ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ പ്ലസ് ടു മുതല്‍ സര്‍വ്വകലാശാലാതലം വരെയുള്ള വിവിധ സ്ഥാപനങ്ങളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം മുന്‍കാല പ്രവര്‍ത്തകരുടെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും ജില്ലാതല സംഗമവും കലാമേളയും ഏപ്രില്‍ 2 ഞായറാഴ്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടക്കും.
ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്മാന് ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, കണ്‍വീനര്‍ തോമസ് എ.എ. എന്നിവര്‍ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍.എസ്.എസ്. സ്റ്റേറ്റ് ഓഫീസര്‍ ഡോ. ആര്.എന്‍.അന്‍സര്‍ അദ്ധ്യക്ഷനായിരിക്കും. ദേശീയ പരിശീലകന് ബ്രഹ്മനായകം ആമുഖ പ്രഭാഷണം നടത്തും.
തൃശൂര്‍ ജില്ലയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ഹയര്‍ സെക്കന്ററി , വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍, എ.പി.ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിക്കുകീഴിലുള്ള എഞ്ചിനിയറിംഗ് കോളേജുകള്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, വെറ്റിനറി യൂണിവേഴ്സിറ്റി, കേരള ആരോഗ്യ സര്‍വ്വകലാശാല, ഐ.എച്ച് .ആര്.ഡി., ടെക്നിക്കല്‍ സെല്ലിനുകീഴിലുള്ള പോളി ടെക്നിക്കുകള്‍, ഐടി ഐകള്‍ എന്നിവിടങ്ങളിലെ പൂര്‍വ്വകാല പ്രവര്‍ത്തകരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
ആയിരത്തോളം പ്രവര്‍ത്തകരെ പ്രതീക്ഷിക്കുന്നതായി സ്വാഗതസംഘം ഭാരവാഹികളായ സുരേഷ് കടുപ്പശ്ശേരിക്കാരന്‍, അബി തുമ്പൂര്‍, ലാലു എം.എ., വിജോ വില്‍സണ്‍ എന്നിവര്‍ പറഞ്ഞൂ. പത്രസമ്മേളനത്തില്‍ പ്രൊഫ. കെ.ജെ.ജോസഫ്, പ്രൊഫ. ഷിന്റോ വി.പി. ലാലു അയ്യപ്പൻകാവ്, അബി തുമ്പൂർ, വിജോ വിൽസൺ എന്നിവര്‍ പങ്കെടുത്തു.