ഇരിങ്ങാലക്കുട : ശരിയായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാൽ കൃത്യമായ ഇടവേളകളിൽ തുടർച്ചയായി തകരുന്ന ബസ്റ്റാൻഡ് എ.കെ.പി ജംഗ്ഷൻ റോഡിൽ സണ്ണി സിൽക്സിനും റിലയൻസ് സ്മാർട്ട് ബസാറിനും മുന്നിലെ റോഡ് ഏറെക്കാലത്തിനുശേഷം ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ടൈൽ വിരിച്ച് മുഖംമിനിക്കാൻ ആരംഭിച്ചപ്പോൾ മുന്നൊരുക്കം ഇല്ലായ്മ മൂലം പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നു.
ചെറിയ ഒരു പ്രവർത്തി ഏറ്റവും ഗതാഗത തിരക്കുള്ള പ്രധാന റോഡിൽ ചെയ്യുവാൻ 20 ദിവസമാണ് നഗരസഭ ആവശ്യപ്പെടുന്നത്. ഇതിനായി സെപ്റ്റംബർ 9 മുതൽ 30 വരെ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞുകൊണ്ടുള്ള അറിയിപ്പും ഇറക്കിയിട്ടുണ്ട് .
ആദ്യദിവസം മൂന്നു തൊഴിലാളികളും രണ്ടാം ദിവസം ഏഴുപേരുമാണ് ടൈൽ വിരിക്കാൻ ഇവിടെ ഉണ്ടായിരുന്നത് . ബുധനാഴ്ച ഉച്ചയായപ്പോഴേക്കും ഇറക്കിയ ടൈലുകൾ തീരുകയും പണികൾ തടസ്സപ്പെടുകയും ചെയ്തു . വ്യാഴാഴ്ച രാവിലെ 11 മണി വരെ തൊഴിലാളികൾ കാത്തിരുന്നെങ്കിലും ടൈലുകൾ എത്തിയില്ല തൊഴിലാളികൾ തിരിച്ചുപോവുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷമാണ് ടൈലുകൾ എത്തിയത് . അതിനാൽ വ്യാഴാഴ്ച കാര്യമായി പണികളിൽ പുരോഗനം ഉണ്ടായില്ല.

മൊത്തം പണിയുടെ കാൽഭാഗം ടൈൽ വിരിച്ചെങ്കിലും ഇതിൽ സ്മാർട്ട് ബസാറിനോട് ചേർന്നു നിൽക്കുന്ന ഭാഗത്ത് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ ഇപ്പോൾ പുതുതായി വീതി കൂട്ടി ടൈൽ വിരിച്ച റോഡിന് ഉള്ളിലാണ് വരുന്നത് . ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാതെ ടൈൽ വിരിക്കുന്ന പണി ആരംഭിക്കുകയും ചെയ്തു . ഒരു പോസ്റ്റിന് ചുറ്റും ഇപ്പോൾ ടൈൽ വിരിച്ച നിലയിൽ കാണുകയും ചെയ്യാം .

വൈദ്യുതി വകുപ്പുമായി സംസാരിച്ചപ്പോൾ നഗരസഭ ഇതുവരെ ഇലക്ട്രിക് പോസ്റ്റ് മാറ്റാനുള്ള അപേക്ഷ തരുകയോ യൂട്ടിലിറ്റി ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് അറിഞ്ഞു . ഇലക്ട്രിക് പോസ്റ്റ് മാറ്റാതെ ടൈൽ വിരിച്ച് കഴിഞ്ഞാൽ ഇരു ഭാഗത്തും കോൺക്രീറ്റ് ചെയ്ത് ബെൽറ്റ് ലോക്ക് ഇട്ടതിനു ശേഷം പോസ്റ്റ് മാറ്റുമ്പോൾ ഈ ഭാഗത്ത് ടൈലുകൾ ഇളകുവാൻ സാധ്യത ഏറെയാണ് . റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് അപകടസാധ്യതയും ഉണ്ടാകും. വികസന പദ്ധതികൾ വേണ്ടത്ര മൂന്നൊരുക്കങ്ങളോടെയല്ലാതെ ആരംഭിക്കുന്നത് കൊണ്ടുള്ള ബാധ്യതകൾ ജനങ്ങൾ അനുഭവിക്കുകയാണ് ഇപ്പോൾ ഇരിങ്ങാലക്കുടയിൽ പലയിടങ്ങളിലും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

