നോവലിസ്റ്റും ബാലസാഹിത്യകാരനുമായ കെ.വി. രാമനാഥൻ മാസ്റ്റർ (91) അന്തരിച്ചു

ഇരിങ്ങാലക്കുട : നോവലിസ്റ്റും ബാലസാഹിത്യകാരനുമായ കെ.വി. രാമനാഥൻ മാസ്റ്റർ (91) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11 മണിക്കായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

1994 ൽ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരവും ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്


ഇരിങ്ങാലക്കുടയിൽ 1932 ൽ ജനിച്ചു. അദ്ധ്യാപകൻ ആയിരുന്നു. അമ്മ കൊച്ചുകുട്ടി അമ്മ. അച്‌ഛൻ മണമ്മൽ ശങ്കരമേനോൻ. ഇരിങ്ങാലക്കുട സംഗമേശ്വരവിലാസം എൽ.പി.സ്‌കൂൾ, ഗവ.ബോയ്‌സ്‌ ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ്‌ കോളജ്‌, തൃശൂർ ഗവ.ട്രെയിനിങ്ങ്‌ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1951 മുതൽ ‘87 വരെ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ അദ്ധ്യാപകനായും ഹെസ്‌മാസ്‌റ്ററായും സേവനമനുഷ്‌ഠിച്ചു. പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ, കാൻസർ വിദഗ്ധൻ ഡോ. ഗംഗാധരൻ, മുൻ ഐ.എസ്.ആർ.ഓ ചെയർമാൻ ഡോ. രാധാകൃഷ്ണൻ , സിനിമ നടനായിരുന്നു ഇന്നൊസെന്റ് തുടങ്ങിവർ ഉൾപ്പടെ വലിയ ശിഷ്യ സമ്പത്ത് ഇദ്ദേഹത്തിനുണ്ട് .


ശങ്കറിന്റെ ‘ചിൽഡ്രൻസ്‌ വേൾഡ്‌’ തുടങ്ങി പല ഇംഗ്ലീഷ്‌ ആനുകാലികങ്ങളിലും കഥകൾ എഴുതിയിട്ടുണ്ട്‌. അപ്പുക്കുട്ടനും ഗോപിയും, കമാൻഡർ ഗോപി, ആമയും മുയലും, ഒരിക്കൽകൂടി എന്നീ ബാലസാഹിത്യഗ്രന്ഥങ്ങൾക്ക്‌ എസ്‌.പി.സി.എസ്‌. അവാർഡ്‌ ലഭിച്ചു. കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ അവാർഡ്‌ നേടിയ അത്ഭുതവാനരൻമാർ, ഭീമാസ്‌മാരക അവാർഡ്‌, കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌ അവാർഡ്‌ എന്നിവ ലഭിച്ച അത്ഭുതനീരാളി, സ്വർണത്തിന്റെ ചിരി, മുന്തിരിക്കുല, കണ്ണുനീർമുത്തുകൾ, വിഷവൃക്ഷം, മാന്ത്രികപ്പൂച്ച, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, സ്വർണ്ണമുത്ത്‌ (ബാലസാഹിത്യം), പ്രവാഹങ്ങൾ, ചുവന്ന സന്ധ്യ (നോവലുകൾ), രാഗവും താളവും (ചെറുകഥാസമാഹാരം) അത്ഭുതവാനരൻമാർ എന്നിവയാണ്‌ ഇതരകൃതികൾ. ചെറുകഥയ്‌ക്കുളള സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അവാർഡും ലഭിച്ചിട്ടുണ്ട്‌.


ഭാര്യ : രാധ ടീച്ചർ, ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂൾ റിട്ടയേർഡ് അധ്യാപിക. മക്കൾ : കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗവും പത്രപ്രവർത്തകയുമായ രേണു രാമനാഥ്. ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ഇന്ദുകല. മരുമക്കൾ ചിത്രകാരനായിരുന്ന രാജ്‌കൃഷ്ണൻ (ലേറ്റ്), കൂടൽമാണിക്യം ഭരണ സമതി അംഗം അഡ്വ കെ ജി അജയ് കുമാർ.


ബാല സാഹിത്യങ്ങളായ അപ്പുക്കുട്ടനും ഗോപിയും, മാന്ത്രികപ്പൂച്ച, കുട്ടികളുടെ ശാകുന്തളം, അത്ഭുതവാനരന്മാർ, അത്ഭുതനീരാളി, അദൃശ്യമനുഷ്യൻ, ടാഗോർ കഥകൾ, കുട്ടികൾക്ക് സ്നേഹപൂർവം, കമാൻഡർ ഗോപി, ആമയും മുയലും, ഒരിക്കൽക്കൂടി,വിഷവൃക്ഷം, സ്വർണ്ണത്തിന്റെ ചിരി, കണ്ണീർമുത്തുകൾ, കുഞ്ഞുറുമ്പും കുളക്കോഴിയും, മലയാള ബാലസാഹിത്യം‌ – ഉദ്ഭവവും വളർച്ചയും. നോവലുകളായ പ്രവാഹങ്ങൾ, ചുവന്ന സന്ധ്യ, ചെറുകഥകളായ രാഗവും താളവും, കർമകാണ്ഡം, ഓർമ്മക്കുറിപ്പുകളായ ഓർമ്മയിലെ മണിമുഴക്കം എന്നിവ കൃതികളാണ്


ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014), കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌ അവാർഡ് (അത്ഭുത നീരാളി -1994), കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ അവാർഡ്‌, എസ്‌.പി.സി.എസ്‌. അവാർഡ്‌, ചെറുകഥയ്‌ക്കുളള സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അവാർഡ്, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കായി നൽകുന്ന സി..ജി.ശാന്തകുമാർ പുരസ്കാരം (2012) എന്നി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .

രാവിലെ 10 മണി മുതൽ 11 മണി വരെ തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം അദ്ദേഹം പഠിക്കുകയും, അധ്യാപകനുമായി സേവനം അനുഷ്ഠിക്കുകയും ചെയ്ത ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 11 30 മുതൽ 2:30 വരെ പൊതുദർശനം.

തുടർന്ന് സ്വദേശമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനുസമീപം പാലസ് റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയായ പൗർണമിയിൽ 2 45 മുതൽ 3 45 വരെ. നാലുമണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ സംസ്കാരം നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page