അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ വികസനത്തിനൊരുങ്ങി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവെ സ്‌റ്റേഷൻ അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നു റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ്.

10 കോടി രൂപ ചെലവിട്ട് യാത്രക്കാർക്കുള്ള പരമാവധി സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള വികസന പദ്ധതിയാണിതെന്ന് കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട സ്‌റ്റേഷൻ വ്യാഴാഴ്ച സന്ദർശിച്ച ബി.ജെ.പി കേന്ദ്ര നിർവാഹക സമതി അംഗവും കൂടിയായ പി കെ കൃഷ്ണദാസ് പറഞ്ഞു.

ജില്ലയിൽ തൃശൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രക്കാരും വരുമാനവുമുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അധികൃതർ അവഗണിക്കുന്നു എന്ന നീണ്ടകാലത്തെ പരാതിയിൽ കാര്യമുണ്ടെന്ന് ഇന്നത്തെ സന്ദർശനത്തിൽ മനസ്സിലായെന്നു അദ്ദേഹം പറഞ്ഞു.

പ്രശനങ്ങൾക്ക് പരിഹാരമായിട്ടാണ് അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നു റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് പറഞ്ഞത്. രണ്ടാം പ്ലാറ്റഫോമിൽ കാന്റീൻ ആരംഭിക്കാനുള്ള ടെൻഡർ നടപടികൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി

കൊറോണക്ക് മുൻപ് നിർത്തിയിരുന്ന ടെയിനുകളും മറ്റ് പുതിയ ടെയിനുകൾ സ്റ്റോപ്പ് അനുവദിക്കുന്ന വിഷയം റെയിൽവെ ബോർഡിൽ ഉന്നയിക്കാമെന്നും കൃഷ്ണദാസ് ഉറപ്പു നൽകി. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, വിവിധ സംഘടനകൾ എന്നിവർ റെയിൽവെ അടിസ്ഥാന വികസന സംബന്ധമായ നിവേദനങ്ങൾ നൽകി.

അടിസ്ഥാന വികസനമായ, മേൽക്കൂരകൾ, ഇരിപ്പിടങൾ, റെസ്റ്റ് റൂം, കൂടുതൽ ശൗചാലയങ്ങൾ, കൂടുതൽ വെള്ളം, വെളിച്ചം, പാർക്കിംങ്ങ് സൗകര്യങ്ങൾ തുടങ്ങിയവ അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. പി എൻ ഈശ്വരൻ, സുജയ്സേനൻ, ഷാജു ജോസഫ്, ഡോ. മുരളി ഹരിതം, ഷാജുമോൻ വട്ടേക്കാട്, ലോചനൻ അമ്പാട്ട്, കുപേഷ് ചെമ്മണ്ട,പി എസ് സുഭീഷ്, എ വി രാജേഷ്, വിപിൻ, ഷൈജു കുറ്റിക്കാട്ട്, ജിനോയ്, രമേശ് അയ്യർ എന്നിവർ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ കൂടൽമാണിക്യം ക്ഷേത്രത്തിലേക്കേ ഉണ്ടായിരുന്ന ദിശാ ബോർ വീണ്ടും സ്ഥാപിക്കാൻ ലഭിച്ച നിവേദനങ്ങൾ അദ്ദേഹം സ്വീകരിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഈ കാര്യം ശ്രദ്ധയിൽ പെടുത്താൻ സ്റ്റേഷനിൽ എത്തിയിരുന്നു.