കൊലപാതകത്തിനു ശേഷം ഒളിവിൽ പോയി വിദേശത്തേക്ക് കടന്ന പ്രതിയെ ദുബായിൽ ചെന്ന് പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്

ഇരിങ്ങാലക്കുട : കൊലപാതകത്തിനു ശേഷം ഒളിവിൽ പോയി വിദേശത്തേക്ക് കടന്ന പ്രതിയെ ദുബായിൽ ചെന്ന് പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. 18 വർഷത്തോളമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വാടാനപ്പള്ളി ധനേഷ് വധക്കേസിലെ മൂന്നാം പ്രതി രാകേഷിനെയാണ് റെഡ് കോർണർ നോട്ടീസ് പ്രകാരം ഇന്റർപോളിന്റെ സഹായത്തോടെ ദുബായിൽ നിന്നും പിടികൂടിയത്. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. നാരായണൻ ടി. ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2008-ൽ ഏങ്ങണ്ടിയൂരിൽ തിരുമംഗലം സ്വദേശി ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയെ റെഡ് കോർണർ നോട്ടീസ് പ്രകാരമുള്ള കുറ്റവാളി കൈമാറ്റ നടപടികളിലൂടെ യു.എ.ഇ.-യിലെ ദുബായിൽ ചെന്ന് പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. ഏങ്ങണ്ടിയൂർ വില്ലേജ് വേട്ടയ്ക്കൊരുമകൻകടവ് ദേശത്ത് ഉണ്ണിക്കൊച്ചൻ വീട്ടിൽ രാകേഷ് (46) ആണ് പിടിയിലായത്.

രാകേഷ് വിദേശത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പ്രതിയെ പിടികൂടി ഇന്ത്യയിലെത്തിക്കുന്നതിനായി സി.ബി.ഐ.-യുടെ ഇന്റർപോൾ വിഭാഗം മുഖേന റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും, തുടർന്ന് അന്താരാഷ്ട്ര നടപടിക്രമങ്ങളും കുറ്റവാളി കൈമാറ്റ നടപടികളും പൂർത്തിയാക്കുകയുമായിരുന്നു.

പ്രതിയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തൃശ്ശൂർ ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് അശ്വിത് കാരൺമയിൽ, ഇന്റർപോൾ ലെയ്‌സൺ വിങ് സബ് ഇൻസ്‌പെക്ടർ ബിജുകുമാർ, വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ജി.എസ്.സി.പി.ഒ. ഫിറോസ് എന്നിവരെ ദുബായിലേക്ക് അയക്കുകയാരുന്നു. തുടർന്ന് ഇവർ ദുബായിലെത്തി റെഡ് കോർണർ നോട്ടീസ് പ്രകാരം നാല് മാസമായി അവിടെ തടഞ്ഞുവെച്ചിരിക്കുകയായിരുന്ന പ്രതിയെ ഏറ്റുവാങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. അവിടെ നിന്നും പ്രതിയെ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ എബിൻ ഏറ്റുവാങ്ങി നിയമാനുസൃത നടപടികൾ പൂർത്തിയാക്കി അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയതു.

2008 ഒക്ടോബർ ഒന്നിന് വൈകിട്ട് ആറുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുജിത്ത് വധക്കേസുമായി ബന്ധപ്പെട്ട വൈരാഗ്യത്തെത്തുടർന്നാണ് ധനേഷിനെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തി ധനേഷിനെ കൊലപ്പെടുത്തിയത്. കേസിൽ ആകെ പതിനൊന്ന് പ്രതികളാണ് ഉള്ളത്. ഒന്നുമുതൽ ആറുവരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. ഇവർ കാറിലും ബൈക്കിലുമായി മാരകായുധങ്ങളായ വാളുകളും മഴുവുമായി ഏങ്ങണ്ടിയൂർ തിരുമംഗലം ക്ഷേത്രത്തിന് സമീപമുള്ള കുടുംബവേദി വെൽഫെയർ സൊസൈറ്റിയുടെ മുൻവശത്തെ കോളനി റോഡ് ജംഗ്ഷനിലെത്തി ശേഷം അവിടെ സുഹൃത്തിനോട് സംസാരിച്ചുനിൽക്കുകയായിരുന്ന ധനേഷിനെ പ്രതികൾ വാളുകളും മഴുവും ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ധനേഷിനെ പ്രതികൾ പിന്തുടർന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനേഷ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.

കേസിൽ അന്വേഷണം പൂർത്തിയാക്കി 2009 ഡിസംബർ 24-ന് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. നിലവിൽ തൃശ്ശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിലാണ്. വിചാരണ നടപടികൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. കൊലപാതകത്തിന് ശേഷം ശേഷം ഒളിവിൽ പോയ മൂന്നാം പ്രതി രാകേഷ് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനായി ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എൽ.പി. (Long Pending) വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഈ കേസിലെ രണ്ടാം പ്രതി ഏങ്ങണ്ടിയൂർ തിരുമംഗലം സ്വദേശി ഒളാട്ട് വീട്ടിൽ ഉത്തമൻ (51), നാലാം പ്രതി ഏങ്ങണ്ടിയൂർ ഏത്തായി സ്വദേശി പൊന്നാനിക്കൽ വീട്ടിൽ ഉല്ലാസ് (46), അഞ്ചാം പ്രതി ഏങ്ങണ്ടിയൂർ ഏത്തായി സ്വദേശി എടമന വീട്ടിൽ കണ്ണൻ (46), ആറാം പ്രതി ചാവക്കാട് ദ്വാരക ബീച്ച് ദേശം സ്വദേശി ആറുകെട്ടി വീട്ടിൽ സജീവൻ (45), ഏഴാം പ്രതി ഏങ്ങണ്ടിയൂർ തിരുമംഗലം സ്വദേശി ചെമ്പൻ വീട്ടിൽ പ്രത്യൂഷ് (36), എട്ടാം പ്രതി ഏങ്ങണ്ടിയൂർ സ്വദേശി വടക്കുംഞ്ചേരി വീട്ടിൽ ബിജു (49), ഒൻപതാം പ്രതി ഏങ്ങണ്ടിയൂർ ഏത്തായി സ്വദേശി ആറുകെട്ടി വീട്ടിൽ ബിനോജ് കുമാർ (52), പത്താം പ്രതി വാടാനപ്പള്ളി ബീച്ച് സ്വദേശി തയ്യിൽ വീട്ടിൽ മണികണ്ഠൻ (42), പതിനൊന്നാം പ്രതി നാട്ടികപള്ളം ബീച്ച് സ്വദേശി ഉണ്ണിയാരംപുരയ്ക്കൽ വീട്ടിൽ ഗിൽബിഷ് (44) എന്നിവരെ മുൻപ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. വിദേശത്ത് ഒളിവിൽ കഴിയുന്ന മറ്റ് കേസുകളിലെ പ്രതികളെ പിടികൂടുന്നതിനായി തുടർന്നും ഇത്തരത്തിലുള്ള ശക്തമായ നടപടികൾ സ്വീകരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page