ഇരിങ്ങാലക്കുട : അത്‌ലറ്റിക്‌സും ബാസ്ക്കറ്റ്ബോളും ഫുട്ബോളും ഉൾപ്പെടെ മുപ്പതോളം കായിക ഇനങ്ങളുടെ ഈറ്റില്ലമായ ക്രൈസ്റ്റ് കോളേജിന്റെ പുതിയ പ്രതീക്ഷയാണ് ക്രൈസ്റ്റ് ടേബിൾ ടെന്നീസ് അക്കാദമി.
ഒന്നരവർഷം മുൻപ് ആരംഭിച്ച ക്രൈസ്റ്റ് ഗോസിമ റേസേഴ്സ് ടേബിൾ ടെന്നീസ് അക്കാദമി ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്. ഈ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 30 ഓളം താരങ്ങളെയാണ് ഈ അക്കാദമിയിൽനിന്ന് വിവിധ ദേശീയ മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന ചാമ്പ്യൻഷിപ്പിലെ നിറസാന്നിധ്യമാണ് ക്രൈസ്റ്റ് ടേബിൾ ടെന്നീസ് അക്കാദമിയിലെ താരങ്ങൾ. ഈ അടുത്തു നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ, ജൂനിയർ,യൂത്ത് പെൺകുട്ടികളുടെ ടീം വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ, കേഡറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും അക്കാദമിയിലെ താരങ്ങൾ സ്വന്തമാക്കി.
ഈ വർഷത്തെ സംസ്ഥാന ചാമ്പ്യന്മാരായ ടിയ എസ് മുണ്ടൻകുര്യൻ, ഹെലർ നിജോ എന്നിവർ അക്കാദമിയിലെ താരങ്ങളാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ പെൺകുട്ടികളുടെ എല്ലാ വിഭാഗത്തിലും ചാമ്പ്യന്മാരായ തൃശ്ശൂർ ടീമിനെ മുന്നിൽനിന്നു നയിച്ചത് അക്കാദമിയിലെ താരങ്ങളാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ദേശീയ മത്സരങ്ങളുടെ ഒരുക്കത്തിലാണ് അക്കാദമിയിലെ താരങ്ങൾ ഇപ്പോൾ.
ക്രൈസ്റ്റ് കോളേജിൽ പ്രവർത്തിക്കുന്ന അക്കാദമിയിൽ രാവിലെ 6 മണി മുതൽ 8 മണി വരെയും വൈകിട്ട് 4 മണി മുതൽ 9 മണി വരെയും നടത്തുന്ന പരിശീലന ക്യാമ്പിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 60 ഓളം കുട്ടികൾ ആണ് ദിവസവും പരിശീലനം നടത്തുന്നത് .
ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ, കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പാൾ ഫാ. ജോയി ആലാപ്പാട്ട്, കായിക വിഭാഗം മേധാവി ഡോ.ബിന്റു ടി കല്യാൺ, ഡോ. സെബാസ്റ്റ്യൻ കെ എം എന്നിവരാണ് അക്കാദമിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മിഥുൻ ജോണി, ആദർശ് ടോം എന്നിവരാണ് അക്കാഡമിയിലെ പരിശീലകർ.