ഇരിങ്ങാലക്കുടയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ‘നടന്നറിഞ്ഞ്’ ജോസഫ്സ് കോളേജ് വിദ്യാർത്ഥികൾ; ഐ.കെ.എസ് ക്ലബ് സംഘടിപ്പിച്ച ‘ഹെറിറ്റേജ് വാക്ക്’ ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം നേരിട്ടറിഞ്ഞ് സെന്റ് ജോസഫ്സ് കോളേജിലെ ഇന്ത്യൻ നോളഡ്ജ് സിസ്റ്റംസ് (IKS) സെന്ററിന്റെയും ഐ.കെ.എസ്. ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഹെറിറ്റേജ് വാക്ക്’ (പൈതൃക യാത്ര) ശ്രദ്ധേയമായി. ‘നടനകൈരളി’ സന്ദർശിച്ച വിദ്യാർത്ഥികൾ, അവിടെ ‘നവരസ സാധന’ കളരിയിൽ പരിശീലനം നടത്തുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പ്രമുഖ കലാകാരന്മാരുമായും അഭിനയ കുലപതി ഗുരു ജി. വേണുവുമായും സംവദിച്ചത് യാത്രയിലെ വേറിട്ട അനുഭവമായി.

വിദ്യാർത്ഥികളിൽ പ്രാദേശിക ചരിത്രത്തെക്കുറിച്ചും കലാരൂപങ്ങളെക്കുറിച്ചും ആഴത്തിലുള്ള അവബോധവും പൈതൃകബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് ജോസഫ്സ് കോളേജ് ഈ സാംസ്കാരിക യാത്ര സംഘടിപ്പിച്ചത്.



രാവിലെ കോളേജ് കാമ്പസിലെ ‘ഋതുമുറ്റത്തു’ നിന്നാണ് പൈതൃക യാത്രയ്ക്ക് തുടക്കമായത്. ഷണ്മുഖം കനാലിന്റെ സ്മാരക സ്തൂപത്തിന് സമീപം എത്തിയ സംഘത്തോട് വാർഡ് കൗൺസിലർ വി. പി. ശിവകുമാർ സംവദിക്കുകയും കനാലിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

തുടർന്ന് അയ്യങ്കാവ് മൈതാനം, ചരിത്രപ്രസിദ്ധമായ കുട്ടംകുളം, കൂടൽമാണിക്യം ക്ഷേത്ര പരിസരം, കൂടിയാട്ട പരിശീലന കേന്ദ്രമായ അമ്മന്നൂർ ഗുരുകുലം എന്നിവിടങ്ങൾ സന്ദർശിച്ചു. കെ. എൻ. പിഷാരടി കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശൻ നമ്പീശൻ വിദ്യാർത്ഥികളോട് സംവദിക്കുകയും ഈ കേന്ദ്രങ്ങളുടെ ചരിത്ര-സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.



തിരുവിതാംകൂർ രാജാവിന്റെ പ്രതിനിധിയായിരുന്ന തച്ചുട കൈമളുടെ ഭരണകാര്യാലയമായിരുന്ന കൊട്ടിലാക്കൽ സമുച്ചയം, കൈമൾ ബംഗ്ലാവിന്റെ തിരുഅവശേഷിപ്പുകൾ, കൂടൽമാണിക്യം ക്ഷേത്ര ഗോപുരനട, കൂത്തമ്പലം എന്നിവയും വിദ്യാർത്ഥികൾ കണ്ടറിഞ്ഞു. കൂടിയാട്ടത്തിന്റെ ആഗോള കേന്ദ്രമായ അമ്മന്നൂർ ഗുരുകുലത്തിൽ എത്തിയ സംഘം പ്രശസ്ത കലാകാരി സരിതാ കൃഷ്ണകുമാറുമായും സംവാദം നടത്തി.



യാത്രയുടെ പ്രധാന ആകർഷണമായ നടനകൈരളി സന്ദർശനവേളയിൽ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ‘നവരസ സാധന’യിൽ പങ്കെടുക്കാനെത്തിയ അഭിനേതാക്കളുമായി വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി. ഗുരു ജി. വേണു വിദ്യാർത്ഥികളുമായി കലയുടെ വർത്തമാനങ്ങളെക്കുറിച്ച് സംസാരിച്ചു.

യാത്രയുടെ അവസാന ഘട്ടത്തിൽ ചരിത്രപ്രസിദ്ധമായ മഹാത്മാഗാന്ധി ലൈബ്രറി സന്ദർശിച്ച സംഘത്തോട് ലൈബ്രറി സെക്രട്ടറി അഡ്വ. അജയകുമാർ സംവദിക്കുകയും അവിടുത്തെ അപൂർവ്വ ഗ്രന്ഥശേഖരത്തെയും വായനശാലയുടെ പാരമ്പര്യത്തെയും കുറിച്ച് വിശദീകരിക്കുകയും ചെയ്തു. മഹാത്മാഗാന്ധി ലൈബ്രറിയിലുള്ള അപൂർവ്വ ഗ്രന്ഥശേഖരം സെന്റ് ജോസഫ്സ് കോളേജുമായി സഹകരിക്കുന്ന ഡിജിറ്റലൈസേഷൻ സംരംഭമായ ‘ഗ്രന്ഥപ്പുര’ പദ്ധതിയുമായി ചേർത്ത് ഡിജിറ്റലായി സംരക്ഷിക്കാനുള്ള സഹകരണം കോളേജ് അധികൃതർ ലൈബ്രറി ഭാരവാഹികൾക്ക് വാഗ്ദാനം ചെയ്തു.



ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ ജോയിൻ്റ് സെക്രട്ടറി പ്രദീപ് നമ്പീശൻ, ഭരണാസമിതി അംഗം ശ്രീരാമൻ എന്നിവർ അമ്മന്നൂർ ഗുരുകുലം, നടനകൈരളി സന്ദർശനത്തിൽ ഒപ്പം ഉണ്ടായി. കഥകളി ക്ലബ്ബുമായി സഹകരിച്ച് വരുംദിവസങ്ങളിൽ ഐ.കെ.എസ്. സെന്ററിന്റെ കീഴിലുള്ള ഐ.കെ.എസ്. ക്ലബ്ബിന്റെ (IKS Club) പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും കൂടുതൽ സാംസ്കാരിക-പൈതൃക പദ്ധതികൾക്ക് രൂപം നൽകുമെന്നും കോളേജ് അധികൃതർ അറിയിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, IKS സെന്റർ ഡയറക്ടർ ഡോ. വി. എസ്. സുജിത, അംഗങ്ങളായ അദ്ധ്യാപകർ ലിറ്റി ചാക്കോ, ഡോ. ജോസ് കുര്യാക്കോസ്, ഡോ. ബിനു ടി. വി., ഡോ. ഷെറിൻ ജോസ് ടി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page