ഇരിങ്ങാലക്കുട : കർക്കടകമാസത്തിലെ നാലമ്പല തീർഥാടനം ആരംഭിച്ചതോടെ ഭരതക്ഷേത്രമായ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യത്തിൽ രാവിലെ മുതൽ ഭക്തജനത്തിരക്ക് അനുഭവപെട്ടു. ഇത്തവണ തീർത്ഥാടകർക്കായി വലിയ സൗകര്യങ്ങളാണ് ഇവിടെ ദേവസ്വം ഒരുക്കിയിരിക്കുന്നത്.
ദശരഥ പുത്രന്മാരുടെ പ്രതിഷ്ഠയുള്ള തൃപ്രയാർ ശ്രീ രാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നനക്ഷേത്രം എന്നിവിടങ്ങളിൽ കർക്കടകത്തിലെ ഒരേ ദിവസം ദർശനം നടത്തുന്നതാണ് നാലമ്പല തീർഥാടനം. തൃപ്രയാർ ക്ഷേത്രത്തിൽ നിന്നും ക്രമമായാണ് തീർത്ഥാടനം ആരംഭിക്കുന്നത്.
കൂടൽമാണിക്യം ക്ഷേത്രത്തിൽ പുലർച്ചെ 3 30ന് നട തുറക്കും. 12 മണി വരെ നട തുറന്നിരിക്കും. ചെറിയ ഇടവേളകളോടെ ഇതിനിടയിൽ പൂജകൾക്കുവേണ്ടി നട അടക്കും. വൈകുന്നേരം അഞ്ചര മുതൽ 8 മണി വരെയും. ഭക്തജനങ്ങളുടെ തിരക്ക് അനുസരിച്ച് ചിലപ്പോൾ മാറ്റങ്ങൾ വരാമെന്ന് ദേവസം അധികൃതർ അറിയിച്ചിട്ടുണ്ട്.
കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇക്കൊല്ലം ഭക്തജനങ്ങൾക്ക് മഴ കൊള്ളാതെ വരി നിൽക്കുന്നതിന് കിഴക്കേ ഗോപുരത്തിന് മുൻഭാഗം കുട്ടംകുളം വരെ പന്തൽ നിർമ്മിക്കുകയും ക്ഷേത്ര മതിൽക്കകത്ത് ക്യൂ നിൽക്കുന്ന ഭാഗങ്ങളിൽ 5000 പേർക്ക് ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യാനുസരണം കുടിവെള്ളം, ഭക്ഷണം എന്നിവ നൽകുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. തിരക്ക് കൂടുന്ന ദിവസങ്ങളിൽ വരിയിൽ നിന്നു തന്നെ വഴിപാട് ശിട്ടാക്കാൻ മൊബൈൽ കൗണ്ടറുകളുണ്ടാകും.
രാവിലെ 4 മുതൽ 8 മണി വരെ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ചുക്കുകാപ്പിയും വിതരണം ചെയ്യുന്നുണ്ട്. വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ദേവസ്വം കൊട്ടിലാക്കൽ മൈതാനവും മണിമാളിക സ്ഥിതി ചെയ്‌തിരുന്ന സ്ഥലവും കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റും ഉപയോഗിക്കാവുന്നതാണ്. പ്രാഥമിക സൗകര്യങ്ങൾക്ക് പാർക്കിങ് ഗ്രൗണ്ടിലെ ടോയ്‌ലറ്റുകൾക്ക് പുറമെ പടിഞ്ഞാറെ നടയിലും, കൂടാതെ ഇ ടോയ്‌ലറ്റ് സൗകര്യവും ഒരുക്കുന്നുണ്ട്.
ഭക്തജനങ്ങളുടെ സുരക്ഷ മുൻനിർത്തി സി.സി.ടി.വി ക്യാമറകൾ കൂടുതൽ ഒരുക്കുന്നുണ്ട്. ദർശനത്തിന് വരുന്ന അംഗപരിമിതർ, പ്രായം ചെന്നവർ, എന്നിവർക്ക് പ്രത്യേക സൗകര്യവും ഏർപ്പാട് ചെയ്യുന്നുണ്ട്. പ്രത്യേക വഴിപാട് എന്ന നിലക്ക് സമ്പൂർണ്ണ നെയ്യ് സമർപ്പണം നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസ്‌തുത വഴിപാട് രശീത് ആക്കുന്നവർക്ക് വരി നിൽക്കാതെ നേരിട്ട് ദർശനം നടത്തുവാനും ആയതിന് വഴിപാട് പ്രസാദം നൽകുവാനും ഉദ്ദേശിക്കുന്നു.
വരുന്ന ഭക്തജനങ്ങൾക്ക്, വഴിപാട് രശീതി ആക്കുവാനും, പ്രസാദങ്ങളായ പായസം, അവിൽ, വഴുതിന വാങ്ങുന്നതിന് പ്രത്യേക കൗണ്ടറുകളും ഏർപ്പാടു ചെയ്‌തിട്ടുണ്ട്. കൂടാതെ ഭഗവാൻ്റെ ഫോട്ടോ, ചരിത്രപുസ്‌തകം, കീചെയിൻ തുടങ്ങിയവ വാങ്ങുന്നതിനും സൗകര്യമുണ്ട്.
ദേവസ്വം ജീവനക്കാർ തീർത്ഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുവാൻ വേണ്ടി സുസജ്ജമാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com