ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്‌മയുടെ പ്രതിഷേധ സംഗമം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് – ഹൈക്കോടതി നിർദ്ദേശങ്ങൾക്ക് എതിരാണെന്ന മുന്നറിയിപ്പുമായി കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : ഉത്സവങ്ങളും ആചാരങ്ങളും സംരക്ഷിക്കുക, ആന എഴുന്നെള്ളിപ്പ് സുഗമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 8 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പുറത്തെ മതിൽ കെട്ടിന് ചുറ്റും മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. എന്നാൽ ശനിയാഴ്ച വൈകുന്നേരം ഇതിനെതിരെ കൂടൽമാണിക്യം ദേവസ്വം രംഗത്ത് വന്നു.

ക്ഷേത്രത്തിൻ്റെ പേര് വെച്ച് ആരെങ്കിലും നടത്തുന്ന ഏതു തരത്തിലുള്ള പ്രവർത്തിയും ഭക്തരുടെ ഇടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും, നിലവിലുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾക്ക് എതിരാണെന്നും അറിയിച്ചു ദേവസ്വം കുറിപ്പ് ഇറക്കി. കുറിപ്പിന്റെ പൂർണ്ണ രൂപം താഴെ ….

ശ്രീ കൂടൽമാണിക്യം ദേവസ്വം പ്രസിദ്ധീകരിക്കുന്നത്

ശ്രീ കൂടൽമാണിക്യം ദേവസ്വം ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധം പരിപാലിച്ചുകൊണ്ട് ക്ഷേത്ര കാര്യങ്ങൾ ഭംഗിയായി നടത്താൻ നന്നായി പരിശ്രമിച്ചു വരികയാണ്. ക്ഷേത്രചൈതന്യ വർദ്ധനവിനുതകുന്ന എല്ലാ പ്രവർത്തനങ്ങളിൽ അക്ഷീണം യത്നിക്കുന്നുമുണ്ട്.

അടുത്ത കാലത്തുണ്ടായ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ തലത്തിലും, നിയമ തലത്തിലും വേണ്ടുന്ന പരിഹാരങ്ങൾക്കായി ഭരണ സമിതി ആത്മാർത്ഥമായി പരിശ്രമിച്ചും വരുന്നുണ്ട്.

ക്ഷേത്രാചാര മര്യാദകൾ ഉൾക്കൊള്ളാതെ ക്ഷേത്ര പരിസരത്ത് നടത്തുന്ന എല്ലാ തരത്തിലുള്ള പ്രവർത്തികളും, ആയത് ഏതു തരത്തിലുള്ള സമര പരിപാടികളായാലും, ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തികളായാലും ക്ഷേത്രാഭിവൃദ്ധിയ്ക്കും, ഇന്നത്തെ നിയമ സംഹിതകൾക്കും എതിരാണെന്ന് നിസ്സംശയം പറയാം.

കൂടാതെ ക്ഷേത്രത്തിൻ്റെ പേര് വെച്ച് ആരെങ്കിലും നടത്തുന്ന ഏതു തരത്തിലുള്ള പ്രവർത്തിയും ഭക്തരുടെ ഇടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും, നിലവിലുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾക്ക് എതിരാണെന്നും അറിയിക്കുന്നു.

അതുപോലെ മേൽ പറഞ്ഞ നിർദ്ദേശങ്ങൾക്ക് വിപരീതമായി ആരെങ്കിലും ക്ഷേത്ര പരിസരത്ത് പ്രവർത്തനങ്ങളിൽ വാപൃതരാകുന്നുണ്ടെങ്കിൽ, ആയതിന് ക്ഷേത്ര ഭരണസമിതിയ്ക്ക് യാതോരു തരത്തിലുള്ള ബന്ധവും ഇല്ലെന്നും അറിയിക്കുന്നു. – അഡ്മിനിസ്ട്രേറ്റർ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page