ഇരിങ്ങാലക്കുട : ആളു മാറി യുവാവിനെ കസ്റ്റഡിയിൽ എടുത്തു എന്ന് ആളൂർ പോലീസിനെതിരെ പ്രചരിക്കുന്ന ആരോപണം വാസ്തവിരുദ്ധമെന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സന്തോഷ്കുമാർ എം. യുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പോലീസിന്റെ വിശദീകരണം
2026 ജൂലൈ 28-ന് വൈകിട്ട് 3.15 മണിയോടെ പുല്ലൂർ വില്ലേജിലെ മഠത്തിക്കര സ്വദേശി ഇളംത്തോളി വീട്ടിൽ കിരൺ ബാബു (29), തറയിലക്കാട് സ്വദേശി തയ്യിൽ വീട്ടിൽ നികിൻ (31), പുല്ലൂർ ആനുരുളി സ്വദേശി കുന്നത്തുപറമ്പിൽ വീട്ടിൽ അബിറാം (27) എന്നിവർ കല്ലേറ്റുംകര മുസ്ലിം പള്ളിക്ക് സമീപമുള്ള വയനാടൻ ബിരിയാണി കടയിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന സമയം കടയിലേക്ക് എത്തിയ മൂന്ന് പേരിൽ ഒരാൾ നികിന്റെ ദേഹത്ത് തട്ടിയതിനെ തുടർന്ന് നികിൻ തിരിഞ്ഞുനോക്കുകയും, ഇതിന്റെ പേരിൽ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. തുടർന്ന് ഉണ്ടായ വൈരാഗ്യത്തിന്റെ ഭാഗമായി പ്രതികൾ നികിൻ, അബിറാം, കിരൺ ബാബു എന്നിവരെ അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, പ്രതികളിൽ ഒരാൾ നികിനെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചിട്ടുള്ളതുമാണ്.
സംഭവവിവരം ലഭിച്ച ഉടൻ ആളൂർ പോലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ, പരിക്കേറ്റവർ ബൈക്കിൽ ആശുപത്രിയിലേക്ക് പോയതായും പ്രതികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടതായും പോലീസിന് വിവരം ലഭിച്ചു. ബിരിയാണി കടയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൂന്ന് പേർ ഒരു ഭാഗത്തും മറ്റൊരു മൂന്ന് പേർ മറുഭാഗത്തുമായി നിന്നുകൊണ്ടാണ് തർക്കം ആരംഭിച്ചതെന്നും തുടർന്ന് കത്തിക്കുത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്നും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ ആളൂർ പോലീസ് സംഘം പ്രതികൾ രക്ഷപ്പെട്ട വഴിയിലൂടെ അന്വേഷണം ആരംഭിച്ചു.
ഇതിനിടെ ആളൂർ മാള വഴി ജംഗ്ഷന് സമീപം വെച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടതായും പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റിയതായും വിവരം ലഭിച്ചതിനെ തുടർന്ന് ആളൂർ പോലീസ് അവിടെ എത്തി. ആശുപത്രിയിൽ വെച്ച് ആംബുലൻസിൽ പരിക്കേറ്റവരോടൊപ്പം എത്തിയ കല്ലേറ്റുംകര സ്വദേശി വാഴക്കൻ വീട്ടിൽ പയസ് (19) എന്ന യുവാവിനോട് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സെന്റ് ജെയിംസ് ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിന്റെ മുൻവശത്ത് വെച്ച് ചില വിവരങ്ങൾ ആരാഞ്ഞിരുന്നു. പയസിനെ ആളൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടില്ലെന്നും വ്യക്തമാക്കുന്നു.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ മൂന്ന് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി പയസിനോട് ചില ചോദ്യങ്ങൾ ചോദിച്ചത്.
പിന്നീട് ഗുരുതരമായി പരിക്കേറ്റ നികിൻ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിഭാഗത്തിൽ ചികിത്സയിലായിരുന്നതിനാൽ മൊഴി നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. അതിനാൽ നികിനെ പരിചരിച്ചുകൊണ്ടിരുന്ന, സംഭവത്തിൽ വലത് കവിളിൽ കുത്തേറ്റ് പരിക്കേറ്റ കിരൺ ബാബുവിന്റെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ആ മൊഴിയിൽ കടയിലേക്ക് മൂന്ന് പേർ എത്തിയിരുന്നുവെന്നും, അവരിൽ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്നും വ്യക്തമായി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ആളൂർ പോലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
കേസിലെ പ്രതികളായ ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷ് (25), പോട്ട സ്വദേശി മേലപ്പുറം വീട്ടിൽ ബെഞ്ചമിൻ (24) എന്നിവർ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ബെഞ്ചമിൻ സെന്റ് ജെയിംസ് ആശുപത്രിയിലും സനീഷ് തൃശ്ശൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിയുകയാണ്. ഇവരെ കേസിലേക്ക് അറസ്റ്റ് ചെയ്യേണ്ടതിനാൽ പോലീസ് ആശുപത്രികളിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ളതുമാണ്.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായുള്ള ഫോട്ടോ വെരിഫിക്കേഷൻ നടപടികളെയാണ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്തയായി പ്രചരിപ്പിച്ചിരിക്കുന്നത്.
നിലവിൽ കേസിൽ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണം പുരോഗമിച്ചു വരികയാണ്, പയസ്സിന്റെ അമ്മയായ സരിത ആളൂര് പോലീസിനെതിരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ഇരിങ്ങാലക്കുട DySP അന്വേഷണം നടത്തി വരുന്നുമുണ്ട്.
സനീഷ് ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പോക്സോ കേസ്സിലും, പൊതുസ്ഥലത്ത് വെച്ച് മയക്ക് മരുന്ന് ഉപോയഗിച്ച കേസിലും പ്രതിയാണ്.
ബെഞ്ചമിൻ ആളൂർ, ചാലക്കുടി, അങ്കമാലി പോലീസ് സ്റ്റേഷൻ പരിധികളിലായി പൊതുസ്ഥലത്ത് വെച്ച് മയക്ക് മരുന്ന് ഉപോയഗിച്ച മൂന്ന് കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും ഏതെങ്കിലും കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി അറസ്റ്റ് ചെയ്ത് നീക്കിയ കേസിലും അടക്കം അഞ്ച് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




