ചാലക്കുടി : ആത്മഹത്യാശ്രമം നടത്തിയ യുവതിയെ പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചു. ബുധനാഴ്ച രാവിലെ 10.40 ഓടെയാണ് സംഭവം. ചാലക്കുടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് താൻ മരിക്കാൻ പോവുകയാണെന്ന് അറിയിച്ച യുവതിയെയാണ് 4 മിനിറ്റിനകം സ്ഥലത്തെത്തിയ തൃശ്ശൂർ റൂറൽ പോലീസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്.
ചാലക്കുടി കൂടപ്പുഴ സ്വദേശിനിയായ യുവതിയാണ് താൻ മരിക്കാൻ പോവുകയാണെന്നും, തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും പറഞ്ഞ് ചാലക്കുടി പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചത്. ഫോൺ കോൾ സ്വീകരിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.സി.പി.ഒ. ആൻസൺ ഉടൻ തന്നെ ടവർ ലൊക്കേഷൻ വിവരങ്ങൾക്കായി സൈബർ സെല്ലിന് കൈമാറി. സൈബർ സെല്ലിൽ നിന്ന് ഉടൻതന്നെ ലൊക്കേഷൻ ലഭിച്ചതിനെ തുടർന്ന്, പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. സിജുമോൻ, എ.എസ്.ഐ. സുധീർ, സി.പി.ഒ മാരായ ജിജോ, അമൽ എന്നിവരടങ്ങിയ സംഘം നിമിഷങ്ങൾക്കകം കൂടപ്പുഴ ആറാട്ടുകടവിലേക്ക് കുതിച്ചു.
ഫോൺ ലഭിച്ച് നാല് മിനിറ്റിനകം പോലീസ് സ്ഥലത്തെത്തിയിരുന്നു. അപ്പോഴേക്കും യുവതി പുഴയിലേക്ക് ചാടിയിരുന്നു. എന്നാൽ, കടവിൽ ഉണ്ടായിരുന്ന കൂടപ്പുഴ സ്വദേശിയായ അക്ഷയ് , സമീപത്ത് ജോലി ചെയ്തിരുന്ന കൊടകര കൊളത്തൂർ സ്വദേശിയായ സൂരജ് എന്നിവർ യുവതി കടലാസിൽ എന്തോ എഴുതുന്നതും തുർന്ന് പുഴയിലേക്ക് ചാടുന്നതും കണ്ടിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇവരുടെ സഹായത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തി കരക്ക് കയറ്റിയത്.
തുടർന്ന് ചികിത്സക്കായി പോലീസിന്റെ വാഹനത്തിൽ തന്നെ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളില്ല എന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് അറിയാനായത്. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
പോലീസ് സ്റ്റേഷനിലേക്ക് യുവതി വിളിച്ചതിന് പുറമെ, ചികിത്സയിലായിരുന്ന ഡോക്ടറെയും വിളിച്ചറിയിച്ചിരുന്നു. ഡോക്ടർ ഉടൻതന്നെ എമർജൻസി നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിക്കുകയുമുണ്ടായി.
പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതവും ധീരവുമായ ഇടപെടലാണ് ഒരു ജീവൻ രക്ഷിക്കാൻ കാരണമായത്.
ഏത് അടിയന്തിര ഘട്ടത്തിലും സഹായത്തിനായി 112 ൽ വിളിക്കുക
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

