ഇന്നസെന്റിന്റെ നിര്യാണം മലയാളികളെ മുഴുവൻ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുന്ന സമയമാണല്ലോ. ഇവിടെ എൻടെ ഈ ചെറിയ ഓർമ്മക്കുറിപ്പിന്ടെ മൂല്യവും പ്രസക്തിയും എത്രയുണ്ടെന്നറിയില്ല. ഒരു സാധാരണ മറുനാടൻ മലയാളിയുടെ അനുസ്മരണം എന്ന് കരുതിയാൽ മതി.
1994 ലാണ് ഹൈദരാബാദിൽ മൈത്രി എന്ന മലയാളി സംഘടനക്ക് ഞങ്ങൾ രൂപം കൊടുക്കുന്നത്. ഓണക്കാലമായതിനാൽ ഓണാഘോഷത്തോടെ ആരംഭം കുറിക്കാം എന്ന് തീരുമാനിച്ചു. വിശിഷ്ടാതിഥി ആര് വേണം എന്നാലോചിക്കുമ്പോൾ എല്ലാവരും എന്നെ നോക്കി ചോദിച്ചു ഇന്നസെന്റിനെ കിട്ടുമോ? ഇന്നസെന്റുമായി അത്യാവശ്യം പരിചയമുണ്ടെങ്കിലും ഇവിടേക്ക് കൊണ്ടുവരുവാൻ ആകുമോ എന്ന് തീർച്ചയില്ലായിരുന്നു. എന്തായാലും അദ്ദേഹത്തെ വിളിച്ചു. സ്വതസിദ്ധമായ നർമത്തോടെ അദ്ദേഹം പറഞ്ഞു “ഞാൻ കുറച്ചു മൈത്രി നോക്കി നടക്കുകയാ. അത് ഹൈദരാബാദിൽ നിന്ന് തന്നെ ആകട്ടെ” (അന്ന് ഹൈദരാബാദ് സിനിമ ഷൂട്ടിങ്ങിന്ടെ താല്പര്യകേന്ദ്രം ആയി വരുന്നതേ ഉള്ളു, രാമോജി ഫിലിം സിറ്റിയും പ്രസിദ്ധി ആർജ്ജിച്ചിട്ടില്ല ) എന്നാലും ഒരു ഉറപ്പായിക്കോട്ടെ എന്ന് കരുതി പ്രശസ്ത സാഹിത്യകാരൻ രാമനാഥൻ മാഷെക്കൊണ്ടു ഒന്ന് വിളിപ്പിച്ചു. എൻ്റെ ഗുരുവും, മാതുല സ്ഥാനീയനും ആണ് മാഷ്.
അന്ന് കേരളത്തിൽ നിന്നും ഹൈദരാബാദിലേക്ക് നേരിട്ട് വിമാന സർവീസില്ല. ബാംഗ്ലൂർ വഴിയോ, ചെന്നൈ വഴിയോ വരണം. പ്രൈവറ്റ് വിമാനങ്ങൾ നിലവിലില്ല, ഇന്ത്യൻ എയർലൈൻസ് മാത്രം. ബാംഗ്ലൂർ വഴിയുള്ള വിമാനത്തിൽ ബിസിനസ് ക്ലാസ് ടിക്കറ്റ് അയച്ചു കൊടുത്തു. ഇതൊക്കെ ആണെങ്കിലും എൻടെ സുഹൃത്തുക്കളുടെ സംശയം മാറിയില്ലായിരുന്നു. “ഇന്നസെൻറ് വരുമല്ലോ അല്ലെ?” അവരെയും കുറ്റം പറയാൻ പറ്റില്ല കാരണം വരാമെന്നേറ്റ മുഖ്യാതിധികൾ അവസാന നിമിഷം പിന്മാറുക എന്നത് ഇന്നും വിരളമല്ല.
ആ ദിവസം വന്നെത്തി. ഞങ്ങൾ വിമാനത്താവളത്തിൽ എത്തുന്നു ( അന്ന് സിറ്റിയുടെ ഉള്ളിൽ തന്നെ ആണ് വിമാനത്താവളം) ബാംഗ്ലൂർ ഫ്ലൈറ്റ് എത്തി. ആളുകൾ എല്ലാം പോയി. ഇന്നസെന്റിനെ കാണാനില്ല.സുഹൃത്തുക്കൾ പരിഹാസ രൂപേണ എന്നെ നോക്കുന്നു, “ഞങ്ങൾ പറഞ്ഞതല്ലേ?” (അദ്ദേഹം വരില്ല എന്ന്) ഞാനും ആകെ വിഷമത്തിലായി. തിരിച്ചു പോകാൻ തുടങ്ങുമ്പോൾ പുറത്താരോ തട്ടുന്നു. “എന്താടോ ഞാൻ പറ്റിച്ചു എന്ന് വിചാരിച്ചോ?” സാക്ഷാൽ ഇന്നസെൻറ്. ഇതെന്തു മറിമായം എന്ന് ചോദിയ്ക്കാൻ പോയപ്പോളേക്കും അദ്ദേഹം, “ബിസിനസ് ക്ലാസ് ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടു എനിക്കറിയാം. ഞാനും കുറെ സംഘടനകൾ നടത്തിയിട്ടുള്ളതല്ലേ. അത് ഞാൻ റദ്ദാക്കി. പൈസ നിങ്ങളുടെ അക്കൗണ്ടിൽ വരും. എനിക്ക് ചെന്നൈയിൽ കുറച്ചു ജോലിയുണ്ടായിരുന്നു അത് കഴിഞ്ഞു ഇങ്ങോട്ടു പോന്നു.” ഇപ്പോളോ എന്ന ഭാവത്തോടെ ചുറ്റും ഉള്ളവരെ നോക്കുന്ന എന്നോട് ഇന്നസെന്റ്, “ഇയാൾ ഞാൻ തല ഊരിയാലോ എന്ന് വിചാരിച്ചു രാമനാഥൻ മാഷെക്കൊണ്ടു ഒരു കുടുക്ക് ഇടീച്ചു. തിരിച്ചു ചെന്നാലേ അതഴിക്കു .” അങ്ങിനെ അന്നത്തെ സമ്മേളനത്തിന്റെ മുഖ്യാതിഥി ആയി ഇന്നസെൻറ്.
അദ്ദേഹവുമായുള്ള സൗഹൃദം തുടർന്നു കൊണ്ടേയിരുന്നു. “കാക്കക്കുയിൽ” സിനിമയുടെ കുറെ ഏറെ രംഗങ്ങൾ ഹൈദരാബാദിൽ ആണ് ചിത്രീ കരിച്ചതു. അവിടത്തെ സെറ്റിൽ ഒരു ദിവസം ഇന്നസെൻറ് ഞങ്ങളെ കൊണ്ട്പോയി. മോഹൻലാൽ, നെടുമുടി വേണു, മുകേഷ്, കവിയൂർ പൊന്നമ്മ എന്നിങ്ങനെ ഉള്ള നടീ-നടന്മാരോട് നേരിട്ട് ഇടപഴകുവാനും അവരോടൊത്തു ലഘു ഭക്ഷണം കഴിക്കുവാനും അന്ന് സാധിച്ചു.
ഇന്നസെന്റിനെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും ഓടി എത്തുന്നു. പിന്നെ ഒരിക്കൽ ആകട്ടെ. ആദരാഞ്ജലികൾ