ഇരിങ്ങാലക്കുട : കഥകളിരംഗത്തെ നിസ്തുലമായ പ്രവർത്തനങ്ങൾ, കൂത്ത്, കൂടിയാട്ടം തുടങ്ങിയ മറ്റ് രംഗകലകളുടെ പ്രചാരത്തിന് നടത്തിയ പ്രയത്നങ്ങൾ, കഥകളിയെക്കുറിച്ച് വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങളുടെ രചന തുടങ്ങി കലകളേയും, കലാകാരന്മാരേയും സമൂഹവുമായി ബന്ധിപ്പിക്കുന്നതിനുതകുന്ന അശ്രാന്തപരിശ്രമങ്ങൾ പരിഗണിച്ച് ചന്ദ്രപ്രഭ പുരസ്ക്കാരത്തിനായി പള്ളം ചന്ദ്രനെന്ന ടി എസ് ചന്ദ്രശേഖരൻ പിള്ളയെ കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോക്ടർ ടി കെ നാരായണൻ (ചെയർമാൻ), പദ്മ ശ്രീ പുരസ്‌കൃതൻ പെരുവനം കുട്ടൻമാരാർ (മുഖ്യ ഉപദേഷ്ടാവ്), ഡോ. നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ, ടി നന്ദകുമാർ എന്നിവരടങ്ങുന്ന പുരസ്ക്കാരനിർണ്ണയ സമിതി ഏകകണ്ഠമായി നിർദ്ദേശിച്ചു.
സമൂഹത്തിലെ വിവിധ കലാമേഖലകളിൽ കനത്ത സംഭാവനകൾ നല്കിയ മറ്റ് പല വ്യക്തികളിൽനിന്നുമാണ്, സാംസ്ക്കാരികരംഗത്തെ സമഗ്രസംഭാവനകളെ മാനിച്ച് പ്രഥമ കെ വി ചന്ദ്രൻ സ്മാരക ‘ചന്ദ്രപ്രഭ’ പുരസ്കാരം പള്ളം ചന്ദ്രനെ തെരഞ്ഞെടുത്തതെന്ന് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അധികൃതർ അറിയിച്ചു. പതിനയ്യായിരം രൂപയും, പ്രശസ്തശില്പി രൂപകല്പന ചെയ്യുന്ന ഫലകവും, കീർത്തിപത്രവും, അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഏഴരപ്പതിറ്റാണ്ടിലേറെക്കാലമായി, കഥകളിരംഗത്ത് കാലദേശശൈലീഭേദമെന്യേ സർവ്വരും ആദരിക്കുന്ന അദ്ദേഹം മദ്ധ്യതിരുവിതാംകൂറിലെ സാംസ്ക്കാരികരംഗത്ത് നവതിപിന്നിട്ടവേളയിലും സജീവസാന്നിദ്ധ്യമായി നിറഞ്ഞുനില്ക്കുന്നു. കോട്ടയം ‘കളിയരങ്ങ്’ എന്ന കലാസ്ഥാപനത്തിന്റെ സ്ഥാപക സെക്രട്ടറിയായി നാലരപ്പതിറ്റാണ്ടിലേറെക്കാലം പ്രവർത്തിക്കുകയും ഇന്നും പ്രവർത്തകസമിതിയിൽ തുടരുകയും ചെയ്യുന്നു. കേരള കലാമണ്ഡലത്തിൻ്റെ എം കെ കെ നായർ സ്മാരക സമഗ്രസംഭാവനാപുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. കഥകളി കലാകാരനായിരുന്ന പള്ളം മാതുപിള്ളയുടെ ചെറുമകനാണ്.
ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ ആരംഭകാലം മുതല്ക്കേ സർവ്വസ്വമായി വർത്തിച്ച്, സമൂഹത്തിലെ എല്ലാതുറയിലും സമർപ്പിതജീവിതത്തിൻ്റെ നേർസാക്ഷ്യമായിരുന്ന കെ വി ചന്ദ്രൻ്റെ സ്മരണ നിത്യദീപ്തമായി നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കഥകളി ക്ലബ്ബ് ഈ പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
2022ലെ മഹാനവമി ദിവസമാണ് കെ വി ചന്ദ്രൻ വാരിയർ നമ്മെ വിട്ടുപോയത്. അതത് വർഷങ്ങളിൽ മഹാനവമിദിവസംതന്നെ പുരസ്ക്കാരം പ്രഖ്യാപിച്ച്, ക്ലബ്ബിൻ്റെ വാർഷികദിനത്തിൽ സമർപ്പിക്കുക എന്ന ആശയമാണ് ക്ളബ്ബിനുള്ളത്. 2026 ജനുവരി 24, 25, 26 തിയ്യതികളിലായി നടക്കുന്ന ക്ലബ്ബിൻ്റെ അമ്പത്തിയൊന്നാമത് വാർഷികാഘോഷത്തിലെ സമ്മേളനത്തിൽ പുരസ്ക്കാരം സമർപ്പിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

