നാലമ്പല ദർശനത്തോടനുബന്ധിച്ച് ഇത്തവണ കൂടൽമാണിക്യത്തിൽ വരികളിൽ ക്യൂ നിൽക്കാതെ ദർശനം നടത്താം, പക്ഷേ ചെലവേറും. – 1000 രൂപയുടെ നെയ്യ് വിളക്ക് വഴിപാടിൽ രണ്ട് പേർക്ക് ‘സ്പെഷ്യൽ എൻട്രി ദർശന’ ത്തിന് സൗകര്യം – തീരുമാനത്തിനെതിരെ മുൻ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ രംഗത്ത് …

ഇരിങ്ങാലക്കുട : ജൂലായ് 16 മുതൽ ആരംഭിക്കുന്ന ഒരുമാസത്തെ നാലമ്പല തീർത്ഥാടനത്തോടനുബന്ധിച്ച് ഇത്തവണ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വരികളിൽ ക്യൂ നിൽക്കാതെ വേഗത്തിൽ ദർശനം നടത്തുവാനുള്ള ‘സ്പെഷ്യൽ എൻട്രി ദർശന’ത്തിന് സൗകര്യം നിലവിൽ വരുന്നു . 1000 രൂപയുടെ നെയ്യ് വിളക്ക് വഴിപാടിൽ രണ്ട് പേർക്ക് ‘ ദർശനം നടത്താമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ മുൻ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ രംഗത്ത് വന്നു.

1000 രൂപ ഈടാക്കി സ്പെഷ്യൽ ക്യൂ സംവിധാനം കൂടൽമാണിക്യത്തിൽ ഏർപ്പെടുത്തുന്നത് തീർത്തും വിവേചനപരമാണെന്നും, ഇത് പൈസ ഉള്ളവരും ഇല്ലാത്തവരും എന്ന വേർതിരിവ് ഉണ്ടാക്കുമെന്നും , ഈ തീരുമാനത്തിൽ നിന്നും ദേവസ്വം പിന്മാറ്റണം എന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകിയെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ദേവസ്വം എടുത്ത തീരുമാനത്തിൻ മാറ്റമില്ലെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി എന്നിവർ പറഞ്ഞു.

മുൻ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോന്റെ പ്രസ്താവനയുടെ പൂർണ രൂപം ….

നാലമ്പല ദർശനത്തോടനുബന്ധിച്ച് ഭക്തജനങ്ങളിൽ നിന്നും 1000 രൂപ ഈടാക്കി സ്പെഷ്യൽ ക്യൂ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിവേദനം.

പ്രളയം, കോവിഡ് എന്നിവ മൂലം നാലുവർഷക്കാലത്തോളം നാലമ്പല ദർശനം കാര്യമായി തടസ്സപ്പെടുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി ക്ഷേത്രത്തെ ബാധിക്കുകയും ചെയ്ത 2022, 2023 കാലങ്ങളിലു പോലും നാലമ്പല ദർശനവുമായി ബന്ധപ്പെട്ടു മേൽ സൂചിപ്പിച്ച വിധത്തിൽ പ്രത്യേക തുക ഈടാക്കി സ്പെഷ്യൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നത് ചർച്ചയ്ക്ക് വന്നിരുന്നപൊഴും അത്തരത്തിലുള്ള വരുമാനം വേണ്ടെന്ന് വയ്ക്കുകയാണുണ്ടായത്.

കർക്കട മാസത്തിൽ മാത്രം കേരളത്തിന്റെ നാനാഭാഗത്തു നിന്നും സ്പെഷ്യൽ ബസ്സുകളിലും കാറുകളിലുമായി പതിനായിരക്കണക്കിന് ഭക്തന്മാർ നാലമ്പല ദർശനത്തിന് എത്തുന്നു. 1000 രൂപ ഈടാക്കി സ്പെഷ്യൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നത് തീർത്തും വിവേചനപരമാകുന്നു. ഇത് പൈസ ഉള്ളവരും ഇല്ലാത്തവരും എന്ന വേർതിരിവ് ഉണ്ടാക്കുന്നു. ദയവായി ഈ തീരുമാനത്തിൽ നിന്നും പിന്മാറ്റണം എന്ന് അഭ്യർത്ഥിക്കുന്നു.

മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ഈ സംവിധാനം നിലവിലില്ല. ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ മാത്രം ഇത്തവണ ഇങ്ങനെ സംവിധാനം വരുത്തുകയാണെങ്കിൽ ഭാവിയിൽ മറ്റു മൂന്നു ക്ഷേത്രങ്ങളിലും ഇതു വരുവാനും അതുവഴി 4000 രൂപയോളം സ്പെഷ്യൽ ഫീസ് നൽകുവാനും നിർബന്ധിതരാകുന്നു. കൂടാതെ, കേരളത്തിന്റെ നാനാഭാഗത്തുനിന്നും കൂട്ടംകൂട്ടമായിട്ടാണ് അവർ വരുന്നത്.

നാലമ്പല സമയത്ത് ഭക്തജനങ്ങളിൽ നിന്നും ഇപ്പോൾ തന്നെ നല്ലൊരു വരുമാനം നാലു ക്ഷേത്രങ്ങൾക്കും കിട്ടുന്നു. അവർക്കുവേണ്ട പ്രാഥമിക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. സ്പെഷ്യൽ തുക ഈടാക്കി സ്പെഷ്യൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നത് ഒരുവിധത്തിലും യോജിക്കുവാൻ കഴിയുകയില്ല. ഇത് ഭക്തജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകും. പൈസ ഉള്ളവർക്കു മാത്രമായി ക്ഷേത്രദർശനം മാറുന്നത് ഒരിക്കലും ന്യായീകരിക്കുവാൻ കഴിയുകയില്ല. ശ്രീ ഗുരുവായൂർ ക്ഷേത്രത്തിന്റെ നെയ്യ് വിളക്കുമായി സംവിധാനവുമായി കൊല്ലത്തിൽ ഒരു മാസം മാത്രമുള്ള നാലമ്പല ക്ഷേത്രദർശനത്തെ ബന്ധപ്പെടുത്തുന്നതും ശരിയല്ല.

സംഗമേശ്വരന്റെ മുന്നിൽ എല്ലാവരും തുല്യരാണ്. അതിനാൽ, എല്ലാവർക്കും എത്രയും പെട്ടെന്ന് ദർശനം നടത്തി പോകുവാനുള്ള സംവിധാനം ഒരുക്കുകയും, സ്പെഷ്യൽ ക്യൂ സിസ്റ്റം വേണ്ടെന്ന് വയ്ക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page