ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും വെറ്റിനറി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ നഗരസഭയിലെ ഒന്നു മുതൽ 41 വരെയുള്ള വാർഡുകളിലെ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന മൂന്നാം ഘട്ട പ്രവർത്തി പുരോഗമിക്കുന്നു. തിങ്കൾ മുതൽ വ്യാഴം വരെയാണ് തെരുവ് നായ്ക്കൾക്ക് കുത്തിവെപ്പ്. ഇതുവരെ 180 ഓളം തെരുവുനായ്ക്കളെ കുത്തിവെപ്പ് നടത്തിയെന്ന് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. വ്യവാഴ്ചയാണ് മൂന്നാം ഘട്ടം അവസാനിക്കുന്നത്.
എന്നാൽ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി പ്രോഗ്രാമിന്, 2023 വർഷത്തെ ബഡ്ജറ്റിൽ നഗരസഭ വേണ്ടത്ര പ്രാധാന്യം കൊടുത്തു കാണുന്നില്ല, മൃഗസംരക്ഷണം എന്ന ഹെഡിൽ ക്ഷീര കർഷകർക്ക് ധനസഹായം, എ ബി സി പ്രോഗ്രാം, തെരുനായ്ക്കൾക്ക് വാക്സിനേഷൻ നൽകൽ തുടങ്ങിയവയ്ക്ക് മൊത്തമായി ഒരു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്, പക്ഷേ ഇതിൽ ഏതെല്ലാം വകുപ്പിന് എത്രയെന്ന് വ്യക്തമല്ല.
തെരുവ് നായകളെ വന്ധ്യംകരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ആനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പദ്ധതി പലയിടങ്ങളിലും ലക്ഷ്യം കണ്ടില്ല. ഇതിന് ആവശ്യമായ സ്ഥലം ലഭിക്കാത്തത്തും പലയിടങ്ങളിലും പദ്ധതിക്കെതിരെ ജനങ്ങളില്‍ നിന്ന് പ്രതിഷേധമുണ്ടായതോടും കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന പദ്ധതി എങ്ങുമെത്താതെ പോയത്.
മൃഗസംരക്ഷണ വകുപ്പ് ഇരിങ്ങാലക്കുട നഗരസഭയിൽ 10 ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിരുന്നു. പത്തിലധികം പേര്‍ക്ക് നായ് കടിയേറ്റാല്‍ ഹോട്ട് സ്പോട്ട് ആയി കണക്കാക്കും. എന്നാൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് എല്ലാ വാർഡുകളിലും കഴിഞ്ഞ ഒരു വർഷം മൂന്നു ഘട്ടങ്ങളിലായി നല്കുന്ന രീതിയാണ് ഇരിങ്ങാലക്കുട നഗരസഭാ കൈകൊണ്ടത്.
നവംബർ മാസം സംഘടിപ്പിച്ച ഒന്നാം ഘട്ടത്തിലും ഈ വർഷം ജനുവരിയിൽ നടത്തിയ രണ്ടാം ഘട്ട പേവിഷ പ്രതിരോധ കുത്തിവെപ്പിലും 41 വാർഡുകളിൽ നിന്നുമായി 288 തെരുവുനാക്കളെ പിടികൂടി കുത്തിവെപ്പ് നടത്തി നടത്തിയതായി നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. ഒരു വർഷം പ്രതിരോധ ശക്തി നിലനിൽക്കുന്നതാണ് കുത്തിവെപ്പ് .
മൂന്നാം ഘട്ട കുത്തിവെപ്പിന് സീനിയർ വെറ്റിനറി സർജൻ സതീഷ് പി എൻ, ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ അമ്പിളി, മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജു, പ്രമോദ്, പ്രസാദ്, സൂരജ് എന്നിവർ തെരുവ് നായ്ക്കളുടെ കുത്തിവെപ്പിന് നേതൃത്വം നൽകി.