ഹാസ്യസാമ്രാട്ടിന്‍റെ അന്ത്യയാത്രയും ചരിത്രമാക്കിയവർക്ക് ഇരിങ്ങാലക്കുടയുടെ നന്ദി: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : ഏതു ദുർഘടത്തിലും ആത്മവിശ്വാസം വളർത്തുന്ന, അതിജീവിക്കാൻ പ്രേരണയേകുന്ന ഊർജ്ജമായിരുന്നു ഇന്നസെന്റിന്‍റെ ജീവിതമെങ്കിൽ, ആ ജീവിതത്തിന്‍റെ അന്ത്യയാത്രാവേളയും അതുതന്നെയാണ് സമ്മാനിച്ച് കടന്നുപോയിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏറ്റവും ചിട്ടയായും പരസ്പരം ഒരു പ്രയാസം വരുത്താതെയും ഇന്നസെന്റിനു യാത്രാമൊഴിയേകാൻ ഒഴുകിയെത്തിയവരെ ഇരിങ്ങാലക്കുടയുടെയാകെ പേരിൽ നന്ദിയും സ്നേഹവും അറിയിക്കുകയാണെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

എത്രയധികം നമ്മെ ചിരിപ്പിച്ചുവോ, അത്രയധികം കണ്ണീരും നമ്മിൽനിന്നുമൊഴുക്കിയാണ് ഇന്നസെന്റ് അവസാനയാത്രയായിരിക്കുന്നത്. ജീവിതാവസാനം വരെയും നർമ്മത്തിൽ പൊതിഞ്ഞു വാരിവിതറിയ ആ ജീവിതോർജ്ജം പലേ അളവിൽ സ്വജീവിതങ്ങളിലേക്ക് എടുത്തവരാണ് ഇക്കഴിഞ്ഞ രണ്ടുദിവസവും ഇടതടവില്ലാതെ, രാപ്പകൽ ഭേദമില്ലാതെ, ഇരിങ്ങാലക്കുടയിലേക്ക് ഒഴുകിയെത്തിയത്. ആ ഊർജ്ജത്തിന്റെ അവസാനകുമ്പിളും അന്ത്യദർശനം കൊണ്ട് ലഭിക്കാൻ അവർക്കാകെയും അവസരമേകിക്കൊണ്ടാണ് ഇരിങ്ങാലക്കുട സ്വന്തം ഹാസസാമ്രാട്ടിനെ യാത്രയാക്കിയിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളുടെ പരിച്ഛേദമെന്നല്ല, അവരാകെത്തന്നെയാണ് ഇരിങ്ങാലക്കുടയുടെ ഓമനപ്പുത്രനു യാത്രാമൊഴിയേകാൻ എത്തിയത്. സാധാരണക്കാരിൽ സാധാരണക്കാർ തൊട്ട് ഉന്നത കലാകാരന്മാർ വരെയുളളവർ ജന്മനാട്ടിലും വീട്ടിലും അനുശോചനച്ചടങ്ങിലും യാത്രയയച്ച സെന്റ് തോമസ് കത്തീഡ്രലിലുമെത്തി സ്നേഹമറിയിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ, നിയമസഭാ സ്‌പീക്കർ, പ്രതിപക്ഷ നേതാക്കൾ, എ പിമാരും എംഎൽഎമാരുമടങ്ങുന്ന ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, പ്രവർത്തകർ, തൊഴിലാളികൾ, ജീവനക്കാർ തുടങ്ങി അക്ഷരാർത്ഥത്തിൽ ജീവിതത്തിന്റെ നാനാതുറയിലുമുള്ളവർ. ഒപ്പം, സുഹൃത്തുക്കൾ, സഹപാഠികൾ, ചലച്ചിത്രരംഗത്തെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സഹപ്രവർത്തകർ എന്നിവരുടെ നീണ്ട നിര വേറെയും. ഇരിങ്ങാലക്കുട ടൗൺഹാളിലേക്കും രാത്രി ഏറെ വൈകിട്ടും വീട്ടിലേക്കും അവസാനം സെമിത്തേരി വരേക്കും അണമുറിയാതെ ആ പ്രവാഹംതുടർന്നു.

ഇത്രയധികം സ്നേഹം ഇരിങ്ങാലക്കുടയിലേക്ക് ഒഴുകിയെത്താൻ ആ സർഗ്ഗജീവിതംകൊണ്ട്, സ്നേഹാതിരേകങ്ങളുടെ ജീവിതമാതൃകകൊണ്ട് സാധിച്ചതിന് ഇരിങ്ങാലക്കുടക്കാരാകെയും ഇന്നസെന്റിനോട് കടപ്പെട്ടിരിക്കുന്നു. ഹൃദയസ്പൃക്കായ ഓരോ കഥകൾ, അനുഭവങ്ങൾ അദ്ദേഹവുമായി ബന്ധപ്പെട്ടവ ഇല്ലാത്തവരാരും തന്നെ ഈ ദിവസങ്ങളിൽ അന്ത്യോപചാരമർപ്പിക്കാൻ എത്തിയവരിൽ ഉണ്ടാവില്ല. ഏവരും തമ്മിൽപ്പറഞ്ഞും പറയാതെയും അവ പങ്കിട്ടതിന്റെ ചിരി ഉള്ളിൽ നിറച്ചാണ് ഇന്നസെന്റിന്റെ അവസാനയാത്രയെന്നു കരുതാനാണ്‌ ഇരിങ്ങാലക്കുടക്കാർ ഇഷ്ടപ്പെടുന്നത്. അങ്ങനെ, ജീവിതംകൊണ്ടും മരണംകൊണ്ടും തന്റെ നാടിന്റെ കീർത്തി മലയാളമാകെയും തൂവാൻ സാധിച്ചതിന്റെ ഉൾച്ചിരിയോടെയാണ് ഇന്നസെന്റിന്റെ അന്ത്യയാത്രയെന്നത് വേദനക്കിടയിലും ഇരിങ്ങാലക്കുടക്കാർക്ക് കണ്ണീരാർന്ന ആനന്ദമേകുന്നുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അദ്ദേഹത്തിന് യാത്രാമൊഴിയർപ്പിക്കാൻ ഒഴുകിയെത്തിയവർക്കെല്ലാം ആ ചിരിയും കണ്ണീരും ജീവിതാന്ത്യംവരെയും കൂടെയുണ്ടാവും – മന്ത്രി പറഞ്ഞു.

You cannot copy content of this page