ഇന്നസെൻ്റും – പി ജയചന്ദ്രനും അതുല്യ കലാകാരന്മാർ: മന്ത്രി കെ.ബി ഗണേഷ്കുമാർ

ഇരിങ്ങാലക്കുട : അഭിനയ പ്രതിഭയായ ഇന്നസെൻ്റും ഭാവഗായകൻ പി ജയചന്ദ്രനും അതുല്യ കലാകാരന്മാരായിരുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരികോത്സവത്തിൽ ഇന്നസെന്റ്-പി ജയചന്ദ്രൻ സ്മരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നസെൻ്റിനും പി ജയചന്ദ്രനും സമാനതകളേറെയാണ്. നിഷ്കളങ്കരും വലിയ സൗഹ്യദവലയത്തിന് ഉടമകളുമായിരുന്നു ഇരുവരും. തമാശകൾ പറയുന്ന തമാശകൾ ആസ്വദിക്കുന്ന ഇന്നസെൻ്റ് മികച്ച നിർമ്മാതാവ് കൂടിയായിരുന്നു. അമ്മയുടെ പ്രസിഡൻ്റായി മരണം വരെ തിളങ്ങി നിന്നു. പ്രതിസന്ധികളിൽ ഉഴറാതെ സംഘടനയെ മുന്നോട്ടു നയിച്ച മികച്ച ഒരു നേതാവായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും ഹാസ്യം കണ്ടെത്തിയ അദ്ദേഹം അതേ ചിരിയോടെയാണ് തനിക്കു മേൽ പിടിമുറുക്കിയ കാൻസറിനെയും നേരിട്ടത്. തമാശ കണ്ടെത്തി ചിരിക്കാൻ കഴിഞ്ഞാൽ എത്ര വലിയ പ്രതിസന്ധിയെയും അഭിമുഖീകരിക്കാനാകുമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ഇന്ന് നമുക്ക് ഒഴിനെതിരെ നീന്താൻ പറ്റിയ കാലമാണ്. അല്ലെങ്കിൽ ഒഴുക്കിനൊപ്പം നീന്തണം. എന്നാൽ അക്കാലത്ത് ഒഴുക്കിനെതിരെ നീന്തിക്കയറി മലയാള സിനിമാഗാന രംഗത്ത് സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് പി ജയചന്ദ്രൻ. ഏതൊരു പാട്ടും വളരെ നിസാരമായി പാടുന്ന അദ്ദേഹം മനോഹരമായ ഒട്ടനവധി ഗാനങ്ങളാണ് മലയാളിക്ക് സമ്മാനിച്ചത്. എല്ലാ കാലത്തും സിനിമയിൽ ഒരു കോക്കസ് ഉണ്ട്. ആരാണ് ശത്രു ആരാണ് മിത്രമെന്ന് തിരിച്ചറിയാനായില്ല. രാഷ്ട്രീയത്തിലാണെങ്കിൽ പ്രതിപക്ഷമുണ്ടാകും. ഫുട്ബോളിൽ എതിർ ടീമുണ്ടാകും. എന്നാൽ സിനിമയിൽ അത്തരമൊരു എതിർ ടീമുണ്ടാകില്ല. പുറകിൽ നിന്നായിരിക്കും കുത്ത് വരിക. ആ സിനിമയിലെ രാഷ്ട്രീയത്തെ നിഷ്കളങ്കത കൊണ്ട് നേരിട്ട വ്യക്തിത്വങ്ങളാണ് ഇന്നസെൻ്റും പി ജയചന്ദ്രനുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ മന്ത്രി ആർ ബിന്ദു ആദരിച്ചു. സംവിധായകൻ പി ജി പ്രേംലാൽ, ജയരാജ് വാര്യർ, ജൂനിയർ ഇന്നസെൻ്റ് എന്നിവർ പങ്കെടുത്തു. പി മണി സ്വാഗതവും അഡ്വ. പി ജെ ജോബി നന്ദിയും പറഞ്ഞു. തുടർന്ന് ജയരാജ് വാര്യരുടെ ഗാനാഞ്ജലിയും അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page