സംഗമഗ്രാമമാധവനെക്കുറിച്ചുള്ള ഗവേഷണങ്ങൾ വിലയിരുത്താൻ കല്ലേറ്റുംകരയിലെ ഇരിങ്ങാടപ്പിള്ളി മന യു.ജി.സി ചെയർമാൻ പ്രൊഫ. എം. ജഗദേഷ് കുമാർ സന്ദർശിച്ചു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മാനുസ്ക്രിപ്റ്റ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗവേഷണങ്ങളുടെ ഭാഗമായി കല്ലേറ്റുംകരയിലെ ഇരിങ്ങാടപ്പിള്ളി മന യുജിസി ചെയർമാൻ പ്രൊഫ. എം ജഗദേഷ് കുമാർ സന്ദശിച്ചു. ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്ന അധ്യാപിക ലിറ്റി ചാക്കോയുടെ നേതൃത്വത്തിലാണ് അദ്ദേഹം ഇവിടെ എത്തിച്ചേർന്നത്. മനയിലെ താമസക്കാരായ രാജ് കുമാർ, നാരായണൻ എന്നിവരോട് അദ്ദേഹം സംസാരിച്ചു. കൂടുതൽ ഗൗരവത്തോടെ ഈ വിഷയത്തിൽ ഇടപെടലുകൾ നടത്തുവാൻ അദ്ദേഹം നിർദ്ദേശിച്ചു.

പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗണിതജ്ഞനാണ് സംഗമഗ്രാമമാധവൻ. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ അധ്യാപിക ലിറ്റി ചാക്കോ നേതൃത്വം നൽകുന്ന പുരാരേഖാ ഗവേഷണകേന്ദ്രം നടത്തിയ ഗവേഷണങ്ങൾ ദേശീയശ്രദ്ധ നേടിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ജൂലൈ മാസത്തിൽ ഡൽഹിയിൽ വച്ചുനടന്ന പ്രദർശനത്തിൽ യുജിസിയുടെ ക്ഷണം ലഭിച്ച കേരളത്തിൽനിന്നുള്ള ഒരേയൊരു കലാലയവും സെന്റ് ജോസഫ്സ് ആയിരുന്നു.

കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും മേൽനോട്ടം നടത്തണമെന്നും യൂജിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായിട്ടുകൂടിയാണ് യുജിസി ചെയർമാൻ കേരളത്തിലെത്തിയത്.
സെന്റ് ജോസഫ്സിൽ ഒരുക്കിയിട്ടുള്ള സ്ക്രിപ്റ്റ് ഗാർഡനിൽ അദ്ദേഹം വൃക്ഷത്തൈ നട്ടു.

മാനുസ്ക്രിപ്റ്റ് റിസർച്ച് സെന്റർ സന്ദർശിച്ച അദ്ദേഹത്തിനു മുൻപിൽ താളിയോല പരിപാലനം, പുരാരേഖാ സംരക്ഷണം, പുരാലിപി സംരക്ഷണം, ബ്രിട്ടീഷ് ലൈബ്രറി സ്റ്റാൻഡേർഡ് കാറ്റലോഗിങ് തുടങ്ങിയവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. Indian knowledge System മുന്നോട്ടു വയ്ക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അനിവാര്യമാണ് ഇത്തരം ഇടപെടലുകൾ എന്നദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയവിദ്യാഭ്യാസനയം രൂപം കൊള്ളുന്നതിനും വർഷങ്ങൾക്കു മുൻപേ തന്നെ ഈ മേഖലയിൽ ഗവേഷണം ആരംഭിച്ചിട്ടുണ്ട് ഈ സെന്റർ.

ഗവേഷണത്തിൽ യുജിസി നടത്തുന്ന ഇടപെടലുകൾ ക്രിയാത്മകവും കൃത്യതയാർന്നതുമാണെന്ന് ഗവേഷകയും അധ്യാപികയുമായ ലിറ്റി ചാക്കോ പറഞ്ഞു. യുജിസി ചെയർമാൻ തന്നെ ഈ വിഷയത്തിൽ നേരിട്ടെത്തിയതിൽ ചാരിതാർഥ്യമുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page