എടതിരിഞ്ഞി : എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവോത്സവം ഫെബ്രുവരി പതിനഞ്ചാം തീയതി വൈകുന്നേരം കൊടിയേറ്റത്തോടെ ആരംഭിക്കുന്നു. കൊടിയേറ്റത്തിനു ശേഷം ഭരതനാട്യവും പതിനാറാം തീയതി മുതൽ ഇരുപതാം തീയതി വരെ ഈ വർഷത്തെ ഏറ്റവും നല്ല 5 നാടകങ്ങളായ കൂടെയുണ്ട്, ഉൾക്കടൽ, കുചേലൻ, നത്ത് മാത്തൻ ഒന്നാം സാക്ഷി, ബാലരമ എന്നിവ ഉൾപ്പെടുത്തി പ്രൊഫഷണൽ നാടകമേളയും ഇരുപതാം തീയതി ഏഷ്യൻ റെക്കോർഡ് ജേതാവ് സലീഷ് നനദുർഗയുടെ സോപാന സംഗീതവും ഉണ്ട്
ഫെബ്രുവരി 21നാണ് തിരുവുത്സവം ആഘോഷിക്കുന്നത്. 6 പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ പല പ്രദേശത്തു നിന്നും കാവടികൾ, ആന പൂരം എന്നിവയോട് കൂടി രാവിലെ മുതൽ ആരംഭിച്ച രാത്രി വരെ ഉത്സവാഘോഷങ്ങൾ തുടരും.
തിരുവമ്പാടി ചന്ദ്രശേഖരനാണ് ഭഗവാന്റെ തിടമ്പേറ്റുന്നത്. പേരുകേട്ട പല ആനകളും ഇവിടെ പൂരത്തിന് അണിനിരക്കുന്നുണ്ട് എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. മേള പ്രമാണി പെരുവനം കുട്ടന്മാരാർ, മേള കലാരത്നം കലാമണ്ഡലം ശിവദാസ് എന്നിവരാണ് ഈ വർഷം പൂരത്തിന് മേളം നയിക്കുന്നത്.
ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര, മേൽശാന്തി രവീന്ദ്രൻ ചാണയിൽ, സിബി ശാന്തി എന്നിവരുടെ കാർമികത്വത്തിൽ എല്ലാവിധ ആചാര അനുഷ്ഠാനങ്ങളോടെ നടത്തപ്പെടുന്ന തിരുവുത്സവം ഫെബ്രുവരി 22 ന് ആറാട്ടോടെ സമാപിക്കുന്നു
പത്രസമ്മേളനത്തിൽ സമാജം പ്രസിഡന്റ് പീതാംബരൻ എടച്ചാലി, സമാജം സെക്രട്ടറി മുരളി മണക്കാട്ടുപടി, സമാജം ഖജാൻജി ഗിരി മാടത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.