നവകേരളം കർമ്മ പദ്ധതി 2 ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകൾ) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ പകർച്ചവ്യാധികൾ, വർദ്ധിച്ചു വരുന്ന രോഗാതുരത, അതിവേഗം വർദ്ധിക്കുന്ന ജീവിതശൈലീ രോഗങ്ങൾ തുടങ്ങി പുതിയ കാലഘട്ടത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിൽ ഓരോ പൗരന്റെയും പങ്കാളിത്തം വളരെ വലുതാണ്. ഇത് മുന്നിൽ കണ്ട് പൊതുജന പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് അനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന പ്രവർത്തനങ്ങൾ
· ആരോഗ്യ ഉപകേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ജനസൗഹൃദ സ്ഥാപനങ്ങളായി പരിവർത്തനം ചെയ്യുക.
· പ്രദേശത്തെ എല്ലാ ആളുകളുടെയും വാർഷിക ആരോഗ്യ പരിശോധന നടത്തുക.
· വാർഷിക ആരോഗ്യ പരിശോധനയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനങ്ങളുടെ ജീവിത ശൈലിയിൽ മാറ്റം വരുന്നതിനുള്ള ക്യാമ്പയിനുകളും ഇടപെടലുകളും നടത്തുക.
· കുടുംബക്ഷേമ പരിപാടികൾ, ഗർഭകാല പരിചരണം, മാതൃ-ശിശു ആരോഗ്യം എന്നിവയിൽ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുക.
· പ്രാദേശിക ആവശ്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ട് എല്ലാ വിഭാഗം ആളുകളുടെയും, പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിഭാഗങ്ങളുടെയും (മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗോത്രവിഭാഗക്കാർ, അതിദരിദ്രർ, തീരദേശവാസികൾ മുതലായവർ) ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുക.
· പകർച്ചവ്യാധി, പകർച്ചേതര രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുവാൻ വേണ്ടി ജനങ്ങളിൽ ആരോഗ്യകരമായ ജീവിതരീതികൾ പ്രോത്സാഹിപ്പിക്കുവാൻ വേണ്ട ഇടപെടലുകൾ നടത്തുക.
· പൊതുജനപങ്കാളിത്തത്തോടെ രോഗികളെ മാനസികവും സാമൂഹികവുമായി പുനരധിവസിപ്പിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുക.
· കിടപ്പിലായവർക്കും, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും വയോജനങ്ങൾക്കും വേണ്ട ആരോഗ്യ സേവനങ്ങൾ ഉപകേന്ദ്രങ്ങൾ വഴി ഏകോപിപ്പിക്കുക.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് പുറപ്പെടുവിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com