കൂടൽമാണിക്യം 2023 ഉത്സവം – ഒരുക്കങ്ങൾ പൂർത്തിയാകുന്നു, ചരിത്രത്തിൽ ആദ്യമായി ക്ഷേത്രമതിൽകെട്ടിന് പുറത്തു രണ്ടാം സ്റ്റേജിന്‍റെ പണികളും പുരോഗമിക്കുന്നു – സമീപകാല വിവാദ വിഷയങ്ങളിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പ്രതികരിക്കുന്നു

ഇരിങ്ങാലക്കുട : മെയ് രണ്ടിന് കൊടിയേറി 12ന് ആറാട്ടോടെ ആഘോഷിക്കുന്ന 2023 ലെ ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഉത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിനകത്തും പുറത്തും പന്തലുകളുടെ പണികൾ നടന്നുകൊണ്ടിരിക്കുന്നു. സന്ധ്യാവേല പന്തൽ, കുലീപിനിതീർത്ത മണ്ഡപം, കൂടാതെ സ്പെഷ്യൽ പന്തൽ എന്നിവ കെട്ടിക്കഴിഞ്ഞു.

ചരിത്രത്തിൽ ആദ്യമായി ക്ഷേത്രമതികെട്ടിനു പുറത്തു രണ്ടാം സ്റ്റേജിന്‍റെ പണികളും പുരോഗമിക്കുന്നു . തെക്കേ നടയിൽ കൊട്ടിലാക്കൽ പറമ്പിലാണ് 1500 പേർക്ക് ഇരിപ്പിട സൗകര്യമുള്ള താൽകാലിക സ്റ്റേജ് ഉയരുന്നത്. ഏറെ വിവാദങ്ങൾക്ക് വഴിവച്ച കൂടൽമാണിക്യം ദേവസ്വത്തിന്‍റെ തീരുമാനമായിരുന്നു ക്ഷേത്രമതികെട്ടിനു പുറത്തു കലാപരിപാടികൾക്കായി രണ്ടാമത്തെ വേദി എന്നത്. കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം അറിയിപ്പിൽ ക്ഷേത്രമതികെട്ടിനു അകത്തുള്ള വേദിയിൽ പതിവ് പോലെ ഹിന്ദു മതത്തിൽ പെട്ട കലാകാരന്മാർക്കും, ക്ഷേത്രമതികെട്ടിനു പുറത്തു രണ്ടാം സ്റ്റേജിൽ എല്ലാ മതവിഭാഗക്കാർക്കും പരിപാടികൾ അവതരിപ്പിക്കാവുന്നതാണ് എന്നത് ചില വിവാദങ്ങൾ വഴിമരുന്ന് ഇട്ടിരുന്നു.


സംഘപരിവാർ സംഘടനകൾ എതിർപ്പ് അറിയിക്കുകയും ഇതിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്യുകയുണ്ടായി. 2022 ഉത്സവത്തിന് “മൻസിയ വിവാദം” ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ ക്ഷേത്രമതികെട്ടിനു പുറത്തു രണ്ടാം വേദി ഉയരുന്നത് എന്നതാണ് ഇപ്പോൾ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്.

മതത്തിന്‍റെ പേരിൽ കലാകാരന്മാർക്ക് വേദികൾ വിലക്കുന്നതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉണ്ട്. എന്നാൽ ഈ തവണ പ്രോഗ്രാം ബുക്ക് പുറത്തിറങ്ങിയപ്പോൾ അതിൽ രണ്ടാം വേദിയിൽ അന്യ മതവിഭാഗക്കാർ ആരും തന്നെ പരിപാടികൾ അവതരിപ്പിക്കുന്നില്ല എന്ന് ദേവസ്വം വ്യക്തമാക്കിയിരുന്നു. കൂടാതെ “മൻസിയ വിവാദം” ഉടലെടുക്കുന്നതിനു മുൻപ് തന്നെ 2020 ലെ പ്രോഗ്രാം ബുക്കിൽ ക്ഷേത്രമതികെട്ടിനു പുറത്തു ഒരു രണ്ടാം വേദിയെ പറ്റി പ്രതിബാധിക്കുന്ന ചെയർമാന്‍റെ ഒരു സന്ദേശവും ഉള്ളതായി ദേവസ്വം എടുത്തുകാട്ടുന്നുമുണ്ട്.


എന്നാൽ വരും വർഷങ്ങളിലെ പരിപാടികളെ കുറിച്ച് ഈ ഭരണസമിതി നിലപാട് ഒന്നും പറയുന്നുമില്ല, കേവലം 4 മാസം മാത്രമേ ഇനി ഈ ഭരണസമിതിക്ക് കാലാവധിയുള്ളു എന്നത് കാരണമായി പറയുന്നത്.

ഈ അവസരത്തിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഈ വിഷയത്തെ കുറിച്ച് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം പ്രതിനിധിയുമായി സംസാരിക്കുന്ന വീഡിയോ ആണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page