മിഴാവ് കലാകാരൻ കലാമണ്ഡലം രാജീവിന് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം

ഇരിങ്ങാലക്കുട : മിഴാവ് കലാകാരൻ കലാമണ്ഡലം രാജീവിന് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു . കേരള സംഗീത നാടക അക്കാദമിയുടെ 2022ലെ അവാർഡിന് 17 കലാകാരന്മാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കലാമണ്ഡലം ഈശ്വരനുണ്ണി ആശാനാണ് പ്രധാന ഗുരു. കലാമണ്ഡലം രാജീവ് 1990 കൾ മുതൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ കലാകാരനും അധ്യാപകനും ആണ്.

ഗുരുകുലവും ഗുരുകുലത്തിലെ കലാകാരന്മാരും പുതിയതായി സംവിധാനം ചെയ്യുന്ന എല്ലാ കൂടിയാട്ടങ്ങൾക്കും നങ്ങ്യാർകൂത്തുകൾക്കും പുതിയവ ചിട്ടപ്പെടുത്തിയും ആവശ്യമായ രീതിയിൽ മേളവിഭാഗം നയിക്കുന്നതും കലാമണ്ഡലം രാജീവ് ആണ്.

മിഴാവ് തായമ്പക വാതനത്തിൽ പ്രസിദ്ധനായ രാജീവ് മിഴാവിൽ പഞ്ചതായമ്പക, മിഴാവ് ഇടയ്ക്ക തായമ്പക എന്നിവയും പുതിയതായി ആവിഷ്കരിച്ച് രംഗത്ത് എത്തിച്ചിട്ടുണ്ട്. അതുപോലെ മിഴാവിൽ പഞ്ചാരിമേളം പഞ്ചമിഴാവ് കേളി എന്നിവയും സംവിധാനം ചെയ്തിട്ടുണ്ട്.

നിരവധി വിദേശരാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം സ്വീഡൻ ആസ്ഥാനമായുള്ള വേൾഡ് തിയേറ്റർ പ്രോജക്റ്റിലെ ഇന്ത്യയിൽ നിന്നുള്ള ഏക വാദ്യകലാകാരനായിരുന്നു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ന്യൂഡൽഹി, ഐടിഐ സിംഗപ്പൂർ എന്നിവിടങ്ങളിലെ വിസിറ്റിംഗ് ഫാക്കൽറ്റി ആണ്.

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാഖാൻ യുവ പുരസ്കാരം, ബോംബെ കിളിയുടെ പ്രോമിസിംഗ് ആർട്ടിസ്റ്റ്, നേപത്യയുടെ ഡി അപ്പുക്കുട്ടൻ നായർ പുരസ്കാരം, കലാസാഗർ തുടങ്ങി വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

22 വയസ്സിൽ തന്നെ പത്മഭൂഷൻ ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ വേഷത്തിനു പ്രധാന മിഴാവുകാരനായി കൊട്ടുവാൻ അവസരം ലഭിച്ചിട്ടുണ്ട്. കൂടിയാട്ടം കലാകാരൻ വേണു ജിയുടെ കളരിയിലെ മിഴാവുകാരൻ കൂടിയാണ് കൂടിയാണ് കലാമണ്ഡലം രാജീവ്. ഇരിങ്ങാലക്കുട അമ്മന്നൂർ സ്മാരക ഗുരുകുലത്തിന്റെ വൈസ് പ്രസിഡണ്ട് ആണ് നിലവിൽ.

You cannot copy content of this page