പതിനൊന്ന് വർഷങ്ങൾക്കുശേഷം അഴകിയ രാവണൻ്റെ പുറപ്പാട് കൂടൽമാണിക്യം കൂത്തമ്പലത്തിൽ അരങ്ങേറി

ഇരിങ്ങാലക്കുട : ശ്രീ. കൂടൽമാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറിയ ഹനുദ്ദൂതാങ്കം കൂടിയാട്ടത്തിൽ രാവണൻ അപഹരിച്ചുകൊണ്ടുവന്ന സീത സ്വാധീനയാകുവാൻ വേണ്ടി രാവണൻ സർവ്വാഭരണവിഭൂഷിതനായി രാജകീയചിഹ്നങ്ങളായ കുത്തു വിളക്ക്, കുട, വെഞ്ചാമരം, ആലവട്ടം, അകമ്പടികൾ എന്നിവയൊടെ സീതയെകുറിച്ച് വിചാരിച്ച് അശോകവനികോദ്യാനത്തിലേക്ക് പ്രവേശിക്കുന്ന അഭിനയമാണ് അഴകിയ രാവണൻ്റെ പുറപ്പാട്.

പദ്മഭൂഷൺ ഗുരു അമ്മന്നൂർ മാധവച്ചാക്യാർ ചിട്ടപ്പെടുത്തിയ ഈ കഥാഭാഗം രാവണൻ്റെ ശൃംഗാരരസത്തിന്റെ മകുടോദാഹരണമാണ്. സീതയെ പ്രലോഭിപ്പിയ്ക്കുവാൻ പലതരം സൗഭാഗ്യങ്ങൾ നൽകാമെന്നും രാജ്യഭ്രഷ്ടനായ രാമനെ മറക്കാനും തന്നോടു കൂടി ലങ്കയുടെ മഹാറാണിയായി കഴിയാനും അഭ്യർത്ഥിക്കുന്നു. ദുഷ്ട വാക്കുകൾ കേട്ട് സീത രാവണനെ ശപിക്കുന്നു. സീതയുടെ പാതിവ്രത്യം കണ്ട് രാവണൻ പിന്മാറി അന്ത:പുരത്തിലേക്ക് പോകുന്നു. നാളെ സീതാ-ഹനൂമദ് ദർശനമാണ് കഥാഭാഗം.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് അഴകിയ രാവണൻ്റെ ഭാഗം കൂത്തമ്പലത്തിൽ അരങ്ങേറുന്നത്. കൂടിയാട്ടം ആചാര്യനായ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ തന്റെ എഴുപത്തിയഞ്ചാം വയസ്സിൽ തന്റെ കുലധർമ്മമായി വേഷം ധരിച്ച് രാവണൻ്റെ അരങ്ങത്ത് വന്നു.

കെ.പി. നാരായണൻ നമ്പ്യാർ, പി.കെ. ഹരീഷ് നമ്പ്യാർ, ജിനേഷ് നമ്പ്യാർ, രമേശൻ നമ്പ്യാർ എന്നിവർ മിഴാവിലും, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ, മേധ നങ്ങ്യാർ എന്നിവർ താളവും, ജയൻ മാരാർ ഇടയ്ക്ക, ശംഖ് എന്നിവ വായിച്ച് പങ്കുചേർന്നു കലാമണ്ഡലം സതീശൻ ചുട്ടിയും കൈകാര്യം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page