്. സുബിന്ത്, കെ.കെ.രഘു, പി.ജയകൃഷ്ണൻ, കെ.എസ്.ഗിരീഷ്, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ കെ.എസ്.ഉമേഷ്, സവീഷ് , സുനന്ദ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ടി.ആർ.ബാബു എന്നിവരരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com