ഹരിപുരം നിവാസികൾക്ക് ആശ്വാസം: വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നു

ഇരുപത്തിയ‍ഞ്ചു വര്‍ഷം മുമ്പ് നിര്‍മിച്ച ഹരിപുരത്തെ കെ.എൽ.ഡി.സി കനാല്‍ ബണ്ടുകള്‍ 2018 ലെ പ്രളയത്തിൽ തകർന്നതിനെ തുടർന്ന് കാറളം കാട്ടൂർ പടിയൂർ പൂമംഗലം പഞ്ചായത്തുകളിൽ ശക്തമായ വെള്ളപൊക്കം ഉണ്ടായതിനൊപ്പം ഹരിപുരം നിവാസികൾക്കും ദുരിതം നേരിടേണ്ടിവന്നിരുന്നു

ഇരിങ്ങാലക്കുട : വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്ന ഇരിങ്ങാലക്കുട താണിശ്ശേരി ഹരിപുരം നിവാസികൾക്ക് ഇത് ആശങ്കയൊഴിഞ്ഞ വർഷകാലം. ഇരുപത്തിയ‍ഞ്ചു വര്‍ഷം മുമ്പ് നിര്‍മിച്ച കനാല്‍ ബണ്ടുകള്‍ 2018 ലെ പ്രളയത്തിൽ തകർന്നതിനെ തുടർന്ന് കാറളം കാട്ടൂർ പടിയൂർ പൂമംഗലം പഞ്ചായത്തുകളിൽ ശക്തമായ വെള്ളപൊക്കം ഉണ്ടായിരുന്നു. 2019 ൽ 45 ലക്ഷം രൂപ ചിലവഴിച്ചു പുനർനിർമ്മിച്ച ബണ്ട് കനത്ത മഴയിൽ ഭാഗികമായി തകരുകയും ഹരിപുരം നിവാസികൾക്ക് വീണ്ടും വെള്ളപൊക്കം നേരിടേണ്ടി വരികയുമായിരുന്നു.

എന്നാൽ ഇത്തവണ ബണ്ടിന്‍റെ പുനർനിർമാണം കഴിഞ്ഞതും, തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതും ബണ്ടിന്‍റെ ഇരുവശത്തും താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ബണ്ട് റോഡ് മണ്ണിട്ട് നികത്തി ശക്തിപ്പെടുത്തുന്നുണ്ടെന്നും ഭീഷണിയുയർത്തുന്ന വൃക്ഷങ്ങൾ, ഒഴുക്ക് തടയുന്ന ചണ്ടി, മണ്ണ് എന്നിവ നീക്കം ചെയ്യുന്നുണ്ടെന്നും മുൻ പഞ്ചായത്ത്‌ മെമ്പർ ശ്രീജിത്ത്‌ പറഞ്ഞു.

ബണ്ടിന്‍റെ ഇരുവശത്തേക്കുമുള്ള ഷട്ടറുകളുടെ സംവിധാനം നിയന്ത്രിക്കാൻ കഴിയാഞ്ഞത് വെള്ളപൊക്കത്തിന് ഒരു കാരണം ആയിരുന്നു. അത്തരം ഷട്ടറുകൾ കണ്ടെത്തി അവ തുറക്കാനും അടക്കാനുമുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ടെന്നും നിലവിൽ ഭീഷണി ഉയർത്തുന്ന സാഹചര്യങ്ങൾ ഒന്നും തന്നെയില്ലെന്നും ഹരിപുരം ബണ്ട് സംരക്ഷണ സമിതി അംഗം ദീപക് പറഞ്ഞു.

കനാലിന്‍റെ പടിഞ്ഞാറുഭാഗത്തു ഉള്ള ചീപ്പ് തുറന്നുകിടക്കുന്നതിനാൽ അതുവഴി വെള്ളം കയറാൻ സാധ്യതയുണ്ട്. വെള്ളം തടയുന്നതിനായി ഇരുമ്പ് ഷീറ്റുകൾ ഇടാൻ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ ചാക്കുകൾ ഉപയോഗിച്ചാണ് വെള്ളം തടഞ്ഞിരുന്നത്.

പത്തനാപുരം ഭാഗത്തേക്ക് പോകുന്ന കനാലിന്‍റെ കിഴക്കു ഭാഗത്തേക്ക് മണ്ണിട്ട് നികത്തൽ ഇതുവരെ നടന്നിട്ടില്ല. വാടച്ചിറ താണിശ്ശേരി പാലത്തിനു സമീപം എംഎം കനാലിന്‍റെ ഒരു ഭാഗത്ത് 20 മീറ്ററോളം ബണ്ട് നിർമിക്കാത്തത് കനത്ത മഴപെയ്താൽ വെള്ളം കേറാൻ കാരണമാകും. ഈ വിവരങ്ങൾ KLDC ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ഇരിങ്ങാലക്കുട ലൈവിനോട് പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page