സഹോദയ കാലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കലാപ്രതിഭയായി അമിത്ത് സുരേഷും, കലാതിലകമായി ഭദ്ര വാര്യരും

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ സെൻട്രൽ സഹോദയ കാലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കലാപ്രതിഭയായി അമിത്ത് സുരേഷും കലാതിലകമായി ഭദ്ര വാര്യരും തെരഞ്ഞെടുത്തു. അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂളിൽ നടന്ന മത്സരങ്ങളിൽ തൃശൂരിന് തെക്ക് പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കയ്പമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലെ 41 സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നും 2500 ഓളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരച്ചത്.

കലാപ്രതിഭയായ അമിത്ത് സുരേഷ് കാറ്റഗറി 4 ൽ കുച്ചിപ്പുടിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം, ഭരതനാട്യത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം, ഫോക് ഡാൻസ്ലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഭാരതനാട്യത്തിലും കുച്ചിപ്പുടിയിലും സ്റ്റേറ്റ് ഫസ്റ്റ് നേടിയിരുന്നു. മാളയിലെ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. നാട്ടുവനാർ ഡോ. ജോയ് കൃഷ്ണൻ ആണ് ഗുരു. മാളയിലും പുല്ലൂരിലും നൃത്ത സ്ഥാപനം നടത്തി വരുന്ന രാജി സുരേഷിന്റെയും സി.ഐ സുരേഷിന്റെയും മകനാണ് അമിത്ത്.

ഹയർ സെക്കണ്ടറി വിഭാഗം കലാതിലകമായി തെരഞ്ഞെടുത്ത ഭദ്ര വാര്യർ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ബിക് സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ്. കാറ്റഗറി 4 ൽ ശാസ്ത്രീയ സംഗീതം, സംസ്കൃതം പദ്യപാരായണം, മലയാളം കവിതാരചന, എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, മലയാളം കവിതാ പാരായണത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നു. കഴിഞ്ഞ വർഷം ഭദ്രവാര്യർ മലയാളം കവിതാ രചനയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ശാസ്ത്രീയ സംഗീതത്തിലും , സംസ്കൃത പദ്യപാരായണത്തിലും സമ്മാനങ്ങൾ നേടിയിരുന്നു. പഠനത്തിലും മിടുക്കിയാണ്. പത്താം ക്ലാസ്സിൽ ഫുൾ എ വൺ കരസ്ഥമാക്കിയിരുന്നു.

കൺസൺട്ടിംഗ് എഞ്ചിനീയർ ഹരി വാര്യരുടെയും ശാന്തിനികേതൻ ഫിസിക്സ് അദ്ധ്യാപിക ദിവ്യ വാര്യരുടെയും മകളാണ് ഭദ്ര. ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിൽ ആണ് സഗീതഅഭ്യാസം നടത്തുന്നത്.

You cannot copy content of this page