ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ “മഹാകവി കുമാരനാശാൻ സ്മൃതി” സംഘടിപ്പിക്കുന്നു. മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച കവി ശ്രേഷ്ഠരിൽ എന്തുകൊണ്ടും പ്രമുഖസ്ഥാനം അലങ്കരിക്കുന്ന സർഗ്ഗപ്രതിഭയായ മഹാകവി കുമാരനാശാന്‍റെ നൂറ്റിയമ്പതാം ജന്മദിനമാണ് 2023 ഏപ്രിൽ 12. ആശാന്റെ നൂറ്റിയമ്പതാം ജന്മദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് “മഹാകവി കുമാരനാശാൻ സ്മൃതി” എന്ന പേരിൽ ഒരു സർഗ്ഗവിചാരം ഒരുക്കുകയാണ്.
ഏപ്രിൽ 16, ഞായറാഴ്ച വൈകീട്ട് 5ന് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ നടക്കുന്ന സർഗ്ഗസായാഹ്നത്തിൽ പ്രസിദ്ധ സാഹിത്യകാരനായ പ്രൊഫസർ എസ് കെ വസന്തൻ സ്മൃതിപ്രഭാഷണം നടത്തും. റഷീദ് കാറളം ആമുഖ പ്രഭാഷണം നിർവ്വഹിക്കും.
തുടർന്ന് ആശാന്‍റെ പ്രസിദ്ധകാവ്യമായ ചിന്താവിഷ്ടയായ സീത, കഥകളിയായി അരങ്ങത്ത് അവതരിപ്പിക്കും. മുൻ കലാമണ്ഡലം പ്രിൻസിപ്പലും പ്രശസ്ത കഥകളി കലാകാരനുമായ കലാമണ്ഡലം രാജശേഖരനാണ് ഈ കഥകളി ചിട്ടപ്പെടുത്തി അരങ്ങത്ത് അവതരിപ്പിക്കുന്നത്. കലാമണ്ഡലം രാജശേഖരൻ സീതയായി വേഷമിടുന്നു. കലാമണ്ഡലം വിനോദും, കലാമണ്ഡലം യശ്വന്തും സംഗീതത്തിലും കലാമണ്ഡലം രാജനാരായണൻ മദ്ദളത്തിലും കലാമണ്ഡലം നിഥിൻ കൃഷ്ണ ചെണ്ടയിലും ഇടയ്ക്കയിലും പശ്ചാത്തലമേളമൊരുക്കും. നാരായണൻകുട്ടി അണിയറ സഹായിയാകും.
രാത്രി 7.30ന് പ്രശസ്ത കൂടിയാട്ടം കലാകാരി ഡോക്ടർ ഇന്ദു. ജി “ആശാൻ കവിതകളിലെ രംഗാവിഷ്ക്കാര സാധ്യതകൾ” എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും. രാത്രി 8ന് ആറങ്ങോട്ടുകര കലാപാഠശാല അവതരിപ്പിക്കുന്ന ‘പ്രണയായനം’ നാടകം അരങ്ങേറും. ആശാന്റെ കാവ്യലോകത്തെ വിവിധ കഥാപാത്രങ്ങളെ രംഗത്ത് അവതരിപ്പിക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.
ആശയം, നാടകാവിഷ്കാരം ശ്രീജ ആറങ്ങോട്ടുകരയും, സി എം നാരായണൻ സംവിധാനവും നിർവ്വഹിക്കുന്ന ഈ നാടകത്തിലെ കഥാപാത്രങ്ങളായി വേഷമിടുന്നത് രജിത, ശ്രീജ, അമ്മു, അനീഷ് എന്നിവരാണ്. പ്രസാദ് പൊന്നാനി സംഗീതവും, ജോസ് കോശി ദീപസംവിധാനവും നിർവ്വഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com