അധികാരത്തിലേറിയാല്‍ ക്രൈസ്തവരുടെ പ്രശ്‌നങ്ങളോട് എന്ത് നടപടികളെടുക്കുമെന്ന് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തിലെങ്കിലും നേതാക്കള്‍ വ്യക്തമാക്കണം – മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളോടും ആവശ്യങ്ങളോടും രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ചിട്ടുള്ള നിസംഗത മനോഭാവം തിരുത്തണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍.

അധികാരത്തിലേറിയാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ എന്ത് നടപടികളെടുക്കുമെന്ന് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തിലെങ്കിലും നേതാക്കള്‍ വ്യക്തമാക്കണം. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ പോളി കണ്ണൂക്കാടന്‍.

ക്രൈസ്തവര്‍ കാലങ്ങളായി മുന്നോട്ടു വയ്ക്കുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും ഒരു മുന്നണിയും പാര്‍ട്ടിയും ഫലപ്രദമായ പരിഹാരം നിര്‍ദ്ദേശിക്കുന്നില്ല. ന്യൂനപക്ഷവകാശങ്ങളുടെ ലംഘനവും കുടുംബങ്ങളെയും സമൂഹത്തെയും തകര്‍ക്കുന്ന മദ്യനയവും മലയോര കര്‍ഷക പ്രശ്‌നങ്ങളും തീരദേശനിവാസികളുടെ ആവശ്യങ്ങളും ക്രൈസ്തവ സമൂഹത്തിന്റെ തുടരുന്ന ആശങ്കകളാണ്.

ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ള സത്യസന്ധരായ ജനപ്രതിനിധികള്‍ മുന്നോട്ട് വരാന്‍ വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു. ഓരോ വിശ്വാസിയും ഉത്തരവാദിത്വപൂര്‍വ്വം വോട്ട് രേഖപ്പെടുത്തുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും വേണം.

വിവിധ രംഗങ്ങളില്‍ ഗുരുതരശോഷണം നേരിട്ടുകൊണ്ടിരിക്കുന്ന സീറോ മലബാര്‍ സമൂഹത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ മുഴുവന്‍ വിശ്വാസികളും തയ്യാറാവണം. കത്തോലിക്ക കോണ്‍ഗ്രസ് അല്‍മായ ശാക്തീകരണത്തിലൂടെ സമുദായ ശാക്തീകരണത്തിനു നേതൃത്വം നല്‍കണം. എല്ലാ ഇടവകകളിലും കത്തോലിക്ക കോണ്‍ഗ്രസിന്റെ യൂണിറ്റുകള്‍ ആരംഭിക്കണം.

”ക്രൈസ്തവ സമുദായ ശാക്തീകരണം നല്ലൊരു നാളേയ്ക്കായ്” എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചക്ക് കെ.സി.ബി.സി. ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കന്‍ സി.എം.ഐ., മൂവാറ്റുപുഴ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണും സംരംഭകയുമായ ജോയ്‌സ് മേരി ആന്റണി, ചങ്ങനാശ്ശേരി അതിരൂപത പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. ഷൈനി ജോജോ ചിറ്റിലപ്പിള്ളി മോഡറേറ്ററായി.

വികാരി ജനറല്‍മാരായ മോണ്‍. ആന്റു ആലപ്പാടന്‍, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. റിജോയ് പഴയാറ്റില്‍, സെക്രട്ടറിമാരായ ജിയോ ജോസ്, അഡ്വ. ആന്‍ലിന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയികളായ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെ ആദരിക്കുകയും, തുടര്‍ന്ന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് നേടിയ രൂപത മാതൃവേദിക്കുള്ള ആദരവും, മിഷന്‍ ഞായറിന്റെ സമ്മാന പ്രഖ്യാപനവും സമ്മാനദാനവും നടത്തി.

അതോടൊപ്പം ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പുറത്തുവിട്ട നടപടിയെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ അതിലെ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇനിയും പ്രകടമാകേണ്ടിയിരിക്കുന്നുവെന്നും, ക്രൈസ്തവ വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരെ കക്ഷിഭേദമെന്യേ കാലാകാലങ്ങളായി സ്വീകരിച്ചുപോരുന്ന വിവേചനവും ചിറ്റമ്മനയം തുടരുന്നതില്‍ ആശങ്കയും ഖേദവും പ്രകടിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page