ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷയൊരുക്കി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്. ഏപ്രിൽ 28 ന് ക്ഷേത്രത്തിൽ നടക്കുന്ന കൊടിയേറ്റത്തോടെ ആരംഭിക്കും, മെയ് 8-ന് ചാലക്കുടി കൂടപ്പുഴ ആറാട്ട്കടവിൽ വച്ചുള്ള ദേവന്റെ ആറാട്ടോടു കൂടിയാണ് ഉത്സവം സമാപിക്കുന്നത്.
ചരിത്രപ്രസിദ്ധമായ ഈ ഉത്സവത്തിൽ അലങ്കരിച്ച ആനകളുടെ അകമ്പടിയോടെ എല്ലാ ദിവസവും രാവിലെയും രാത്രിയും നടക്കുന്ന ‘പഞ്ചവാദ്യം’, ‘പാഞ്ചാരിമേളം’ എന്നിവയുടെ അകമ്പടിയോടെയുള്ള തിടമ്പ് എഴുന്നള്ളത്ത്’, എന്നിവ കാണുന്നതിനും ക്ഷേത്രത്തിലെ മറ്റ് ആചാരപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഉത്സവത്തിനോടനുബന്ധിച്ച് നടത്തുന്ന കലാപരിപാടികൾ കാണുന്നതിനും മറ്റും അനവധി ഭക്തജനങ്ങൾ എത്തിച്ചേരുന്നുണ്ട്.
ഇതിനെ തുടർന്ന് ക്ഷേത്രപരിസരത്തും ഇരിങ്ങാലക്കുട നഗരത്തിലും അസാധാരണമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ക്രമസമാധാന പാലനത്തിനായി വിവിധ മേഖലകൾ തിരിച്ച് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് കൊണ്ട് ഉത്സവത്തിന് വരുന്ന ഭക്തജനങ്ങൾക്ക് സുഗമമായി ഉത്സവം കണ്ട് മടങ്ങുന്നതിനും നഗരത്തിൽ ഗതാഗത തടസമില്ലാതെയിരിക്കുന്നതിനും കനത്ത സുരക്ഷാ സംവിധാനമാണ് തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം ഒരുക്കിയിരിക്കുന്നത്.
ഉത്സവത്തിന് എത്തുന്ന സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കുമായും പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതും തൃശ്ശൂർ റൂറൽ പിങ്ക് പോലീസിന്റെ സേവനം ഉത്സവത്തിന് ഉടനീളം ജനങ്ങൾക്ക് ലഭിക്കുന്നതുമാണ്, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി ക്ഷേത്രപരിസരമാകെ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനവും മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.
അമ്പലവും, പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ബൈക്ക് പെട്രോളിങ്ങും, കൺട്രോൾ റൂം വാഹന പെട്രോളിങ്ങും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തജനങ്ങളുടെയും കലാസ്നേഹികളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിവധ സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ക്യൂ.ആർ കോഡ് (QR CODE) സംവിധാനവും തൃശ്ശൂർ റൂറൽ പോലീസ് ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങൾ:
• ഡ്രോൺ നിരീക്ഷണം
• 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം
• CCTV സർവൈലൻസ്
• ഗതാഗത നിയന്ത്രണത്തിനായി മൊബൈൽ, ബൈക്ക് പട്രോളിംഗ്.
• വാഹന പാർക്കിംഗ് കേന്ദ്രങ്ങളറിയാൻ പ്രത്യേക ക്യൂ.ആർ കോഡ് (QR CODE) സംവിധാനം.
• കുറ്റകൃത്യങ്ങൾ തടയാൻ മഫ്തി പോലീസ്
• സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പോലീസ്
• ആൻറി ഡ്രഗ്സ് സർവൈലൻസിനായി DANSAF ടീം
• ആനപരിപാലന നിർദ്ദേശങ്ങൾ ഉറപ്പുവരുത്തുന്നതിന് പ്രത്യേക ടീം.
ഉത്സവത്തിന് എത്തിച്ചേരുന്ന അനേകായിരം ഭക്ത ജനങ്ങൾക്ക് വാഹനപാർക്കിംഗിനായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ അനധികൃത പാർക്കിംഗ് അനുവദിക്കുന്നതല്ല. വാഹനപാർക്കിംഗ് സൗകര്യങ്ങളുടെ അപാകതകൾ റൂറൽ പോലീസിന്റെ മൊബൈൽ & ബൈക്ക് പട്രോളിംഗ് സംവിധാനം നിരീക്ഷിക്കുന്നതാണ്. ആനകളെ കൃത്യമായി പരിപാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും, പ്രത്യേക ശ്രദ്ധ നൽകി ജനസുരക്ഷ ഉറപ്പു വരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയിട്ടുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സംവിധാനത്തിന് പുറമേ, 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സംവിധാനവും, മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രമീകരണങ്ങൾ എന്നിവ ഇത്തവണയും തൃശ്ശൂർ റൂറൽ പോലീസ് ഒരുക്കിയിട്ടുണ്ടെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS അറിയിച്ചു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സന്തോഷ് കുമാർ എം , സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സലീഷ് എൻ എസ് , ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീഷ് ടി എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

