നവോത്ഥാന ചരിത്രത്തിൽ അർഹമായ അംഗീകാരം ലഭിക്കാതെ പോയ  മഹത് വ്യക്തിത്വമാണ് പി.കെ. ചാത്തൻ മാസ്റ്ററെന്ന് കേന്ദ്ര നിയമ-പാർലമെന്ററികാര്യ മന്ത്രി അർജുൻ റാം മേഘ്‌വാൾ

ഇരിങ്ങാലക്കുട : നവോത്ഥാന ചരിത്രത്തിൽ അർഹമായ അംഗീകാരം ലഭിക്കാതെ പോയ  മഹത് വ്യക്തിത്വമാണ് പി.കെ. ചാത്തൻ മാസ്റ്ററെന്ന് കേന്ദ്ര നിയമ-പാർലമെന്ററികാര്യ മന്ത്രി അർജുൻ റാം മേഘ്‌വാൾ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച പ്രമുഖ സാമൂഹിക പരിഷ്കർത്താവും മുൻ മന്ത്രിയുമായ പി.കെ. ചാത്തൻ മാസ്റ്ററുടെ സ്മരണാർത്ഥം ഇരിങ്ങാലക്കുട ടൗൺഹാളിൽ സംഘടിപ്പിച്ച ‘പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭ’ വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​1946-ൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം കുട്ടംകുളത്തേക്ക് നടത്തിയ മാർച്ചും സമരവും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്ര്യം നേടിക്കൊടുത്ത അവിസ്മരണീയ അധ്യായമാണ്. സാധാരണ അധ്യാപകനിൽ നിന്നും മന്ത്രിപദത്തിലേക്ക് ഉയർന്ന അദ്ദേഹത്തിന്റെ ജീവിതവും 1970-ൽ കെ.പി.എം.എസ്. സ്ഥാപിച്ച് വിദ്യാഭ്യാസം, തൊഴിൽ, ഭൂമി അവകാശം എന്നിവയ്ക്കായി നടത്തിയ പോരാട്ടങ്ങളും ഡോ. ബി.ആർ. അംബേദ്കറുടെ ഭരണഘടനാ ദർശനങ്ങളുടെ പ്രതിഫലനമാണ്. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയത്തിലൂടെ അവസാനത്തെ വ്യക്തിയിലേക്കും വികസനം എത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും, ചാത്തൻ മാസ്റ്റർ സ്മാരകം ഭാവിതലമുറയ്ക്ക് പ്രചോദനമാകുന്ന വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചാത്തൻ മാസ്റ്ററുടെ പോരാട്ടങ്ങൾ പൊതുചർച്ചയിലേക്ക് കൊണ്ടുവരുന്ന ബി.ജെ.പി. കേരളം ടീമിനെയും മന്ത്രി അഭിനന്ദിച്ചു. സി.സി. മുകുന്ദൻ അധ്യക്ഷത വഹിച്ചു.

​രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പി.കെ. ചാത്തൻ മാസ്റ്ററെപ്പോലുള്ള സാമൂഹിക പരിഷ്കർത്താക്കളെ ബഹുമാനത്തോടെ സ്മരിക്കേണ്ടതുണ്ടെന്ന് മുഖ്യാതിഥിയായ കേന്ദ്ര സഹമന്ത്രി എൽ. മുരുകൻ പറഞ്ഞു. 1957-ലെ ആദ്യ മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ, ഹരിജൻ ക്ഷേമ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ശബ്ദമില്ലാത്തവർക്ക് ശബ്ദമായി മാറി. സാമൂഹിക നീതി എന്നത് ക്ഷേമത്തിൽ നിന്ന് ശാക്തീകരണത്തിലേക്കും, ആശ്രിതത്വത്തിൽ നിന്ന് അവസരങ്ങളിലേക്കും, ഒഴിവാക്കലിൽ നിന്ന് പങ്കാളിത്തത്തിലേക്കും, ദാരിദ്ര്യത്തിൽ നിന്ന് സമൃദ്ധിയിലേക്കുമുള്ള വളർച്ചയാകണമെന്നും അദ്ദേഹം വ്യക്തമാക്കി. അംബേദ്കറുമായി ബന്ധപ്പെട്ട ‘പഞ്ചതീർത്ഥ്’ വികസനം, നവംബർ 26 ഭരണഘടനാ ദിനാചരണം, അയ്യങ്കാളിയുടെ 125-ാം ജന്മവാർഷികാഘോഷം എന്നിവയ്ക്കൊപ്പം പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, ടോപ്പ് ക്ലാസ് എഡ്യൂക്കേഷൻ സ്കീം, നാഷണൽ ഓവർസീസ് സ്കോളർഷിപ്പ്, പി.എം-ദക്ഷ് (PM-DAKSH), സ്റ്റാൻഡ് അപ്പ് ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ, 4 കോടി വീടുകൾ, ജൽ ജീവൻ മിഷൻ, ഉജ്ജ്വല യോജന തുടങ്ങിയ പദ്ധതികളിലൂടെ കോടിക്കണക്കിന് ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിന് സാധിച്ചു. 2047-ഓടെ ‘വികസിത ഭാരതം’ കെട്ടിപ്പടുക്കാൻ വിദ്യാഭ്യാസത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും യുവാക്കൾ വിവിധ മേഖലകളിലേക്ക് ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


​കാലാകാലങ്ങളായി അധികാരികളും വിവിധ പ്രസ്ഥാനങ്ങളും മറന്നുപോയ നവോത്ഥാന നായകന്മാരെ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് സ്മൃതിസഭയുടെ ലക്ഷ്യമെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. ആരെയും എതിർക്കാനോ വിമർശിക്കാനോ അല്ല ഈ സമ്മേളനം. കെ.പി.എം.എസ്. പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെല്ലാം വിയോജിപ്പുകൾ മാറ്റിവെച്ച് ഒരു വേദിയിൽ ഒന്നിച്ചത് ചാത്തൻ മാസ്റ്ററോടുള്ള ഏറ്റവും വലിയ ആദരവാണ്.

സമ്മേളനത്തിൽ പങ്കെടുത്ത മഹാത്മാ അയ്യങ്കാളിയുടെ പിൻമുറക്കാരനും അഭിഭാഷകനുമായ രാഹുലിന്റെ സാന്നിധ്യം ശ്രദ്ധേയമായി. അയ്യങ്കാളിയുടെ ജന്മസ്ഥലം ഇന്ന് വികലമായി, തറക്കല്ലുകൾ ഇളകിമറിഞ്ഞ അവസ്ഥയിലാണെന്ന രാഹുലിന്റെ വേദന പങ്കുവെച്ച കുമ്മനം രാജശേഖരൻ, അയ്യങ്കാളിയുടെ ജന്മസ്ഥലത്ത് ഉചിതമായ സ്മാരകം ഉയരുമെന്ന് രാഹുലിന് വേദിയിൽ വെച്ച് ഉറപ്പുനൽകി. ഈ സ്മൃതിസഭ വെറും പ്രസംഗങ്ങളിൽ അവസാനിക്കില്ലെന്നും നിരന്തരമായ തുടർപ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


​ദേശീയ സഫായി കർമ്മചാരി കമ്മീഷൻ മുൻ ചെയർമാൻ ഡോ. എം. വെങ്കിടേഷ്, ഓൾ ഇന്ത്യ ഹരിജൻ സമാജം ദേശീയ അധ്യക്ഷൻ പത്മശ്രീ ആചാര്യ കെ. കുഞ്ഞോൾ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.


​സംഘാടക സമിതി ചെയർമാനും മുൻ ദേവികുളം എം.എൽ.എയുമായ എസ്. രാജേന്ദ്രൻ, വൈസ് ചെയർമാൻമാരായ അഡ്വ. പന്തളം പ്രതാപൻ, അഡ്വ. പി. സുധീർ, മുഖ്യ സംഘാടകനും എസ്.സി. മോർച്ച സംസ്ഥാന പ്രസിഡന്റുമായ ഷാജിമോൻ വട്ടേക്കാട്, വൈക്കം മുൻ എം.എൽ.എ. അജിത്ത്, സംഘാടക സമിതി അംഗം അജിമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
​
സാമുദായിക-സാംസ്കാരിക രംഗത്തുനിന്ന് സാഹിത്യകാരൻ കോർണൽ കൃഷ്ണൻകുട്ടി, അഡ്വ. രാഹുൽ, കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ലോചനൻ അമ്പാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.എ. തങ്കപ്പൻ, ആലങ്കോട് സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ദേവരാജൻ ദേവസുധ, സംസ്ഥാന ട്രഷറർ സജീവ് പള്ളത്ത്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൈമനം ദീപുരാജ്, സിദ്ധനർ സർവീസ് സൊസൈറ്റി & ദലിത് ആദിവാസി മഹാസഖ്യം കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി രവികുമാർ, കേരള സാംബവർ സഭ സംസ്ഥാന പ്രസിഡന്റ് എ.സി. ബിനുകുമാർ, കക്കാല സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരദാസ്, അംബേദ്കർ സെന്റർ സെക്രട്ടറി സുനിൽ സി. കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.

​ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, ശോഭ സുരേന്ദ്രൻ, സംസ്ഥാന ഉപാധ്യക്ഷന്മാരായ കെ. സോമൻ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, അഡ്വ. കെ.കെ. അനീഷ്, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, ജില്ലാ പ്രസിഡണ്ടുമാരായ എയർ ശ്രീകുമാർ, ജസ്റ്റിൻ ജേക്കബ്, മുതിർന്ന നേതാവ് പി.എം. വേലായുധൻ, ജില്ലാ അധ്യക്ഷന്മാരായ രാജി പ്രസാദ് (കൊല്ലം), ശ്രീകുമാർ, എസ്.സി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സ്വപ്നജിത്ത്, ബിനീഷ് കാർത്തിക്, ബബിൾ ദേവ്, ഐ.ടി. കൺവീനർ ശ്രീജിത്ത് വാടാനപ്പള്ളി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും സ്മൃതിസഭയിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page